ന്യൂഡല്‍ഹി : : ചരിത്രത്തില്‍ എഴുതി ചേര്‍ത്ത് കമല ഹാരിസിന്റെ നാമം. യുഎസില്‍ ജോ ബൈഡന്റെ ജയത്തോടെ കമലാ ഹാരിസിന്റെ പേരും ചരിത്രതാളുകളില്‍ ഇടംപിടിക്കുകയാണ്. അമേരിക്കയുടെ ചരിത്രത്തില്‍ വൈസ് പ്രസിഡന്റാവുന്ന ആദ്യത്തെ ഏഷ്യന്‍-അമേരിക്കന്‍ വംശജയാണ് അവര്‍. കമലയുടെ ജൈത്രയാത്രയില്‍ ഇന്ത്യയില്‍ അവരുടെ കുടുംബം സന്തോഷത്തിലാണ്. അവരുടെ അമ്മാവന്‍ ഗോപാലന്‍ ബാലചന്ദ്രന്‍ ഇവിടെ ഡല്‍ഹിയിലാണ്. കുടുംബം ഒന്നടങ്കം സ്ഥാനാരോഹണം കാണാനായി അമേരിക്കയിലേക്ക് പോകുമെന്ന് വെളിപ്പെടുത്തുകയാണ് അദ്ദേഹം.
ഇത്തവണ ഞാന്‍ കമലയോട് സംസാരിക്കുമ്പോള്‍ നേരത്തെയുള്ളത് പോലെയായിരുന്നില്ല കാര്യങ്ങള്‍. കുറച്ച് ടെന്‍ഷന്‍ എല്ലാവര്‍ക്കുമുണ്ടായിരുന്നു. തീര്‍ച്ചയായും അവള്‍ ഏറ്റവും മികച്ച വൈസ് പ്രസിഡന്റായിരിക്കും. ജോ ബൈഡന്‍ വളരെ ഉത്തരവാദിത്തമുള്ള വ്യക്തിയാണ്. അതുകൊണ്ട് കമലയ്ക്കും ഉത്തരവാദിത്തം വര്‍ധിക്കും.
തിരക്കേറിയ ദിനങ്ങളാണ് വാഷിംഗ്ടണില്‍ കമലയെ കാത്തിരിക്കുന്നത്. തീര്‍ച്ചയായും ഞങ്ങളും കുടുംബം മുഴുവന്‍ യുഎസ്സില്‍ കമലയുടെ സ്ഥാനാരോഹണത്തിനായി പോകും. കമല സെനറ്ററായി സ്ഥാനാരോഹണം ചെയ്തപ്പോള്‍ ഞങ്ങള്‍ പോയിരുന്നു. കുടുംബത്തിലെ എല്ലാവരുമുണ്ടായിരുന്നു. അന്ന് വൈസ് പ്രസിഡന്റായിരുന്ന ബൈഡനെ ഞങ്ങള്‍ കണ്ടിരുന്നു. ഇത്തവണ പ്രസിഡന്റായ ബൈഡനെ കാണുമെന്നാണ് പ്രതീക്ഷയെന്നും ഗോപാലന്‍ പറഞ്ഞു. തീര്‍ച്ചയായും ബൈഡന്‍ പല കാര്യങ്ങളിലും കമലയെ ആശ്രയിക്കും. ആ കടമകളെല്ലാം ചെയ്യാന്‍ കമലയ്ക്ക് സന്തോഷമേയുള്ളൂവെന്നും ഗോപാലന്‍ പറഞ്ഞു.
കമലയും അവരുടെ സഹോദരി മായയും അമ്മ ശ്യാമളയെ പോലെയാണ്. കടുത്ത പോരാളിയാണ് അവര്‍. തീര്‍ച്ചയായും ശ്യാമളയുടെ സ്വഭാവം കൂടുതലായി ലഭിച്ചിരിക്കുന്നത് കമലയ്ക്ക് തന്നെയാണ്. ശ്യാമളയുടെ നല്ല സ്വാധീനം അവരുടെ മകളിലുണ്ട്. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. കമലയെ പോരാടാന്‍ പ്രാപ്തയാക്കിയത് അവരുടെ അമ്മയാണ്. അതുകൊണ്ട് നല്ല സ്വാധീനം അമ്മയില്‍ നിന്ന് കമലയ്ക്ക് ലഭിച്ചിട്ടുണ്ടെന്നും ഗോപാലന്‍ വ്യക്തമാക്കി.
Post Your Comments