Latest NewsKeralaNews

“ഡോ. തോമസ് ഐസക്ക്, താങ്കൾ ഒരു പരാജയമല്ല…ഒരു ജനതയുടെ ശാപമാണ്” ; മുന്‍ എ.ജി ജെയിംസ് കെ ജോസഫിന്റെ കുറിപ്പ് വൈറൽ ആകുന്നു

“ഒരു സംസ്ഥാന സർക്കാറിന് വരുമാനത്തിന് ആനുപാതികമായി മാത്രമേ കടമെടുക്കാൻ കഴിയൂ. കേരളത്തിൽ വരുമാനം കൂടുന്നില്ല എന്ന് മാത്രമല്ല ലഭിക്കുന്ന വരുമാനം തികയാതെ കടം വാങ്ങിയാണ് ദൈനംദിന ചിലവ് കണ്ടെത്തുന്നത്. അതോടെ ബഡ്ജറ്റിൽ പ്രഖ്യാപിക്കപ്പെട്ട പദ്ധതികൾക്ക് പണമില്ല.ഇതിന് തോമസ് ഐസക്കിൻ്റെ ബുദ്ധിയിൽ ഉദിച്ചതാണ് കിഫ്ബി”,മുൻ എ ജി ജെയിംസ് കെ ജോസഫ് പറഞ്ഞു.

Read Also : “നെഹ്‌റു കുടുംബം പാർട്ടിയെ നശിപ്പിച്ചു” ; മഹിള കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പാർട്ടി വിട്ടു

“വികസന പ്രവർത്തനത്തിന് സർക്കാറിന് പുറത്ത് ഒരു കമ്പനി. ഈ കമ്പനിയ്ക്ക് സർക്കാർ ഗാരണ്ടിയിൽ പുറത്ത് നിന്ന് കടം എടുക്കാമെന്നതായിരുന്നു സ്വപ്നം. പക്ഷേ സംസ്ഥാന സർക്കാർ തന്നെ പാപ്പരായിക്കഴിഞ്ഞുവെന്ന് ബോദ്ധ്യമായ ധനകാര്യ സ്ഥാപനങ്ങൾ സർക്കാർ ജാമ്യത്തിൽ വായ്പ നൽകാൻ തയ്യാറാവുന്നില്ല.കിഫ്ബിക്ക് സ്വന്തമായി ആസ്തിയുമില്ല.അതോടെ വായ്പയെന്ന സ്വപ്നം പൊലിഞ്ഞു.പണികൾ ഒച്ചിൻ്റെ വേഗതയിലേക്ക് മാറി.ആരാൻ്റെ കയ്യിലെ പണം കണ്ടുണ്ടാക്കിയ സ്വപ്നം ഒരു മായ മാത്രമായി ക്കഴിഞ്ഞു. ഫലം 52636 രൂപ കോടി കടം കുടിശ്ശികയായി”,ജെയിംസ് കെ ജോസഫ് കൂട്ടിച്ചേർത്തു.

കുറിപ്പിന്റെ പൂർണ്ണരൂപം കാണാം :

ഡോ. തോമസ് ഐസക്ക്, താങ്കൾ ഒരു പരാജയമല്ല…
ഒരു ജനതയുടെ ശാപമാണ്.

നിങ്ങൾക്ക് നാളെയും ഇവിടെ ജീവിക്കണമെങ്കിൽ തീർച്ചയായും ഇത് വായിക്കണം.
രാഷ്ട്രീയ പാർട്ടികൾക്ക് പണയം വെച്ച നിങ്ങളുടെ തലച്ചോറിലെ പൊടി തട്ടി, കണ്ണിലെ രാഷ്ട്രീയതിമിരം തുടച്ച് നീക്കി ഒരു നിമിഷം ദി പീപ്പിൾ പറയുന്നത് ശ്രദ്ധിക്കൂ….
ഇത് ഞങ്ങൾക്ക് വേണ്ടിയല്ല.
നിങ്ങളും നിങ്ങളുടെ കുടുംബവും കൂട്ട ആത്മഹത്യയിലേക്ക് പോകാതിരിക്കാൻ വേണ്ടിയാണ്.
നമ്മൾ എല്ലാവരും ഒരു എലിപ്പെട്ടിയിൽ അകപ്പെട്ടിരിക്കുകയാണ്. ഇതിൽ നിന്നുള്ള മോചനം സാദ്ധ്യമാണോ എന്ന് നിങ്ങൾ ചിന്തിക്കുക.

