കൊച്ചി: യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്നുള്ള മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസ് നാളെ ചോദ്യം ചെയ്യും. രാവിലെ കൊച്ചിയിലെ കസ്റ്റംസ് ഓഫിസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ചാണ് കസ്റ്റംസ് ജലീലിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ജലീല്‍ മതഗ്രന്ഥം സ്വീകരിക്കുന്നതിനു മുന്‍പ് സര്‍ക്കാരില്‍ നിന്ന് ഒരുതരത്തിലുള്ള അനുമതിയും വാങ്ങിയിട്ടില്ലായിരുന്നുവെന്ന് ശിവശങ്കര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. ഈ മൊഴി കൂടി പരിഗണിച്ചാണ് ജലീലിനെ ചോദ്യം ചെയ്യുക.4478 കിലോഗ്രാം മതഗ്രന്ഥങ്ങളാണ് നയതന്ത്ര പാഴ്സല്‍ വഴി സംസ്ഥാനത്ത് എത്തിച്ചത്. ഇത് മലപ്പുറത്ത് വിതരണം ചെയ്യുകയും ചെയ്തിരുന്നു.
നയതന്ത്ര പാഴ്സലില്‍ എത്തുന്നവ പുറത്ത് വിതരണം ചെയ്യുന്നത് നിയമപരമല്ലെന്നിരിക്കെ മതഗ്രന്ഥം വിതരണം ചെയ്തതില്‍ പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയക്ടറേറ്റും എന്‍ഐഎയും നേരത്തെ ജലീലിനെ ചോദ്യം ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ജലീലിന് അന്വേഷണ സംഘം ഇതുവരെ ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അടക്കം ജലീലിനെതിരെ നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്.
Post Your Comments