തിരുവനന്തപുരം: പാർട്ടി നേതൃത്വത്തിനോട് ഇടഞ്ഞ വിമതരോട് വിട്ടുവീഴ്ച വേണ്ടെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. എന്നാൽ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കഴിഞ്ഞ ആഴ്ച കേന്ദ്ര നേതൃത്വത്തിനോട് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സംസ്ഥാന നേതൃത്വത്തിനോട് ഇടഞ്ഞു നില്‍ക്കുന്ന ശോഭാ സുരേന്ദ്രന്റേത് അവര്‍ ആഗ്രഹിക്കുന്ന പദവിക്ക് വേണ്ടിയാണെന്നും ശോഭയുടെ സമ്മര്‍ദതന്ത്രങ്ങള്‍ അവഗണിക്കാനുമാണ് നേതൃത്വത്തിന്റെ തീരുമാനം. ശോഭാ സുരേന്ദ്രന് പി.കെ കൃഷ്ണദാസ് പക്ഷത്തിന്റെ പിന്തുണയില്ലെന്നും അതുകൊണ്ട് നേതൃത്വത്തിനുള്ള തലവേദന കുറയുമെന്നുമാണ് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്. അതേസമയം നേരത്തെ പാര്‍ട്ടിയില്‍ ഒരു തരത്തിലുള്ള ഭിന്നതകളുമില്ലെന്നും അതെല്ലാം തന്നെ മാധ്യമങ്ങളുടെ സൃഷ്ടി മാത്രമാണെന്നുമായിരുന്നു കെ.സുരേന്ദ്രന്‍ പറഞ്ഞത്.
എന്നാൽ പി.എം വേലായുധന്‍ നടത്തുന്ന പരസ്യപ്രസ്താവനയും അവഗണിക്കാനാണ് തീരുമാനം. ശോഭയുടെ നിലപാടില്‍ ആര്‍.എസ്.എസിനും എതിര്‍പ്പുണ്ട്. നേരത്തെ ആര്‍.എസ്.എസ് സമവായ ചര്‍ച്ചകള്‍ക്ക് ശ്രമിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല. പാര്‍ട്ടി പ്രധാനപ്പെട്ടതായി കാണുന്ന തദ്ദേശതെരഞ്ഞെടുപ്പിന് അടുത്ത സമയത്ത് തന്നെ വെല്ലുവിളി ഉയര്‍ത്തുന്നവര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകട്ടെയെന്ന നിലപാടാണ് ദേശീയ നേതൃത്വത്തിനും ആര്‍.എസ്.എസിനും ഉള്ളതെന്നാണ് മുരളീധരന്‍ പക്ഷം അവകാശപ്പെടുന്നത്.
സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തിട്ടില്ലാത്തതിനാല്‍ യോഗത്തിന് പങ്കെടുക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലായിരുന്നു ശോഭാ സുരേന്ദ്രന്‍. കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായതിന് ശേഷം പാര്‍ട്ടിയുടെ ഔദ്യോഗിക പരിപാടികളില്‍ നിന്നും യോഗങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് ശോഭ. കൊച്ചിയില്‍ നടക്കുന്ന ബി.ജെ.പിയുടെ നേതൃയോഗം ശോഭാ സുരേന്ദ്രന്‍ ബഹിഷ്‌ക്കരിച്ചിരുന്നു. വ്യക്തിവിരോധം മൂലം കെ.സുരേന്ദ്രന്‍ തന്നെ ഒതുക്കിയെന്ന് ആരോപിച്ച് കേന്ദ്രനേതൃത്വത്തിന് കത്തെഴുതിയ ശോഭ സുരേന്ദ്രന്‍ പ്രശ്നപരിഹാരത്തിന് ഉടന്‍ കേന്ദ്ര ഇടപെല്‍ വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്.ശോഭാ സുരേന്ദ്രന് പുറമെ 23 നേതാക്കളും കേന്ദ്രനേതൃത്വത്തിനും ആര്‍.എസ്.എസിനും കെ.സുരേന്ദ്രനെതിരെ കത്തെഴുതിയിരുന്നു.
Post Your Comments