Latest NewsIndiaNews

ബീഹാറിൽ മുഖ്യമന്ത്രി നിതീഷ് തന്നെ; നിലപാട് വ്യക്തമാക്കി ജെഡിയു

ബിജെപിക്ക് കൂടുതല്‍ സീറ്റുകളുള്ള മുന്നണിയില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകാന്‍ സന്നദ്ധത അറിയിക്കുമോ എന്നതും ഏറെ ശ്രദ്ധേയമായ ചോദ്യമാണ്.

പാട്‌ന: തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ബീഹാറിൽ ബിജെപി മുന്നേറ്റം ശ്രദ്ധേയം. ജെഡിയുവിനെ ഒപ്പം ചേര്‍ത്ത് ബിഹാറില്‍ നിര്‍ണായക ശക്തിയാകുക എന്ന ബിജെപിയുടെ തന്ത്രം ഫലം കാണുന്നതായാണ് തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ സൂചനകളില്‍ നിന്ന് വ്യക്തമാകുന്നത്. ബിഹാറില്‍ എന്‍ഡിഎ മുന്നണിയില്‍ ജെഡിയുവിനായിരുന്നു ഇതുവരെ മുന്‍തൂക്കം. അതിനുശേഷമായിരുന്നു ബിജെപിയുടെ സ്ഥാനം. എന്നാല്‍, തിരഞ്ഞെടുപ്പ് ഫലം ജെഡിയു ക്യാംപുകളെ അസ്വസ്ഥമാക്കുന്നു. എന്‍ഡിഎ മുന്നണി കേവല ഭൂരിപക്ഷം നേടിയാല്‍ ജെഡിയു അധ്യക്ഷനും നിലവിലെ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ തന്നെ വീണ്ടും മുഖ്യമന്ത്രിയാകുമെന്നാണ് ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പറഞ്ഞിരുന്നത്. എന്നാല്‍, തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ജെഡിയുവിനേക്കാള്‍ നേട്ടം ബിജെപിക്കാണ്.

അതേസമയം നിലവില്‍ 71 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ജെഡിയു ലീഡ് ചെയ്യുന്നത് 46 സീറ്റില്‍ മാത്രം. ഇതോടെ തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനം തുലാസിലാകുമോ എന്ന ആശങ്കയിലാണ് ജെഡിയു. തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടെന്ന് ജെഡിയു സമ്മതിക്കുന്നു. ആര്‍ജെഡിയോ തേജസ്വി യാദവോ അല്ല തങ്ങളെ തോല്‍പ്പിച്ചതെന്നും കോവിഡാണ് ഇതിനെല്ലാം കാരണമെന്നുമാണ് മുതിര്‍ന്ന ജെഡിയു നേതാവ് എന്‍ഡിടിവിയോട് പ്രതികരിച്ചത്. മുന്നണി അധികാരത്തിലെത്തുമ്ബോഴും തങ്ങളുടെ പാര്‍ട്ടിക്ക് തിരിച്ചടി നേരിട്ടെന്ന് ജെഡിയു ഇപ്പോള്‍ തന്നെ തുറന്നുസമ്മതിക്കുന്നു.

തുടക്കം മുതലേ ബിഹാറില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ഏറെ ശ്രദ്ധേയമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് കളത്തിലിറങ്ങി. മുന്നണിയില്‍ കൂടുതല്‍ സീറ്റുകള്‍ നേടി ഒന്നാം സ്ഥാനത്ത് ബിജെപി എത്തിയാല്‍ ജെഡിയുവില്‍ നിന്ന് മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി വിലപേശുമോ എന്നാണ് എല്ലാവരും കാത്തിരിക്കുന്നത്. ജെഡിയുവിനെതിരെ ഭരണവിരുദ്ധ വികാരമുണ്ടാകുമെന്ന് നേരത്തെ വിലയിരുത്തലുണ്ടായിരുന്നു. എന്നാല്‍, ജെഡിയു ബിജെപിക്ക് പിന്നില്‍ പോകുന്ന ഒരു സാഹചര്യം വന്നതോടെ സ്ഥിതിഗതികള്‍ മാറിമറിഞ്ഞു. ബിജെപിക്ക് കൂടുതല്‍ സീറ്റുകളുള്ള മുന്നണിയില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകാന്‍ സന്നദ്ധത അറിയിക്കുമോ എന്നതും ഏറെ ശ്രദ്ധേയമായ ചോദ്യമാണ്.

Read Also: പ​കു​തി വോ​ട്ടു​ക​ള്‍ പോ​ലും എ​ണ്ണി തീ​ര്‍​ന്നി​ട്ടി​ല്ല; ബി​ഹാ​ര്‍ അ​ന്തി​മ ഫ​ലം വൈ​കും

അതേസമയം, നിതീഷ് കുമാര്‍ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് ബിഹാര്‍ ജെഡിയു അധ്യക്ഷന്‍ ബഷിസ്ത നാരായണ്‍ സിങ് പറഞ്ഞു. “നിതീഷ് തന്നെയായിരിക്കും അടുത്ത മുഖ്യമന്ത്രി. അധികാരം പങ്കുവയ്‌ക്കില്ല. സീറ്റ് കുറഞ്ഞാലും നിതീഷ് തന്നെ വീണ്ടും മുഖ്യമന്ത്രിയാകും. ജനവിധി നിതീഷിന്റെ വിജയമാണ്. നിതീഷ് ആയിരിക്കും മുഖ്യമന്ത്രിയെന്ന് മോദി നല്‍കിയ ഉറപ്പ് പാലിക്കുമെന്ന് വിശ്വാസമുണ്ട്. എല്‍ജെപിയെ മുന്നണിയില്‍ എടുക്കില്ല,” ബിഹാര്‍ ജെഡിയു അധ്യക്ഷന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇരു മുന്നണികളും വാശിയേറിയ പോരാട്ടമാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കാഴ്‌ചവയ്‌ക്കുന്നത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ ആര്‍ജെഡിയും കോണ്‍ഗ്രസും നേതൃത്വം നല്‍കുന്ന മഹാസഖ്യം ലീഡ് ചെയ്തെങ്കിലും പിന്നീട് ബിജെപി-ജെഡിയു സഖ്യത്തിന്റെ എന്‍ഡിഎ മുന്നേറ്റം നടത്തുകയായിരുന്നു. ഉച്ചകഴിയുന്നതോടെ തിരഞ്ഞെടുപ്പ് ഫലം പൂര്‍ണമായി അറിയാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button