KeralaMollywoodLatest NewsNewsEntertainment

ജീവിച്ചിരുന്നപ്പോള്‍ എന്തുചെയ്തെന്നും മരിച്ചപ്പോള്‍ എന്ത് ചെയ്തെന്നും അക്കമിട്ടു പറയാനും ബോധ്യപ്പെടുത്താനും മനസില്ല; സനല്‍കുമാര്‍ ശശിധരന്‍

എങ്ങനെ പിന്നെ ഞാന്‍ ഇതുവരെ എത്തി എന്ന് ചോദിച്ചാല്‍ നടന്നു തേഞ്ഞുപോയ ചെരുപ്പുകളും മുറുകെ പിടിച്ച മുള്ളുകളുമാണ്‌ മറുപടി പറയേണ്ടത്.

അടുത്ത ബന്ധു സന്ധ്യയുടെ മരണത്തിനു പിന്നാലെ ആശുപത്രികള്‍ കേന്ദ്രീകരിച്ചുളള അവയവകച്ചവടത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കൊവിഡ് ബാധിതയായിരുന്ന തന്‍റെ അടുത്ത ബന്ധു സുഖം പ്രാപിച്ചെങ്കിലും പിന്നീട് പെട്ടെന്നുണ്ടായ മരണം സംശയാസ്പദമാണെന്നു ആവർത്തിച്ച സംവിധായകൻ സന്ധ്യയുടെ മരണത്തെക്കുറിച്ച്‌ സംസാരിക്കുമ്പോള്‍ എന്തുകൊണ്ട് ജീവിച്ചിരുന്നപ്പോള്‍ സഹായിച്ചില്ല എന്ന ചോദ്യങ്ങള്‍ ചോദിച്ചവർക്ക് മറുപടി നൽകുകയാണ് ഇപ്പോൾ. സിനിമാക്കാരെല്ലാം വായില്‍ വെള്ളിക്കരണ്ടിയുമായി പിറന്നവരാണെന്ന് മിഥ്യാബോധം കൊണ്ട് അല്‍പബുദ്ധികളായ ചിലര്‍ അങ്ങനെ പറയുന്നത് മനസിലാക്കാന്‍ കഴിയും. ജീവിച്ചിരുന്നപ്പോള്‍ എന്തുചെയ്തെന്നും മരിച്ചപ്പോള്‍ എന്ത് ചെയ്തെന്നും അക്കമിട്ടു പറയാനും ബോധ്യപ്പെടുത്താനും മനസുമില്ല’- എന്നും അദ്ദേഹം കുറിച്ചു

പോസ്റ്റ് പൂർണ്ണ രൂപം

തീരെ പരിതാപകരമായ കുടുംബപശ്ചാത്തലങ്ങളില്‍ നിന്നും വന്നവരാണ്‌ ഞങ്ങള്‍. എങ്ങനെ പിന്നെ ഞാന്‍ ഇതുവരെ എത്തി എന്ന് ചോദിച്ചാല്‍ നടന്നു തേഞ്ഞുപോയ ചെരുപ്പുകളും മുറുകെ പിടിച്ച മുള്ളുകളുമാണ്‌ മറുപടി പറയേണ്ടത്. സന്ധ്യയുടെ മരണത്തെക്കുറിച്ച്‌ സംസാരിക്കുമ്ബോള്‍ എന്തുകൊണ്ട് ജീവിച്ചിരുന്നപ്പോള്‍ സഹായിച്ചില്ല എന്ന ചോദ്യങ്ങള്‍ കാണുന്നുണ്ട്. സിനിമാക്കാരെല്ലാം വായില്‍ വെള്ളിക്കരണ്ടിയുമായി പിറന്നവരാണെന്ന് മിഥ്യാബോധം കൊണ്ട് അല്‍പബുദ്ധികളായ ചിലര്‍ അങ്ങനെ പറയുന്നത് മനസിലാക്കാന്‍ കഴിയും. ജീവിച്ചിരുന്നപ്പോള്‍ എന്തുചെയ്തെന്നും മരിച്ചപ്പോള്‍ എന്ത് ചെയ്തെന്നും അക്കമിട്ടു പറയാനും ബോധ്യപ്പെടുത്താനും മനസുമില്ല.

