ബീഹാറിലെ ജെഡിയു പിളർപ്പിലേക്കെന്നു സൂചന. ജെഡിയു പിളരുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ11 ജെഡിയു എംഎൽഎമാരുടെ രഹസ്യയോഗം പട്‌നയിൽ നടന്നിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അതേസമയം യോഗം നടന്ന കാര്യം നിതീഷ് കുമാറിന് പോലും അറിയാമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പാർട്ടിയിലെ ഒരു മുതിർന്ന മന്ത്രിയും യോഗത്തിൽ പങ്കെടുത്തിരുന്നു.
അതിനിടെ, മുഖ്യമന്ത്രി നിതീഷ് കുമാർ ഡിസംബർ 28 വ്യാഴാഴ്ച ഡൽഹിയിലെത്തും. പാർട്ടിയിലെ മുതിർന്ന നേതാക്കളെ കാണുവാനാണ് അദ്ദേഹം എത്തുന്നത്. നിതീഷ് കുമാറിൻ്റെ അടുത്ത നീക്കമെന്താണെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ വൃത്തങ്ങൾ. മുതിർന്ന നേതാക്കളുമായുള്ള കൂടിക്കാഴ്ചക്കു ശേഷം എന്ത് പ്രഖ്യാപനമാണ് നിതീഷ് കുമാർ നടത്താനിരിക്കുന്നതെന്നാണ് നിലവിൽ ചോദ്യമായിരുന്നത്.
നിതീഷ് കുമാറിൻ്റെ നീക്കം പ്രതിപക്ഷ സഖ്യത്തിൽ വലിയ വിള്ളലുണ്ടാക്കുമോ അതോ ബീഹാറിലെ രാഷ്ട്രീയ സമവാക്യം മാറ്റിമറിക്കുമോ എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങളാണ് ഈ സാഹചര്യത്തിൽ ഉയരുന്നതും. പാർട്ടി നേതാക്കൾ മറ്റേതെങ്കിലും പാർട്ടികളിലേക്ക് അനുഭാവം പ്രകടിപ്പിക്കുന്നതായി വാർത്തകൾ വന്നപ്പോഴെല്ലാം നിതീഷ് കുമാർ ആ നേതാവിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
ആർസിപി സിംഗ് ബിജെപിയുമായി ഒത്തുകളിച്ചുവെന്ന് പാർട്ടിക്കുള്ളിൽ ആരോപണങ്ങൾ ഉയർന്നപ്പോൾ നിതീഷ് കുമാർ ഇടപെട്ട് അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇപ്പോൾ ലാലൻ സിംഗ് ആർജെഡിയോട് കൂടുതൽ അനുഭാവം പുലർത്തുന്നതിനെ സംബന്ധിച്ചാണ് പാർട്ടിക്കകത്തും പുറത്തും ചർച്ചകൾ നടക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ലാലൻ സിങ്ങിനെ മാറ്റാനുള്ള തീരുമാനമുണ്ടായേക്കുമെന്നാണ് സൂചനകൾ.
നിതീഷ് കുമാർ പങ്കെടുക്കുന്ന ഡൽഹി യോഗത്തിൽ ലാലൻ സിംഗിന് എന്ത് സംഭവിക്കുമെന്ന് അടുത്ത മണിക്കൂറുകൾക്കുള്ളിൽ വ്യക്തമാകും. പാർട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നീക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. എന്നാൽ, പ്രസിഡൻ്റിനെ നീക്കം ചെയ്യാനോ രാജിവയ്ക്കാനോ പാർട്ടി ഭരണഘടനയിൽ പഴുതുകളുണ്ടെന്നാണ് ജെഡിയുവുമായി ബന്ധപ്പെട്ട ചില നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് തന്നെ 11 എം.എൽ.എമാരുടെ രഹസ്യയോഗത്തിന് പിന്നാലെ ഡൽഹിയിൽ സംഘടിപ്പിക്കുന്ന യോഗം ലാലൻ സിങ്ങിൻ്റെ പുറത്താക്കലുമായി ബന്ധപ്പെട്ടാണെന്നാണ് ജെഡിയുവിനുള്ളിലുള്ള ചിലർ വ്യക്തമാക്കുന്നത്.
Post Your Comments