തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി മുൻ ധനമന്ത്രി തോമസ് ഐസക്ക്. കേരളജനതയ്ക്ക് അങ്ങയോടുള്ള പ്രീതി എന്നേ നഷ്ടപ്പെട്ടു കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ഈ നാടിന്റെയാകെ അനിഷ്ടം വേണ്ടുവോളം സമ്പാദിച്ചു കഴിഞ്ഞ അങ്ങ് എത്രയും വേഗം രാജിവെച്ച് മുഴുവൻ സമയ സംഘപരിവാർ പ്രവർത്തകനാകണമെന്ന് തോമസ് ഐസക്ക് പരിഹസിച്ചു.
Read Also: കുണ്ടന്നൂരിലെ ബാറിൽ വെടിവെപ്പ് : പൊലീസ് അന്വേഷണം ആരംഭിച്ചു
അവരെ പ്രീതിപ്പെടുത്താനാണല്ലോ അങ്ങ് ഈ സർക്കസുകളെല്ലാം കാണിക്കുന്നത്. അതിന് ഈ പദവി ഇങ്ങനെ ദുരുപയോഗം ചെയ്യരുത്. ഗവർണർ ഈ നാടിനെയും ജനതയെയും കണക്കറ്റ് അധിക്ഷേപിക്കുകയാണ്. ജനാധിപത്യ സംസ്‌ക്കാരത്തിന്റെ ഏറ്റവും ഉയർന്ന തലത്തിൽ നിൽക്കുന്നതു കൊണ്ടാണ് ഈ നാട് അങ്ങയോട് ക്ഷമിക്കുന്നത്. ഓരോ ദിവസവും പരിഹാസ്യതയുടെ പുതിയ ആഴങ്ങളിലേയ്ക്കാണ് അങ്ങ് വീഴുന്നത്. ധനമന്ത്രി ബാലഗോപാലിലുള്ള പ്രീതി നഷ്ടപ്പെട്ടു എന്നറിയിച്ചുകൊണ്ട് മുഖ്യമന്ത്രിയ്ക്ക് നൽകിയ കത്ത് വായിച്ചപ്പോൾ ചിരിയാണ് വന്നത്. ബാലഗോപാലിന്റേത് രാജ്യദ്രോഹപരമായ പരാമർശങ്ങളാണ് എന്നാണ് താങ്കൾ വ്യാഖ്യാനിക്കുന്നതെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.
യുപിയെക്കാൾ മികച്ച സംസ്ഥാനമാണ് കേരളം എന്നു പറഞ്ഞാൽ രാജ്യദ്രോഹമാകുമോയെന്നും അദ്ദേഹം ചോദിക്കുന്നു. കഴിഞ്ഞ യുപി തിരഞ്ഞെടുപ്പുകാലത്താണല്ലോ, യോഗി ആദിത്യനാഥ് കേരളത്തെ അവഹേളിക്കുന്ന പ്രസ്താവന നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഭരണപ്രതിപക്ഷ ഭേദമെന്യേ എല്ലാവരും യോഗി ആദിത്യനാഥിന്റെ പരാമർശങ്ങളെ വിമർശിച്ചു. അപ്പോഴൊന്നും കേരള ഗവർണറെ ആരും കണ്ടില്ലല്ലോ. കേരളം യുപിയേക്കാൾ മികച്ച സംസ്ഥാനമാണ്. ആ മികവ് യുപിയിലുള്ള ചിലർക്ക് മനസിലാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരം തരംതാണ പരാമർശങ്ങൾമൂലം സ്വയം അപഹാസ്യനാവുകയാണ് എന്ന് തിരിച്ചറിയാനുള്ള വിവേക ബുദ്ധി എന്നേ ഗവർണർക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു. കേരളം ലഹരിയുടെ തലസ്ഥാനമാണ് എന്നാണ് കേരളത്തിന്റെ ഗവർണറുടെ ആക്ഷേപം. പത്രസമ്മേളനത്തിലാണ് ഈ അസംബന്ധം അദ്ദേഹം വിളിച്ചു പറഞ്ഞത്. എന്തു വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ആക്ഷേപം ഗവർണർ നടത്തിയത്. തന്റെ വാദം സാധൂകരിക്കാൻ അദ്ദേഹത്തിന്റെ കൈവശം എന്തെങ്കിലും വിവരങ്ങളുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
Read Also: വയനാട് കടുവാ ആക്രമണം: പ്രത്യേക സംഘം മുഖ്യമന്ത്രിയെ സന്ദർശിച്ചു
Post Your Comments