read also:മതമൗലിക വാദത്തിന് അന്ത്യം കുറിക്കാനുള്ള നടപടികൾ കടുപ്പിച്ച് ഇമ്മാനുവൽ മാക്രോൺ ; മുസ്ലീം മത നേതാക്കൾക്ക് അന്ത്യശാസനം

മരിച്ചവളുടെ ബന്ധുക്കള്‍ക്ക് പ്രശ്നമില്ലെങ്കില്‍ പിന്നെ നിങ്ങള്‍ക്കെന്ത് എന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നു. ആ ചോദ്യം ചോദിച്ചവരില്‍ നിങ്ങളാരെങ്കിലും ഉണ്ടെങ്കില്‍ സുഹൃത്തേ, നിങ്ങള്‍ തിരുത്താന്‍ സമയമായിട്ടുണ്ട് എന്ന് മനസിലാക്കണം. ബന്ധുക്കളില്ലാത്തവരെയും ചോദിക്കാന്‍ ആരുമില്ലാത്തവരെയുമാണ്‌ പണവും സ്വാധീനവും അധികാരവും ആവോളമുള്ളവര്‍ എന്നും ലക്ഷ്യമിടുന്നത്. ചോദിക്കാന്‍ വരുന്ന ബന്ധുക്കളെ എങ്ങനെ കാണേണ്ട രീതിയില്‍ കാണണമെന്നും അവര്‍ക്കറിയാം. അതിനു പണമെങ്കില്‍ പണം ഭീഷണിയെങ്കില്‍ ഭീഷണി.

സന്ധ്യയുടെ ജീവിതത്തില്‍ നടന്ന ദൌര്‍ഭാഗ്യകരമായ ഒരു സംഭവമാണ്‌ അവളുടെ മരണം വരെ ഞാന്‍ അറിയാതെ പോയിരുന്ന അവയവക്കച്ചവടം. അവള്‍ സ്വന്തം ഇഷ്ടപ്രകാരം കൊടുത്തെങ്കില്‍ പിന്നെ നിങ്ങള്‍ക്ക് എന്ത്? എന്ന് ചോദിക്കുന്നവരില്‍ സുഹൃത്തായ ഒരു പത്രപ്രവര്‍ത്തകനും കവിയുമുണ്ട് എന്നത് എന്നെ കൂടുതല്‍ അമ്ബരപ്പിച്ചു. തനിക്ക് സങ്കല്‍പിക്കാന്‍ കഴിയാത്ത അളവിലുള്ള ഒരു തുക പറഞ്ഞുകേള്‍ക്കുമ്ബോള്‍ വരും വരായ്കകള്‍ ചിന്തിക്കാതെ കരളെങ്കില്‍ കരള്‍ വൃക്കയെങ്കില്‍ വൃക്ക എന്ന് എടുത്തു ചാടുന്ന പാവം പിടിച്ച മനുഷ്യരുടെ പ്രതിനിധിയായിരുന്നു അവള്‍.

