ലോസ്ആഞ്ചലസ് : മൂന്ന് പതിറ്റാണ്ട് മുമ്പ് ആരുമറിയാതെ ഭാര്യയെ കൊലപ്പെടുത്തി, അവര്‍ മറ്റൊരു സ്ഥലത്ത് ജീവിച്ചിരിപ്പുണ്ടെന്ന് വരുത്തി തീര്‍ത്തു .
വര്‍ഷങ്ങള്‍ക്കിപ്പുറം സത്യം പുറത്തുവന്നത് മറ്റൊരു കൊലപാതകത്തിലൂടെ, സിനിമയെ വെല്ലുന്ന അന്വേഷണം. 2009ല്‍ കാമുകിയെ കൊന്ന് കുഴിച്ചുമൂടിയ കുറ്റത്തിന് ജയില്‍ ശിക്ഷ അനുഭവിക്കുമ്പോഴാണ് മൂന്ന് പതിറ്റാണ്ട് മുമ്പ് സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയിതായി കണ്ടെത്തിയത്. 55 കാരനായ ജോസ് റോഡ്രിഗസ് ക്രൂസ് എന്നയാളാണ് ഇരട്ട കൊലപാതകത്തിന് പിന്നില്‍. രണ്ടു കൊലകളും താന്‍ തന്നെയാണ് ചെയ്തതെന്ന് കഴിഞ്ഞ ദിവസം ഇയാള്‍ വിര്‍ജീനിയയിസെ സ്റ്റാഫോര്‍ഡിലെ കോടതിമുറിയില്‍ സമ്മതിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് സംഭവബഹുലമായ കേസിന്റെ ചുരുളഴിയുന്നത്.
1989ല്‍ അലര്‍ലിംഗ്ടണ്‍ കൗണ്ടിയില്‍ നിന്നും തന്റെ ഭാര്യ മാര്‍ത്തയുടെ തിരോധാനത്തിന് ഏകദേശം ഒരു പതിറ്റാണ്ടിന് ശേഷം ജോസ് റോഡ്രിഗസ് ക്രൂസ് വാഷിംഗ്ടണ്‍ സ്വദേശിനിയായ പമേല ബട്ലറുമായി പ്രണയത്തിലാവുകയായിരുന്നു. എന്‍വയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ ഏജന്‍സിയിലെ കമ്പ്യൂട്ടര്‍ സ്‌പെഷ്യലിസ്റ്റ് ആയിരുന്ന 47കാരിയായ പമേല 2009 ഫെബ്രുവരിയില്‍ ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷയായി.
ഒരു സബ്സ്റ്റന്‍സ് അബ്യൂസ് ക്ലിനിക്കിലെ ക്ലാര്‍ക് ആയിരുന്ന റോഡ്രിഗസ് ക്രൂസിനെ 2017ല്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പമേലയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ റോഡ്രിഗസിനെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. പമേലയെ താന്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് റോഡ്രിഗസിന് കോടതിയില്‍ സമ്മതിക്കേണ്ടി വന്നു.
റോഡ്രിഗസുമായുള്ള ബന്ധത്തില്‍ നിന്നും പിന്മാറാനൊരുങ്ങവെയാണ് പമേല അപ്രത്യക്ഷയായതെന്ന് അവരുടെ കുടുംബം മൊഴി നല്‍കിയിരുന്നു. കോടതിയില്‍ കുറ്റം ഏറ്റുപറഞ്ഞ റോഡ്രിഗസിന് 12 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. പമേലയുടെ മൃതദേഹം താന്‍ എവിടെയാണ് ഒളിപ്പിച്ചതെന്ന് റോഡ്രിഗസ് പൊലീസുകാര്‍ക്ക് കാട്ടിക്കൊടുക്കുകയും ചെയ്തു. എന്നാല്‍ റോഡ്രിഗസ് പമേലയുടെ മൃതദേഹം കുഴിച്ചിട്ട് സ്റ്റാഫോര്‍ഡിലെ ഹൈവേയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് അന്നേരം ചില കണ്‍സ്ട്രക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയായിരുന്നു. ഇതിനിടെ പമേലയുടെ ശരീരാവശിഷ്ടങ്ങള്‍ അവിടെ നിന്നും കണ്ടെത്താനായില്ല.
പമേലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ തിരയുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മറ്റൊരു കാര്യം ഓര്‍മ വന്നത്. പമേല കൊല്ലപ്പെടുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് 1991ല്‍ ഒരു അജ്ഞാത മൃതദേഹാവശിഷ്ടങ്ങള്‍ ഇതേ ഇടത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. അതായത്, റോഡ്രിഗസ് പമേലയുടെ മൃതദേഹം ഒളിപ്പിച്ചത് എവിടെയാണോ അവിടെ തന്നെ. പെട്ടെന്നാണ് റോഡ്രിഗസിന്റെ ഭാര്യയുടെ തിരോധാനത്തെ പറ്റി അവര്‍ ആലോചിച്ചത്. 1991ല്‍ ഇവിടെ നിന്നും കണ്ടെടുത്ത അസ്ഥികള്‍ അധികൃതര്‍ സൂക്ഷിച്ചുവച്ചിരുന്നു. ഡി.എന്‍.എ പരിശോധന നടത്തിയതിലൂടെ റോഡ്രിഗസിന്റെ ഭാര്യ മാര്‍ത്തയായിരുന്നു അതെന്ന് ഉറപ്പിക്കുകയും ചെയ്തു.
2019 ഒക്ടോബറില്‍ മാര്‍ത്തയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് റോഡ്രിഗസിനെതിരെ കേസെടുത്തു. മാര്‍ത്ത എങ്ങനെയാണ് മരിച്ചതെന്ന് കണ്ടെത്താനായിരുന്നില്ല. 1989 മാര്‍ച്ചില്‍, മാര്‍ത്തയെ കാണാതാകുന്നതിന് 2 മാസം മുമ്പ് പ്യൂര്‍ട്ടോറിക്കോ വംശജനും മിലിട്ടറി പൊലീസ് മുന്‍ ഉദ്യോഗസ്ഥനുമായിരുന്ന റോഡ്രിഗസ് ഭാര്യയായ മാര്‍ത്തയെ ആക്രമിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസുമെടുത്തിരുന്നു. എന്തിനാണ് ഭാര്യയെ ആക്രമിച്ചതെന്ന ചോദ്യത്തിന് മാര്‍ത്ത തന്റേതാണെന്നും താനിക്കല്ലാതെ മറ്റാര്‍ക്കും മാര്‍ത്തയെ കിട്ടില്ലെന്നുമായിരുന്നു മറുപടി.
എന്നാല്‍ ഇത് സംബന്ധിച്ച കേസിന്റെ വിചാരണയ്ക്ക് മാര്‍ത്ത കോടതിയില്‍ ഹാജരാകാതെ വന്നതോടെ 1989 മേയ് 18ന് റോഡ്രിഗസിനെതിരെയുള്ള കേസ് പിന്‍വലിച്ചു. എന്തുകൊണ്ടാണ് മാര്‍ത്ത അന്ന് കോടതിയില്‍ എത്തിയില്ല എന്ന് വ്യക്തമല്ല. 1989 മേയ് 25നാണ് മാര്‍ത്തയെ അവസാനമായി ജീവനോടെ കണ്ടത്. നഴ്‌സായിരുന്ന മാര്‍ത്തയ്ക്ക് കാണാതാകുമ്പോള്‍ 26 വയസായിരുന്നു പ്രായം. പിന്നീടാരും അവരെ കണ്ടിട്ടില്ല.
ഫ്‌ലോറിഡയില്‍ മാര്‍ത്തയെന്ന് കരുതുന്ന സ്ത്രീ ജീവിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് 2001ല്‍ മാര്‍ത്തയുടെ തിരോധാന കേസ് പൊലീസ് ക്ലോസ് ചെയ്തു. എന്നാല്‍ ഫ്േലാറിഡയില്‍ മാര്‍ത്തയുടെ പേരില്‍ കഴിഞ്ഞിരുന്നത് റോഡ്രിഗസിന്റെ ഒരു പരിചയക്കാരിയായിരുന്നു. മാര്‍ത്തയുടെ ശരീരാവശിഷ്ടങ്ങള്‍ 1991ല്‍ കണ്ടെത്തിയെങ്കിലും ആരുടേതാണെന്ന് കണ്ടെത്തിയിരുന്നില്ല. എന്നാല്‍ റോഡ്രിഗസ് തന്നെ ചെയ്ത പമേലയുടെ കൊലപാതകത്തിലൂടെ തന്നെ സത്യം പുറത്തെത്തുകയായിരുന്നു. 40 വര്‍ഷം വരെ ജയില്‍ ശിക്ഷ റോഡ്രിഗസിന് ലഭിക്കാം. ഇയാള്‍ക്കുള്ള ശിക്ഷ കോടതി ഉടന്‍ വിധിക്കും.
Post Your Comments