കൊല്ലം : വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പു കടിയേറ്റ് മരിച്ച പത്തു വയസുകാരി ആദിത്യയുടെ കുടുംബത്തിന് കൈത്താങ്ങായി വാവാ സുരേഷ്. തനിക്ക് വീട് നിർമ്മിക്കാൻ ലഭിച്ച പണം ഉപയോഗിച്ച് ആദിത്യയുടെ കുടുംബത്തിന് വീട് വെച്ച് നൽകാനൊരുങ്ങുകയാണ് വാവാ സുരേഷ്.
വാവാ സുരേഷിന് വീട് നിർമ്മിക്കാനായി പ്രവാസി മലയാളികൾ നൽകിയ പണം ഉപയോഗിച്ചാണ് ആദിത്യയ്ക്ക് വീട് നിർമ്മിക്കുന്നത്. 12 ലക്ഷം രൂപ ചെലവിട്ട് എല്ലാ സൗകര്യങ്ങളോടെയുമാണ് വീട് നിർമ്മിക്കുന്നത്.വീടിന്റെ തറക്കല്ലിടൽ കർമ്മം വാവാ സുരേഷ് നിർവ്വഹിച്ചു.
പത്തനാപുരം മാങ്കോട് ചരിവിള വീട്ടിൽ രാജീവ്- സിന്ധു ദമ്പതിമാരുടെ മകളായ ആദിത്യ ഒക്ടോബർ നാലിനാണ് ഉറങ്ങുന്നതിനിടെ പാമ്പു കടിയേറ്റ് മരിക്കുന്നത്. അടച്ചുറപ്പില്ലാത്ത വീട്ടിലേക്ക് പാമ്പ് ഇഴഞ്ഞെത്തി ആദിത്യയെ കടിക്കുകയായിരുന്നു. ആദിത്യയുടെ മരണ ശേഷം ഇവിടെയെത്തിയപ്പോഴാണ് തനിക്ക് വീട് നിർമ്മിക്കാനായി ലഭിച്ച പണം ഉപയോഗിച്ച് ആദിത്യയ്ക്ക് വീട് പണിത് നൽകുമെന്ന് വാവാ സുരേഷ് അറിയിച്ചത്.
Post Your Comments