കഴിഞ്ഞ ദിവസം 4 കോടി രൂപ മുടക്കി കേരളത്തിലെ പ്രമുഖ പത്രങ്ങളിലെ
4 പേജിൽ വന്ന പരസ്യം നിങ്ങൾ കണ്ടിരിക്കും.
കിഫ്ബി വഴിയുള്ള വികസനം.
ഇതിൻ്റെ സത്യാവസ്ഥ ജനം അറിയണം.
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം 57000 കോടി രൂപയുടെ 730 പദ്ധതികൾക്ക് കിഫ്ബി വഴി അംഗീകാരം നൽകിയെന്നും സ്ക്കൂളുകൾ ഹൈ-ടെക് ആക്കിയെന്നും റോഡുകളും പാലങ്ങളുമെല്ലാം പണിനടക്കുന്നുവെന്നതും ശരിയാണ്.

എന്നാൽ ഈ പണികൾ സൗജന്യമായാണോ നടത്തുന്നത് ? അല്ല….
പിന്നെ എവിടെ നിന്നാണ് പണം ?
അതിന് മാത്രം ഉത്തരമില്ല.

അതാണ് നിങ്ങൾ എലിപ്പെട്ടിയിൽ അകപ്പെട്ട എലിയുടെ അവസ്ഥയിലാണെന്ന് പറഞ്ഞത്.
57000 കോടി രൂപയുടെ പണികൾക്ക് കരാർ നൽകിയപ്പോൾ ആകെ നൽകിയ പണം 4364 കോടി രൂപ മാത്രമാണ്.
അതായത് 52636 കോടി രൂപ കരാറുകാർക്ക് കുടിശ്ശികയായിക്കഴിഞ്ഞു.

കിഫ്ബിക്ക് ഇതുവരെ കിട്ടിയത്.
പെട്രോളിയം സെസ്സ് :
1921 കോടി രൂപ.
മോട്ടോർ വെഹിക്കിൾ സെസ്സ്: 3651 കോടി രൂപ.
സർക്കാർ ഗ്രാൻ്റ് :
1624 കോടി രൂപ.
വായ്പകൾ: 2003 കോടി രൂപ.
മസാല ബോണ്ട്:
2231 കോടി രൂപ.
ആകെ കിട്ടിയത് :
11433 കോടി രൂപ.

വിവിധ ബാങ്കുകളിൽ നിന്ന് വാങ്ങിച്ച 2003 കോടി രൂപയുടെ തിരിച്ചടവ് 2019ൽ ആരംഭിച്ചു.
ഇനി മസാല ബോണ്ട്
2231 കോടി രൂപ, 2024ൽ തിരിച്ചടവ് തുടങ്ങണം. അതായത് അടുത്ത വർഷം മുതൽ സെസ്സ് ഇനത്തിൽ കിട്ടുന്ന തുക മുഴുവനും വായ്പ തിരിച്ചടവിലേക്ക് പോകും. പിന്നെ എവിടെ നിന്ന് പണം വരും ?

52636 കോടി രൂപ എവിടെ നിന്ന് കണ്ടെത്തും ?
ആര് കണ്ടെത്തും ?

ഇതിൻ്റെ ഉത്തരം കണ്ടെത്താൻ ഡോക്റ്ററേറ്റ് എടുക്കേണ്ടതില്ല. സാമ്പത്തിക ശാസ്ത്രജ്ഞനാവുകയും വേണ്ട. അരി ഭക്ഷണം കഴിക്കുന്ന ആർക്കും ബോദ്ധ്യമാവും.

ഒരു സംസ്ഥാന സർക്കാറിന് വരുമാനത്തിന് ആനുപാതികമായി മാത്രമേ കടമെടുക്കാൻ കഴിയൂ.
കേരളത്തിൽ വരുമാനം കൂടുന്നില്ല എന്ന് മാത്രമല്ല ലഭിക്കുന്ന വരുമാനം തികയാതെ കടം വാങ്ങിയാണ് ദൈനംദിന ചിലവ് കണ്ടെത്തുന്നത്.
അതോടെ ബഡ്ജറ്റിൽ പ്രഖ്യാപിക്കപ്പെട്ട പദ്ധതികൾക്ക് പണമില്ല.

ഇതിന് തോമസ് ഐസക്കിൻ്റെ ബുദ്ധിയിൽ ഉദിച്ചതാണ് കിഫ്ബി.