ഉള്ളവന്‌ വിലയില്ലാത്തതും ഇല്ലാത്തവന്‌ സങ്കല്‍പാതീതമായ വിലയുള്ളതുമായ വസ്തുവാണ്‌ പണം. പണം കൊടുത്ത് ബ്രോയിലര്‍ ചിക്കന്‍റെ കരളും കാലിന്‍റെ കഷണവും വാങ്ങുന്നപോലെ പണമില്ലാത്തവന്‍റെ കിഡ്‍നിയും ലിവറുമൊക്കെ വാങ്ങാന്‍ പണമുള്ളവര്‍ക്ക് ഒരു പ്രയാസവുമില്ല. ഈ ചൂഷണം തടയുന്നതിനാണ്‌ നമ്മുടെ നാട്ടില്‍ അവയവ കൈമാറ്റം ശക്തമായ നിയമം കൊണ്ട് നിയന്ത്രിച്ചിരിക്കുന്നത്. പണം കാണിച്ച്‌ പ്രലോഭിപ്പിച്ചോ മറ്റേതെങ്കിലും രീതിയില്‍ വഞ്ചിച്ചോ ഇങ്ങനെയൊരു തീരുമാനത്തിലേക്ക് കൃത്യമായ ധാരണയില്ലാതെ ആളുകളെ ചാടിക്കാതിരിക്കാനാണത്. അതിലൊന്നാണ്‌ അവയവ ദാനം ചെയ്യാന്‍ തയ്യാറെന്ന് മുന്നോട്ട് വരുന്ന ആളുകളുടെ സ്ഥലത്തെ പോലീസ് സ്റ്റേഷന്‍ മുഖാന്തിരം കൃത്യമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് കൊടുത്തിരിക്കണം എന്നുള്ള വ്യവസ്ഥ. സന്ധ്യയുടെ കാര്യത്തില്‍ അത്തരം ഒരു അന്വേഷണം അട്ടിമറിക്കപ്പെട്ടു എന്നതാണ്‌ ഏറ്റവും ആദ്യത്തെ ക്രമക്കേട്. സ്ത്രീകളാണ്‌ ദാതാവ് എങ്കില്‍ അക്കാര്യത്തില്‍ കൂടുതല്‍ കഠിനമാണ്‌ നിയമം. പക്ഷേ ചോദിക്കാന്‍ ആരുമില്ലാത്തവരുടെ കാര്യത്തില്‍ എത്ര കഠിനമായ നിയമവും വളയും.

ഇന്ന് സുഹൃത്തായ Niranjan TG യുടെ ഒരു പോസ്റ്റ് വായിച്ചു കരള്‍ മാറ്റ ശസ്ത്രക്രിയ കാത്തുകിടന്നിരുന്ന തന്‍റെ ഉറ്റ സുഹൃത്ത് മാനസ മോഹന്‍റെ മരണവും സ്വന്തം ഇഷ്ടപ്രകാരം കരള്‍ പകുത്തുകൊടുത്ത സന്ധ്യയുടെ മരണവും കൂട്ടിച്ചേര്‍ത്ത് വെച്ചുകൊണ്ടാണ്‌ ആ പോസ്റ്റ്. എങ്ങനെയാണ്‌ നമ്മുടെ നാട്ടിലെ നിരാലംബരായ സ്ത്രീകള്‍ക്ക്, അശരണര്‍ക്ക് സ്വന്തം ഇഷ്ടമുണ്ടാകുന്നത്? കന്നുകാലികള്‍ക്ക് സ്വന്തം പാലും ഇറച്ചിയും എന്ത് ചെയ്യണമെന്ന് സ്വന്തം ഇഷ്ടം ഉണ്ടാകുന്നതിനെക്കാള്‍ കഷ്ടമാണ് പാവങ്ങളുടെ അവസ്ഥ. ഈ അവസ്ഥ അറിയാവുന്നതുകൊണ്ടാണ്‌ പഴുതുകളില്ലാത്ത നിയമം ഉണ്ടാക്കാനുള്ള ശ്രമങ്ങളുണ്ടാവുന്നത്. എന്നാല്‍ പണത്തിനു മുകളില്‍ പരുന്തും പറക്കാത്ത നാട്ടില്‍ റിപ്പോര്‍ട്ടുകള്‍ മുങ്ങും.

