കൊച്ചി : കേരള സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും നടത്താന്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ശബരിമല തീര്‍ത്ഥാടനം, കോവിഡ് മാനദണ്ഡങ്ങളുടെ മറവില്‍ ആചാര ലംഘനം നടത്താനുള്ള ശ്രമമാണെന്ന് അയ്യപ്പ മഹാസംഗമ വേദികളില്‍ ആരോപണം ഉയര്‍ന്നു.
ശബരിമല കേസില്‍ വിധി പറഞ്ഞ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് ആചാരലംഘനം തുടങ്ങിയ വിശ്വാസ സംബന്ധമായ വിശാലമായ വിഷയങ്ങള്‍ 9 അംഗ ബഞ്ചിന്റെ പരിഗണനക്ക് വിടുകയും അവയെല്ലാം 9 അംഗ ബെഞ്ചിന്റെ പരിഗണനയില്‍ ഇപ്പോള്‍ ഇരിക്കുകയുമാണ്. ഈ അവസരത്തില്‍ ശബരിമല തീര്‍ത്ഥാടനത്തിന്റെ മുഖ്യ വഴിപാടും സ്വാമി അയ്യപ്പന് പ്രിയങ്കരവുമായ നെയ്യഭിഷേകവും അതുപോലെ പരമ്ബരാഗതമായി നിലനിന്നു പോന്ന തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വിവിധങ്ങളായ അനുഷ്ഠാനങ്ങളും വേണ്ടെന്ന് തീരുമാനിച്ച സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും തീരുമാനം സുപ്രീം കോടതിയുടെ നിലപാടിന് വിരുദ്ധവും കോടതിയലക്ഷ്യവുമാണ്.
2018-ല്‍ ആചാര ലംഘനത്തിന് വേണ്ടി നിലകൊണ്ട സര്‍ക്കാര്‍ ഇപ്പോള്‍ അത് വീണ്ടും ആവര്‍ത്തിക്കാനുള്ള ശ്രമാണെന്ന് പന്തളം കൊട്ടാര വേദിയില്‍ അയ്യപ്പ മഹാ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് പന്തളം കൊട്ടാരം നിര്‍വ്വാഹക സമിതി അദ്ധ്യക്ഷന്‍ ശശികുമാരവര്‍മ്മ അഭിപ്രായപ്പെട്ടു. പമ്പാ സ്നാനവും നെയ്യഭിഷേകവുമില്ലാതെ, പതിനെട്ടാംപടി ഒന്ന് തൊട്ട് നെറ്റിയില്‍ വെച്ച് നമസ്കരിക്കരിക്കാന്‍ പോലും അനുവാദമില്ലാത്ത തീര്‍ത്ഥാടനം എങ്ങനെ അംഗീകരിക്കാന്‍ കഴിയും എന്നും അദ്ദേഹം ചോദിച്ചു. ഈ വിഷയത്തില്‍ എന്നും പന്തളം കൊട്ടാരം ഭക്തജനങ്ങളോടൊപ്പം ആയിരിക്കും എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പൂട്ടിക്കിടക്കുന്ന ഒരു തീപ്പെട്ടി കമ്പനി ഏറ്റെടുക്കുന്ന ലാഘവ ബുദ്ധിയോടെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ ശബരിമല കൈ വച്ചിരിക്കുന്നത് എന്ന് മുഖ്യപ്രഭാഷണം നടത്തിയ മുന്‍ മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു. ശബരിമലയില്‍ എത്തുന്ന ഭക്ത ജനങ്ങളുടെ വിശ്വാസങ്ങളെയും സങ്കല്‍പ്പങ്ങളെയും പിച്ചിച്ചീന്തിക്കൊണ്ട് ക്ഷേത്രം കൈയ്യടക്കി വെച്ചിരിക്കുന്ന സര്‍ക്കാര്‍ നടപടി ആര്‍ക്കും സ്വീകരിക്കാന്‍ സാധ്യമല്ലെന്നും അദേഹം പറഞ്ഞു.
ആചാരാനുഷ്ടാനങ്ങളോടെയുള്ള ഒരു തീര്‍ത്ഥയാത്ര അസാധ്യമായിരിക്കുന്ന ഇന്നത്തെ അവസ്ഥയില്‍ വ്രതാനുഷ്ഠാനങ്ങളോടെ സ്വന്തം വീടുകളില്‍ ഇരുന്ന് അയ്യപ്പനെ വണങ്ങുകയാണ് വേണ്ടതെന്നും അതുകൊണ്ടാണ് ഭവനം സന്നിധാനം എന്ന സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും സ്വാമി ചിദാനന്ദപുരി അയ്യപ്പ സംഗമ സന്ദേശത്തില്‍ വ്യക്തമാക്കി. പമ്പ മുതലുള്ള പ്രദേശം അയ്യപ്പന്റെ ശരീരമാണ്. അതുകൊണ്ടാണ് പമ്പാ സ്നാനം ചെയ്ത് ദേഹശുദ്ധി വരുത്തി വേണം മല കയറാന്‍ എന്ന് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. അത് സാദ്ധ്യമാകാതെ വരുമ്പോൾ, അതുപോലെ നെയ്യഭിഷേകം പോലെ അതി പ്രധാനമായ തീര്‍ത്ഥാടനത്തില്‍ അനുഷ്ടിക്കേണ്ടതായ പല കര്‍മ്മങ്ങളും അനുഷ്ടിക്കാതെ ശബരിമല തീര്‍ത്ഥയാത്ര എങ്ങനെ സാധ്യമാകും എന്നും അദ്ദേഹം ചോദിച്ചു.
Post Your Comments