തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലില്‍ എത്തി നില്‍ക്കെ സര്‍ക്കാര്‍ പാസാക്കിയ പൊലീസ് നിയമഭേദഗതിയ്‌ക്കെതിരെ സിപിഎമ്മിനുള്ളിലും വ്യാപക പ്രതിഷേധം. സൈബര്‍ ലോകത്തെ അതിക്രമങ്ങള്‍ തടയാന്‍ ശക്തമായ നിയമങ്ങള്‍ ഇല്ല എന്ന് പറഞ്ഞുകൊണ്ട് സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് ആക്റ്റ് ഭേദഗതിക്കെതിരെയും വന്‍ വിമര്‍ശനമാണ് ഉയരുന്നത്. ലൈക്കടിച്ചതിന്റെയും ഷെയര്‍ ചെയ്തതിന്റെയും പേരില്‍ ആളുകള്‍ അകത്താവുന്ന അവസ്ഥയാണ് ഇനി ഉണ്ടാവുക എന്ന് പരക്കെ വിമര്‍ശനം ഇതേക്കുറിച്ച് ഉണ്ടായിട്ടുണ്ട്. സുപ്രീം കോടതി റദ്ദാക്കിയ 66 എ വകുപ്പിനേക്കാള്‍ ഭീകരമാണ് ഇതെന്നാണ് പൊതുവെയുള്ള വിമര്‍ശനം.
പൊലീസ് ആക്ടില്‍ 118 എ കൂട്ടിച്ചേര്‍ത്താണ് ഭേദഗതി വരുത്തിയിരിക്കുന്നത്. പുതിയ പൊലീസ് ആക്ട് പ്രകാരം ഇനി മുതല്‍ അധിക്ഷേപക്കേസില്‍ വാറന്റ് ഇല്ലാതെ പൊലീസിന് അറസ്റ്റ് ചെയ്യാനുള്ള അധികാരമാണ് കൈവന്നിരിക്കുന്നത്. സൈബര്‍ ഇടത്തിലോ മറ്റും ഏതെങ്കിലും വ്യക്തികളെ അപമാനിക്കുന്നതോ, അപകീര്‍ത്തിപ്പെടുത്തുന്നതോ ആയ പരാമര്‍ശങ്ങളോ, പ്രവൃത്തികളോ ഉണ്ടായാല്‍ കുറ്റക്കാരനായ വ്യക്തിക്ക് അഞ്ചുവര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് വകുപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
2000ലെ ഐടി ആക്ടില്‍ ഉള്‍പ്പെടുന്ന 66എ വകുപ്പും 2011ലെ കേരള പൊലീസ് ആക്ടിലെ 118 (ഡി) വകുപ്പും അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരാണ് എന്നു കണ്ട് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതിനു പകരം മറ്റു നിയമവ്യവസ്ഥകളൊന്നും കേന്ദ്രസര്‍ക്കാര്‍ ഇതുവരെയും കൊണ്ടുവന്നിട്ടില്ല. ഈ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങള്‍ വഴി നടക്കുന്ന കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി നേരിടാന്‍ പൊലീസിന് കഴിയാത്ത സാഹചര്യമുണ്ടെന്നും വ്യാഖ്യാനിച്ചാണ് പിണറായി സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നത്.
Post Your Comments