കൊച്ചി: അയ്യപ്പ ഭക്തര്‍ക്ക് ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ച് ശബരിമല മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി . ശബരിമലയിലേക്ക് എത്താന്‍ സാധിക്കാത്ത ഭക്തര്‍ വീട്ടില്‍ വ്രതമെടുത്ത് അയ്യപ്പ പുണ്യം തേടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മകരവിളക്കിന് മുമ്പ് രോഗ തീവ്രത കുറയുന്ന മുറയ്ക്ക് കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശനാനുമതി നല്‍കാന്‍ കഴിയുമെന്നും വി.കെ ജയരാജ് പോറ്റി പ്രത്യാശ പ്രകടിപ്പിച്ചു. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ അയ്യപ്പഭക്തര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന കൊറോണ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി പൂര്‍ണമായി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നവംബര്‍ 16 മുതലാണ് മണ്ഡലകാല തീര്‍ത്ഥാടനം ആരംഭിക്കുന്നത്. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രവേശനം. ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ നിര്‍ബന്ധമായും കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 24 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തിയ കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് വേണ്ടത്. നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളിലും ശബരിമലയിലേക്ക് കടന്നു വരുന്ന ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലും പരിശോധന ഒരുക്കിയിട്ടുണ്ട്. ചെറിയ വാഹനങ്ങള്‍ പമ്പ വരെ കടത്തി വിടാനാണ് തീരുമാനം.
ശബരിമലയില്‍ പ്രസാദം തപാല്‍ മുഖേന വീട്ടില്‍ എത്തിക്കാനുള്ള സൗകര്യം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്. സ്വാമിപ്രസാദം എന്നാണ് പ്രസാദം അടങ്ങുന്ന കിറ്റിന്റെ പേര്. ഇന്ത്യയിലെ ഏത് പോസ്റ്റ് ഓഫീസില്‍ നിന്നും ഇ-പേയ്മെന്റിലൂടെ കിറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും. സ്പീഡ് പോസ്റ്റിലൂടെയാകും കിറ്റ് വീടുകളില്‍ എത്തുക. നിലവില്‍ കിറ്റിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
Post Your Comments