ഹൈദരാബാദ്: ഖുശ്ബുവിനു ശേഷം മറ്റൊരു പ്രമുഖ സിനിമ താരം കൂടി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്നും വഴിപിരിയുന്നു. ലേഡി ആക്ഷന്‍ ഹീറോ വിജയശാന്തിയാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറുന്നത്. അടുത്ത ദിവസം തന്നെ വിജയശാന്തി ഡല്‍ഹിയിലെത്തി അമിത് ഷായുടെ സാന്നിദ്ധ്യത്തില്‍ ബിജെപിയില്‍ അംഗമാകുമെന്നാണ് കരുതുന്നത്. ഇവര്‍ കുറച്ചുനാളുകളായി പാര്‍ട്ടിയില്‍ നിന്നും അകലം പാലിച്ചുവരികയായിരുന്നു.
തന്നെ ഒതുക്കാന്‍ ശ്രമിക്കുന്നതായി പരസ്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതോടെ ഒരാഴ്ചയ്ക്കുള്ളില്‍ പാര്‍ട്ടി വിടുന്ന പ്രമുഖരുടെ എണ്ണം മൂന്നായി ഉയരും. കഴിഞ്ഞ ദിവസം തെലുങ്കാനയിലെ മുതിര്‍ന്ന നേതാവും സോണിയ ഗാന്ധിയുടെ വിശ്വസ്തനും മുന്‍ കേന്ദ്ര മന്ത്രിയുമായ സാര്‍വേ സത്യനാരായണ പാര്‍ട്ടി വിട്ടിരുന്നു. വിജയശാന്തി 1997 ല്‍ ബിജെപിയിലൂടെയാണ് രാഷ്ട്രീയരംഗത്തേക്ക് ചുവട് വക്കുന്നത്. പാര്‍ട്ടി വനിതവിഭാഗം ജനറല്‍ സെക്രട്ടറി ആയി പ്രവര്‍ത്തിച്ചു.
1999 ലെ പൊതുതെരഞ്ഞെടുപ്പില്‍ കഡപ്പ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. അന്നത്തെ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന സോണിയ ഗാന്ധിയായിരുന്നു എതിരാളി. എന്നാല്‍ ഇവിടെ നിന്നും പിന്‍വാങ്ങിയ വിജയശാന്തി കര്‍ണാടകയിലെ ബെല്ലാരിയില്‍ മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തെലുങ്കാന സംസ്ഥാന വിഭജനത്തെച്ചൊല്ലിയുള്ള ഭിന്നതകളെ തുടര്‍ന്ന് 2005ലാണ് വിജയശാന്തി ബിജെപി വിട്ടത്. തുടര്‍ന്ന് ‘തല്ലി തെലുങ്കാന’ എന്ന പേരില്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ചു.
read also: അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയ് അന്തരിച്ചു
പിന്നീട് ഈ പാര്‍ട്ടി ടിആര്‍എസുമായി യോജിച്ചു. 2009 ലെ തെരഞ്ഞെടുപ്പില്‍ മേദക് മണ്ഡലത്തില്‍ നിന്നും വിജയശാന്തി ലോക്സഭയിലേക്കെത്തുകയും ചെയ്തു. അടുത്ത തെരഞ്ഞെടുപ്പിലും ഇതേ മണ്ഡലത്തില്‍ നിന്നും മത്സരിക്കാനുള്ള നീക്കത്തില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നും അതൃപ്തി ഉയര്‍ന്നു. ഇതോടെ ടിആര്‍എസുമായും ഭിന്നതയുണ്ടായി. പിന്നാലെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വിജയശാന്തിയെ പുറത്താക്കി. 2014 ല്‍ ഇവര്‍ കോണ്‍ഗ്രസിലെത്തി.
Post Your Comments