KeralaLatest NewsNews

വാശിയേറിയ പോരാട്ടത്തിനൊരുങ്ങി നേമം; രാജഗോപാലിന് പകരക്കാരനായി സുരേഷ് ഗോപിയോ?

തിരുവനന്തപുരം: തെരെഞ്ഞെടുപ്പ് ചൂടിൽ തലസ്ഥാന നഗരം. എന്നാൽ നേമത്ത് ആരൊക്കെയാവും സ്ഥാനാര്‍ത്ഥികളാവുക‌ എന്നതിൽ ഇപ്പോഴെ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. ബിജെപി സ്ഥാനാർത്ഥിയായി ഒ. രാജഗോപാല്‍ ഇനി മത്സരിക്കാനുളള സാദ്ധ്യതയില്ല. രാജഗോപാലിന് പകരക്കാരനായി സുരേഷ് ഗോപിയെ ഇറക്കുമെന്ന് സൂചന. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഐ.പി ബിനുവിന്റെയും മുന്‍ എം.എല്‍.എ വി ശിവന്‍കുട്ടിയുടെയും പേരുകളാണ് കേള്‍ക്കുന്നത്. കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറന്ന മണ്ഡലമെന്ന നിലയിലാണ് നേമം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധാ കേന്ദ്രമായത്.

എന്നാൽ പല പ്രമുഖരും സംഭാഷണങ്ങള്‍ക്കിടെ ഐ.പി. ബിനുവിന്റെ പേര് സൂചിപ്പിക്കുന്നുണ്ട്. അതേ സമയം, വി ശിവന്‍കുട്ടി തന്നെ നേമത്ത് വീണ്ടും സ്ഥാനാര്‍ത്ഥിയാവാനുളള സാദ്ധ്യതയും തളളിക്കളയാവുന്നതല്ല. നിലവിലെ എം.എല്‍.എയായ ഒ. രാജഗോപാലിനെ 2011ല്‍ പരാജയപ്പെടുത്തിയാണ് ശിവന്‍കുട്ടി നേമം എം.എല്‍.എയായത്. എന്നാല്‍, 2016ല്‍ ശിവന്‍കുട്ടി ഒ. രാജഗോപാലിനോട് പരാജയപ്പെടുകയായിരുന്നു.

Read Also: സ്വത്ത് സമ്പാദനം: കെ.എം. ഷാജിക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

രാജ്യസഭാംഗമായ നടന്‍ സുരേഷ് ഗോപിയുടെ പേരാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ മണ്ഡലത്തിലേക്ക് മുന്നോട്ടു വയ‌്ക്കുന്നത്. നേതൃത്വത്തിന്റെ മനസ്സിലും അത്തരമൊരു ആലോചനയുണ്ടെന്നാണ് വിവരം. യു.ഡി.എഫില്‍ നിന്ന് നേമത്ത് ഇത്തവണ കോണ്‍ഗ്രസ് മത്സരിച്ചേക്കും. കഴിഞ്ഞ രണ്ട് തവണയും യു.ഡി.എഫ് ഘടകകക്ഷിയായിരുന്ന എല്‍.ജെ.ഡിയാണ് മണ്ഡലത്തില്‍ വലതുപക്ഷത്തിന് വേണ്ടി മത്സരിച്ചത്. അത് കൊണ്ടാണ് യു.ഡി.എഫ് വോട്ട് കുത്തനെ ഇടിഞ്ഞതെന്നും തങ്ങള്‍ മത്സരിച്ചാല്‍ ഈയവസ്ഥ മാറുമെന്നുമാണ് കോണ്‍ഗ്രസ് ആലോചന. എല്‍.ജെ.ഡി നിലവില്‍ ഘടകക്ഷിയല്ലാത്തതിനാല്‍ മണ്ഡലം തിരികെയെടുക്കാന്‍ കോണ്‍ഗ്രസിന് തടസ്സമില്ല.

2006ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എന്‍. ശക്തന്‍ മത്സരിച്ചപ്പോള്‍ 60,884 വോട്ട് നേടിയിരുന്നു. എന്നാല്‍, 2011ല്‍ എല്‍.ജെ.ഡിയുടെ ചാരുപാറ രവി മത്സരിക്കാനെത്തിയപ്പോള്‍ 20,248 വോട്ടായി അത് കുറഞ്ഞു. 2016ല്‍ എല്‍.ജെ.ഡി സ്ഥാനാര്‍ത്ഥി വി. സുരേന്ദ്രന്‍ പിള്ളയായിരുന്നു. യു.ഡി.എഫ് വോട്ട് കേവലം 13,860 വോട്ടായി കുത്തനെ കുറഞ്ഞു. നിലവില്‍ മണ്ഡലത്തിലെ മത്സരം ബി.ജെ.പിയും എല്‍.ഡി.എഫും തമ്മിലായി മാറിതീര്‍ന്നിട്ടുണ്ട്. മണ്ഡലത്തിന് കീഴിലുളള ഭൂരിപക്ഷം കോര്‍പ്പറേഷന്‍ വാര്‍ഡുകളിലും സമാന അവസ്ഥ തന്നെയാണ്. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ ആരെങ്കിലും മത്സരിക്കാനെത്തിയാല്‍ മാത്രമേ ഈയവസ്ഥയ്ക്ക് മാറ്റം വരൂ എന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. ആരുടെയും പേര് ഇപ്പോള്‍ ചര്‍ച്ചകളില്‍ ഇല്ലെങ്കിലും വിജയന്‍ തോമസ്, ജി.വി. ഹരി തുടങ്ങിയവരുടെ പേരുകള്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ സംസാരവിഷയമായി മാറിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button