ഏഷ്യയിലെ തന്നെ ഏറ്റവുമധികം ലൈംഗിക തൊഴിലാളികള്‍ ജീവിക്കുന്ന ചുവന്ന തെരുവുകളുള്ള ബംഗാളിലെ സോനാഗച്ചി പട്ടിണിയില്‍. ഇവിടെ നിന്ന് 80 ശതമാനം ലൈംഗിക തൊഴിലാളികളും മറ്റ് തൊഴില്‍ അന്വേഷിച്ച് നാടുവിടുന്നു. കോവിഡും അതിനെ തുടര്‍ന്നുവന്ന ലോക്ക്ഡൗണും മൂലം ദുരിതത്തിലായതോടെ പിടിച്ചു നില്‍ക്കാന്‍ മറ്റുവഴികള്‍ കൂടി തേടുകയാണ് ലൈംഗികത്തൊഴിലാളികള്‍.
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സോനാഗച്ചി പട്ടിണിയിലേയ്ക്ക് വീഴുകയായിരുന്നു. ലോക് ഡൗണ്‍ നീളുകയും നിയന്ത്രണങ്ങള്‍ തുടരുകയും ചെയ്ത ഘട്ടത്തില്‍ നിത്യവൃത്തിക്കായി പണം കടംവാങ്ങേണ്ടി വന്നു. എന്നാല്‍ പ്രതിസന്ധി സാഹചര്യത്തില്‍ പണം തിരികെ കൊടുക്കുവാനും ദിവസ ചിലവുകള്‍ നടത്തുവാനും മറ്റ് തൊഴില്‍ അന്വേഷിക്കുകയാണ് ഭൂരി ഭാഗം ആളുകളും.
മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടന നടത്തിയ സര്‍വ്വേയിലാണ് കണ്ടെത്തല്‍. സര്‍വ്വേ പ്രകാരം ഏകദേശം 7000ല്‍ അധികം ആളുകളാണ് സോനാഗച്ചിയില്‍ ലൈഗിക തൊഴിലാളികളായുള്ളത്. ഇതില്‍ കടക്കെണിയില്‍ പെട്ടിരിക്കുന്ന 89 ശതമാനം ലൈംഗിക തൊഴിലാളികളില്‍ 81 ശതമാനം ആളുകളും പണം തിരിച്ചടയ്ക്കാന്‍ നിവൃത്തി ഇല്ലാത്ത സാഹചര്യത്തിലാണ്. ലോക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ 65 ശതമാനം ജോലികളും പുനരാരംഭിച്ചിരുന്നു.
എന്നാല്‍ കോവിഡ് പിടിപെടാനുള്ള സാധ്യത മുന്നില്‍കണ്ട് ലൈംഗിക തൊഴിലുമായി മുന്നോട്ടുപോകാന്‍ ഇവര്‍ താല്‍പ്പര്യപ്പെടുന്നില്ല.ഈ വിഷയത്തില്‍ ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ ഇടപെടപെടലുകളൊന്നും ഉണ്ടായിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്യാന്‍ തയ്യാറാണെന്നും എന്നാല്‍ ഇത്തരമൊരു വിഷയം ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും സംസ്ഥാന വനിത-ശിശു ക്ഷേമ മന്ത്രി സശി പാഞ്ച പറയുന്നു.
അവര്‍ക്ക് പട്ടിണിയുടേതായ പ്രശനം ഉണ്ടാകാന്‍ സാധ്യതയില്ല, കാരണം സര്‍ക്കാര്‍ സൗജന്യ റേഷന്‍ നല്‍കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സര്‍ക്കാര്‍ സഹായം അപര്യാപ്തമാണെന്നും സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ലൈംഗിക തൊഴിലാളികളെ സഹായിക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ ആവിഷ്ക്കരിക്കണമെന്നാണ് അവരുടെ ആവശ്യം.
Post Your Comments