തിരുവനന്തപുരം: ലക്ഷങ്ങള്‍ കൈപ്പറ്റിയെന്ന കേസ് , കുമ്മനം രാജശേഖരനെതിരെ ഹരികൃഷ്ണന്‍ നമ്പൂതിരി നല്‍കിയ പരാതി പിന്‍വലിച്ചു.. കുമ്മനത്തിനെതിരെയുള്ള കേസ് ഗൂഢാലോചനയുടെ ഭാഗമാണെന്ന് തെളിഞ്ഞു. ഇതോടെ പരാതിയില്‍ കുമ്മനത്തെ പ്രതിയാക്കി ആറന്മുള പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കി. വിഷയത്തില്‍ സമവായം ഉണ്ടായതിനെ തുടര്‍ന്നാണ് പരാതി പിന്‍വലിച്ചത്. പരാതിക്കാരന് കിട്ടാനുള്ള പണം മുഴുവന്‍ തിരികെ നല്‍കിയതോടെയാണ് കേസ് ഒത്തുതീര്‍പ്പായത്.
കേസില്‍ കുമ്മനത്തെ മനപൂര്‍വം ഉള്‍പ്പെടുത്തുകയായിരുന്നെന്ന് നേരത്തേ വ്യക്തമായിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് വ്യക്തമാക്കി കുമ്മനം രാജശേഖരന്‍ പ്രതികരിച്ചിരുന്നു. പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് തന്നെ കേസില്‍ പ്രതിയാക്കിയത്. രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള സിപിഎമ്മിന്റെ ശ്രമമാണ് ഇതെന്നും കുമ്മനം നേരത്തെ മറുപടി നല്‍കിയിരുന്നു.
നേരത്തേ, പണമിടപാട് സംബന്ധിച്ച് യാതൊരു കാര്യത്തിലും ഇടപെട്ടില്ലെന്ന് ഹരികൃഷ്ണന്‍ നമ്ബൂതിരി തന്നെ വ്യക്തമാക്കിയിരുന്നു. പണം തട്ടിയതുമായി ബന്ധപ്പെട്ട് താന്‍ കുമ്മനം രാജശേഖരനെതിരെ ഒരു ആരോപണവും ഉന്നയിച്ചിട്ടില്ലെന്നും പരാതിക്കാരനായ ഹരികൃഷ്ണന്‍ നമ്ബൂതിരി വെളിപ്പെടുത്തിയിരുന്നു.
പേപ്പര്‍ കോട്ടണ്‍ മിക്‌സ് നിര്‍മിക്കുന്ന കമ്പനിയില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നല്‍കി തന്റെ കൈയ്യില്‍ നിന്നും പണം തട്ടിയെടുത്തെന്നതാണ് ഹരികൃഷ്ണന്റെ പരാതി. എന്നാല്‍ താന്‍ നല്‍കിയ മൊഴിയിലോ പരാതിയിലോ കുമ്മനം പണം വാങ്ങിയതായോ ഒന്നും പ്രതിപാദിച്ചിട്ടില്ല. കുമ്മനത്തെ തനിക്ക് ചെറുപ്പം മുതല്‍ അറിയാവുന്നതാണ്. പണമിടപാട് കാര്യത്തില്‍ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ഉണ്ടായിട്ടില്ല. കുമ്മനത്തിനെതിരെ ഒരു ആരോപണവും താന്‍ ഉയര്‍ത്തിയിട്ടില്ലെന്നും ഹരികൃഷ്ണന്‍ അറിയിച്ചു.
Post Your Comments