പാവങ്ങളുടെ കരളും കിഡ്നിയും പാന്‍ക്രിയാസുമൊക്കെ ഇറച്ചിക്കഷണങ്ങള്‍ പോലെ പണമുള്ളവര്‍ കൈക്കലാക്കും. അത് മഹത്തായ അവയവ ദാനമെന്ന് വാഴ്ത്തപ്പെടും. സ്വന്തം ഇഷ്ടപ്രകാരം എന്ന് പറയുന്നതിനുമുന്‍പ് പണത്തോടുള്ള നിവൃത്തികേടുകൊണ്ടുള്ള ഇഷ്ടമല്ല എന്ന് ഉറപ്പാക്കേണ്ടതുണ്ട്. അതല്ലെങ്കില്‍ അവള്‍ പണം വാങ്ങി വിറ്റാല്‍ നിനക്കതിലെന്ത് എന്ന വരട്ട് ചോദ്യമുണ്ടാകും. (നിരഞ്ജന്‍ അങ്ങനെ ചോദിച്ചു എന്നല്ല. എന്റെ ഇതുമായി ബന്ധപ്പെട്ട മറ്റു പോസ്റ്റുകളില്‍ വന്ന കമെന്റുകള്‍ ആണ് വിവക്ഷ)

എന്‍റെ അന്വേഷണങ്ങളില്‍ നിന്ന് മനസിലാകുന്നത് സന്ധ്യ കരള്‍ കൊടുത്തയാള്‍ മൂന്നു മാസത്തിനുള്ളില്‍ മരിച്ചെന്നാണ്‌. ‌പ്രത്യക്ഷമോ പരോക്ഷമോ ആയ കാരണങ്ങളാല്‍ രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം അവളും മരിച്ചു. അപ്പോള്‍ ഈ കൈമാറ്റം കൊണ്ട് തടിച്ചു കൊഴുത്തത് ആരാണെന്ന് ഞാന്‍ പറയാതെ നിങ്ങള്‍ക്ക് മനസിലാവുമല്ലോ. അവര്‍ക്ക് സമൂഹത്തിന്‍റെ പൊതുബോധത്തെയും പൊലീസിനേയും ആരോഗ്യരക്ഷാ സംവിധാനങ്ങളെയും നിയമത്തെപ്പോലും വിലയ്ക്ക് വാങ്ങാന്‍ കഴിയും. എനിക്കിപ്പോള്‍ മനസിലാകുന്നത് ഞാന്‍ നില്‍ക്കുന്നത് ഇരുട്ടു വായ് പിളര്‍ന്ന പോലെ ഒരു വലിയ ഗുഹാ മുഖത്താണ്‌ എന്നാണ്‌. ഉള്ളിലേക്ക് കയറിയാല്‍ തിരിച്ചിറങ്ങാന്‍ ആവുമോ എന്ന് തന്നെ അറിയില്ല.. കയറാന്‍ കാലു തരിച്ചാലും വേണ്ട എന്ന് എന്നെ ആശ്രയിച്ച്‌ ജീവിക്കുന്നവര്‍ തിരികെ വിളിക്കുന്നു.

ഒന്നു ഞാന്‍ പറയാം. നാം വലിയ അപകടത്തിലേക്ക് പോവുകയാണ്‌. തിരിച്ചുവരാന്‍ കഴിയാത്ത രീതിയില്‍ നമ്മുടെ മൌനം നമ്മെ ആ ഇരുട്ടു നിറഞ്ഞ ഗുഹയിലേക്ക് ഇന്നല്ലെങ്കില്‍ നാളെ കൊണ്ടുചെന്ന് തള്ളും. ഈ കേസെന്നല്ല ഇതുമായി ബന്ധപ്പെട്ട ഒരു കേസും തെളിയുമെന്ന് എനിക്ക് ഒരു തോന്നലുമില്ല. അവയവദാനം എന്ന മഹത്തായ കര്‍മത്തെ അട്ടിമറിക്കാനുള്ള ശ്രമമായി കേസുകള്‍ തെളിയിക്കാനുള്ള ശ്രമങ്ങളെപ്പോലും ഒതുക്കിത്തീര്‍ക്കാന്‍ അതിനു കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button