പത്തനംതിട്ട: പരമ്പരാഗത മുസ്ലീം വേഷം ധരിച്ചുള്ളവര്‍ ഒപ്പമുണ്ടായിരുന്നതിനാല്‍ ശബരിമല ദര്‍ശനം തടഞ്ഞ് പൊലീസ് . ദര്‍ശനം നടത്താതെ സംഘം മടങ്ങി.
ശബരിമല ദര്‍ശനം നടത്താനെത്തിയ കര്‍ണാടക സംഘത്തെയാണ് പൊലീസ് തടഞ്ഞത്. ശബരിമല വലിയ നടപ്പന്തലില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ചും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും ചേര്‍ന്നാണ് ഇവരെ തടഞ്ഞത്. ഇതേതുടര്‍ന്ന് മുസ്ലീങ്ങളായ അയ്യപ്പഭക്തര്‍ മാനസിക വിഷമം ഉണ്ടായതിനാല്‍ ദര്‍ശനം നടത്താതെ മടങ്ങി.
ചിക്‌ബെല്ലാപ്പൂര്‍ ജില്ലയില്‍ നിന്നെത്തിയ ആറ് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരില്‍ രണ്ടുപേര്‍ അഹിന്ദുക്കളാണ്. ഭാര്‍ഗവേന്ദ്ര, പ്രേംകുമാര്‍, ടി വി വിനോദ്, ബാബു റെഡ്ഡി, അന്‍സാര്‍ഖാന്‍, നയാജ്ബാഷ എന്നിവരാണ് സംഘാംഗങ്ങള്‍. അന്‍സാര്‍ഖാന്‍, നയാജ്ബാഷ എന്നിവര്‍ മുസ്ലീം വേഷം ധരിച്ചാണ് എത്തിയത്.
സംഘം വലിയനടപ്പന്തലില്‍ എത്തിയതോടെ പൊലീസ് വിവരങ്ങള്‍ തിരക്കിയെത്തി. അന്‍സാര്‍ഖാനും നയാജ്ബാഷയും തങ്ങളുടെ സുഹൃത്തുക്കളാണെന്നും വിശ്വസമുള്ളതുകൊണ്ടാണ് ദര്‍ശനത്തിനെത്തിയതെന്നും ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞെങ്കിലും പൊലീസ് ചെവിക്കൊണ്ടില്ല. ദര്‍ശനം തടഞ്ഞ് ഇവരെ പമ്പ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
കര്‍ണാടക പൊലീസിന്റെ സാന്നിധ്യത്തില്‍ ഇവരെ വിശദമായി ചോദ്യം ചെയ്‌തെങ്കിലും ഒന്നും കണ്ടെത്താനായില്ല.
Post Your Comments