മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന്റെ നോട്ടീസ്. അറസ്റ്റിലായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ നല്‍കിയ മൊഴിയെ തുടര്‍ന്നാണ് സി.എം രവീന്ദ്രനെയും എന്‍ഫോഴ്‌സ്‌മെന്റ് വിളിപ്പിക്കുന്നത്. ഐടി വകുപ്പിലെ പദ്ധതികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാനാണ് ഇതെന്നാണ് വിവരം. വെളളിയാഴ്ച കൊച്ചിയിലെ ഇഡി ഓഫിസില്‍ ഹാജരാകാനാണ് നിര്‍ദേശം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
സി.എം രവീന്ദ്രനാണ് ശിവശങ്കറിനെയും മുഖ്യമന്ത്രിയെയും കൂട്ടിയിണക്കിയ പാലമായി പ്രവര്‍ത്തിച്ചിരുന്നത്. പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ അനുഗ്രഹാശിസുകളോടെ കോടിയേരി ബാലകൃഷ്ണന്‍ ടൂറിസം മന്ത്രിയായിരിക്കെ ശിവശങ്കറിനെ ടൂറിസം ഡയറക്ടറാക്കിയത് സി എം രവീന്ദ്രനാണ്.എം.ശിവശങ്കര്‍-രവീന്ദ്രന്‍ കോക്കസാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിച്ചത് എന്നാണ് ആരോപണം.
ഈ കൊക്കസിന്റെ ഭാഗമായാണ് സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രക സ്വപ്നാ സുരേഷും പ്രവര്‍ത്തിച്ചത്. ഈ സാഹചര്യത്തിലാണ് രവീന്ദ്രനേയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. ശിവശങ്കറും രവീന്ദ്രനും തമ്മിലുള്ള കോക്കസ് രൂപം കൊണ്ടപ്പോള്‍ സര്‍വ അധികാരങ്ങളും ഇവരില്‍ കേന്ദ്രീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ എന്തെങ്കിലും നടക്കണമെങ്കില്‍ രവീന്ദ്രന്‍ വിചാരിക്കണം. രവീന്ദ്രന്‍ വിളിച്ചു പറഞ്ഞാല്‍ അത് നടക്കുകയും ചെയ്യും.
ഇത്തരത്തിലുള്ള വ്യക്തിയെയാണ് ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്.കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍, പി.ടി തോമസ് എംഎല്‍എ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ എന്നിവര്‍ നേരത്തെ സി.എം രവീന്ദ്രനെതിരെ ആരോപണങ്ങളുമായി എത്തിയിരുന്നു.
പിന്നീട് ശിവശങ്കര്‍ കെഎസ്‌ഇബി ചെയര്‍മാനായിരിക്കെ രവീന്ദ്രന്‍ അവിടെ സ്ഥിരം സന്ദര്‍ശകനായിരുന്നു. ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ ബോര്‍ഡില്‍ നിന്ന് നഷ്ടപ്പെട്ടതും ശിവശങ്കറും രവീന്ദ്രനും തമ്മിലുള്ള അടുപ്പവും അന്വേഷിക്കണമെന്നായിരുന്നു മുല്ലപ്പളളിയുടെ ആരോപണം.ഊരാളുങ്കല്‍ സൊസൈറ്റിക്ക് വഴിവിട്ട എല്ലാ കാര്യങ്ങള്‍ ചെയ്യാനും സര്‍വസഹായങ്ങളും ചെയ്യുന്നത് രവീന്ദ്രനാണെന്ന വാദം ശക്തമാണ്.
Post Your Comments