വികസന പ്രവർത്തനത്തിന് സർക്കാറിന് പുറത്ത് ഒരു കമ്പനി.
ഈ കമ്പനിയ്ക്ക് സർക്കാർ ഗാരണ്ടിയിൽ പുറത്ത് നിന്ന് കടം എടുക്കാമെന്നതായിരുന്നു സ്വപ്നം.
പക്ഷേ സംസ്ഥാന സർക്കാർ തന്നെ പാപ്പരായിക്കഴിഞ്ഞുവെന്ന് ബോദ്ധ്യമായ ധനകാര്യ സ്ഥാപനങ്ങൾ സർക്കാർ ജാമ്യത്തിൽ വായ്പ നൽകാൻ തയ്യാറാവുന്നില്ല.
കിഫ്ബിക്ക് സ്വന്തമായി ആസ്തിയുമില്ല.
അതോടെ വായ്പയെന്ന സ്വപ്നം പൊലിഞ്ഞു.
പണികൾ ഒച്ചിൻ്റെ വേഗതയിലേക്ക് മാറി.
ആരാൻ്റെ കയ്യിലെ പണം കണ്ടുണ്ടാക്കിയ സ്വപ്നം ഒരു മായ മാത്രമായി ക്കഴിഞ്ഞു.
ഫലം 52636 രൂപ കോടി കടം കുടിശ്ശികയായി.
നിലവിൽ 264385 രൂപ കോടി കടമുള്ള സർക്കാർ വരുത്തിവെച്ച ഈ ബാദ്ധ്യത കൊറോണ പ്രതിസന്ധിയ്ക്കിടയിൽ തീർക്കണമെങ്കിൽ ജനങ്ങളുടെ കിഡ്നി വിൽക്കേണ്ടി വരും.
ഒരു ഭാഗത്ത് ജനം സാമ്പത്തിക പ്രതിസന്ധിയിൽ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരിക്കുമ്പോഴാണ് ദീർഘവീക്ഷണമില്ലാത്ത പദ്ധതികൾ വഴി ഉണ്ടാക്കുന്ന ഇത്തരം ബാദ്ധ്യതകൾ.
ഇനി ഏത് സർക്കാർ വന്നാലും ട്രഷറികൾ തുറക്കാൻ കഴിയില്ല.
എല്ലാം കാലിയാക്കി !!

ഇനി സർക്കാറിന് 6 മാസം കൂടി മാത്രമേയുള്ളൂ.
തുടർ ഭരണമെന്ന് ജനത്തോട് പറയുമ്പോൾ തന്നെ അടുത്ത 5 വർഷം ഭരിക്കാൻ കഴിയില്ലായെന്ന് വ്യക്തമായ നിങ്ങൾ ഈ ബാദ്ധ്യതയും ശമ്പള വർദ്ധനവിൻ്റെ ബാദ്ധ്യതയുമടക്കം എല്ലാം അടുത്ത സർക്കാറിൻ്റെ തലയിൽ മറച്ച് പ്രതിപക്ഷത്തിരുന്ന് സമരങ്ങളുടെ പരമ്പര തീർത്ത് പാർട്ടിയെ ശക്തിപ്പെടുത്തലാണ് ലക്ഷ്യമെന്നത് പരസ്യമായ രഹസ്യമാണ്.

വരുമാനമുണ്ടാക്കാതെ കടം വാങ്ങി ചിലവ് നടത്തുന്ന നിങ്ങളുടെ സാമ്പത്തിക ശാസ്ത്രം കൊടും ചതിയാണ്. വഞ്ചനയാണ്.
ഒരു തലമുറയോട് ചെയ്യുന്ന മഹാപാതകമാണ്.

4 വർഷം കൊണ്ടാണ് താങ്കൾ സംസ്ഥാനത്തിൻ്റെ പൊതുകടം ഇരട്ടിയാക്കിയത് !!
ഇത് താങ്കളുടെ പൂർവ്വികരോ ഇന്ത്യയിലെ മറ്റേതെങ്കിലും ധനകാര്യ മന്ത്രിയോ ചെയ്യാത്ത കടുംകൈ പ്രയോഗമാണ്.
കടുംവെട്ടാണ്.
അടുത്ത സർക്കാറിൻ്റെ കാലത്ത് സംസ്ഥാനത്തെ ശവപ്പറമ്പാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള അങ്ങയുടെ ബുദ്ധി മനുഷ്യസഹജമല്ല.
ക്രൂരതയാണ്.
അറിവില്ലാത്ത ജനത്തിന് ഇതറിയില്ല.
പക്ഷേ ഒരു പ്രകൃതി നിയമമുണ്ട്.
അത് മാത്രം താങ്കൾ ഓർക്കുക.

James K. Joseph
Former AG, Kerala.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button