KeralaLatest NewsNews

6000 വാര്‍ഡുകളില്‍ താമരവിരിയിക്കാനുള്ള തന്ത്രങ്ങളുമായി ബി ജെ പി; തര്‍ക്കങ്ങളിൽ ആര്‍എസ്എസ് ഇടപെട്ടേക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിൽ പുതിയ തന്ത്രങ്ങളുമായി ബി ജെ പി. എന്നാൽ ബി ജെ പി. കെ. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംസ്ഥാന നേതൃത്വം വേണ്ടവിധത്തില്‍ പരിഗണിക്കുന്നില്ല എന്ന പരാതിയുയര്‍ത്തിയാണ് ഒരു വിഭാഗം പരസ്യമായ പ്രതികരണത്തിലേക്ക് നീങ്ങുന്നത്. എതിര്‍ ശബ്ദങ്ങള്‍ മാദ്ധ്യമങ്ങളിലൂടെ പുറത്ത്വിടുന്ന രീതി ബി ജെ പിയില്‍ സാധാരണയായി ഉണ്ടാകാറില്ല, എന്നാല്‍ ഈ പതിവ് തെറ്റിച്ചാണ് ഒരാഴ്ചയ്ക്ക് മുന്‍പ് ബി ജെ പിയിലെ മുതിര്‍ന്ന നേതാക്കളായ ശോഭ സുരേന്ദ്രനും, പി എം വേലായുധനും രംഗത്ത് വന്നത്. ഇതില്‍ പരസ്യമായി പ്രതികരിക്കുവാന്‍ കെ സുരേന്ദ്രന്‍ തയ്യാറായിരുന്നില്ല. സ്ഥാനമാനങ്ങള്‍ സംബന്ധിച്ച്‌ ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ അക്കാര്യം കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കുമെന്ന ഒറ്റവരി മറുപടിയില്‍ വിവാദങ്ങള്‍ക്ക് വിരാമമിടുകയാണ് അദ്ദേഹം ചെയ്തത്.

Read Also: വാച്ചുമില്ല ക്‌ളോക്കുമില്ല; സമയമറിയാതെ ഉദ്യോഗാര്‍ത്ഥികള്‍

എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പില്‍ ശക്തമായ പ്രകടനം കാഴ്ചവയ്ക്കുവാനുള്ള ഒരുക്കങ്ങളുമായി മുന്നോട്ട് പോവുകയാണ് ബി ജെ പി സംസ്ഥാന നേതൃത്വമിപ്പോള്‍. ആറായിരം വാര്‍ഡുകളില്‍ ശക്തമായ വോട്ടുബാങ്കുണ്ടെന്ന് കണക്കാക്കുന്ന നേതൃത്വം മുന്‍തെരഞ്ഞെടുപ്പുകളില്‍ നേടിയതിന്റെ ഇരട്ടി സീറ്റുകള്‍ സ്വന്തമാക്കുവാനുള്ള തന്ത്രങ്ങളാണ് ഒരുക്കുന്നത്. അതേസമയം അണികളില്‍ ഇപ്പോഴത്തെ പടലപ്പിണക്കങ്ങളില്‍ അസ്വസ്ഥരാണ്. പദവികള്‍ ലഭിക്കുന്നതില്‍ നിന്നും തങ്ങളെ തഴഞ്ഞു എന്ന ബാലിശമായ അഭിപ്രായങ്ങള്‍ മാദ്ധ്യമങ്ങളുടെ മുന്‍പില്‍ തുറന്ന് പറയുന്നതാണ് ഇതിന് കാരണം. ഇതിന് പിന്നാലെ പരാതിക്കാര്‍ പാര്‍ട്ടിവിടുമെന്ന അഭ്യൂഹങ്ങളും ചില മാദ്ധ്യമങ്ങളില്‍ റിപ്പോര്‍ട്ടായി. വിമത നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി വേണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ശക്തമാണ്.

തിരഞ്ഞെടുപ്പ് വേളയായതിനാല്‍ എതിര്‍ ശബ്ദങ്ങളെ അവഗണിച്ച്‌ സംഘടനാ പ്രവര്‍ത്തനം ശക്തമാക്കുന്നതിലാണ് നാതൃത്വം ശ്രദ്ധചെലുത്തുന്നത്. പാര്‍ട്ടിയില്‍ പുനസംഘടന നടന്നപ്പോള്‍ നേതാക്കളെ തിരഞ്ഞെടുക്കുന്നതിന് കൃത്യമായ മാര്‍ഗനിര്‍ദ്ദേശം കേന്ദ്രം നല്‍കിയിരുന്നു. യുവാക്കള്‍ക്ക് മുന്തിയ പരിഗണന നല്‍കുക, തുടര്‍ച്ചയായി ഭാരവാഹികളാകുന്നവരെക്കാള്‍ പരിഗണന അല്ലാത്തവര്‍ക്ക് നല്‍കുക, സാമ്ബത്തികാരോപണങ്ങള്‍ നേരിടുന്നവരെയും സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയവരെയും ഒഴിവാക്കുക, വ്യക്തിജീവിതത്തില്‍ ധാര്‍മ്മിക മൂല്യങ്ങള്‍ പിന്തുടരുന്നവര്‍ക്ക് പരിഗണന നല്‍കുക, നിരവധി തവണ ഭാരവാഹികളായ 70 വയസു കഴിഞ്ഞവരെ ഒഴിവാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് കേന്ദ്രം മുന്നോട്ടുവച്ചത്. ഇതെല്ലാം പരിഗണിച്ചായിരുന്നു പാര്‍ട്ടിയില്‍ പുനസംഘടന നടപ്പിലാക്കിയത്. അതിനാല്‍ തന്നെ പരാതിക്കാര്‍ക്ക് കേന്ദ്രത്തില്‍ നിന്നും അനുകൂലമായ തീരുമാനം ഉണ്ടാകാന്‍ സാദ്ധ്യത കുറവാണ്. അതേസമയം ഇപ്പോഴുണ്ടായ പ്രശ്നങ്ങള്‍ വളരാതെ സംസ്ഥാന തലത്തില്‍ തന്നെ ഒത്തുതീര്‍പ്പാക്കുവാന്‍ ആര്‍ എസ് എസ് നേതൃത്വത്തിന്റെ ഇടപെടലും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button