ലക്‌നൗ: യുപിയിൽ പട്ടാപ്പകല്‍ 35കാരിയായ അധ്യാപികയെ സഹപ്രവര്‍ത്തകന്‍ വെടിവെച്ചു കൊന്നു. ആരാധന റോയ്‌യാണ് സഹപ്രവര്‍ത്തകനായ അമിത് കൗശലിന്റെ വെടിയേറ്റ് മരിച്ചിരിക്കുന്നത്.
യുപി സീതാപൂര്‍ ജില്ലയില്‍ ശനിയാഴ്ച സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ പരിസരത്ത് വച്ചാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. അമിത് കൗശല്‍ രണ്ടുതവണയാണ് ആരാധന റോയ്ക്ക് നേരെ വെടിയുതിര്‍ത്തത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായി കഴിഞ്ഞില്ല. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ സഹപ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു.
കൗശലുമായി അധ്യാപിക അടുപ്പത്തിലായിരുന്നു. എന്നാല്‍ അടുത്തിടെ ഇവരുടെ ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായതായി പൊലീസ് പറയുന്നു. ഇതാകാം പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നത്.
കൗശലിനെതിരെ ആരാധന സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. സ്‌കൂള്‍ രജിസ്റ്ററില്‍ കാഷ്യല്‍ ലീവ് രേഖപ്പെടുത്തുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റത്തിലേര്‍പ്പെട്ടു. ഇതിനിടെ കുപിതനായ കൗശല്‍ ആരാധനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Post Your Comments