
ദില്ലി : ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് പ്രാദേശിക ബിജെപി നേതാക്കള്‍ കൊല്ലപ്പെട്ടതിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് മോദി അപലപിച്ചത്. ‘ഞങ്ങളുടെ 3 യുവ കാര്യകര്‍ത്താക്കളെ കൊന്നതിനെ ഞാന്‍ അപലപിക്കുന്നു. അവര്‍ ജമ്മു കശ്മീരില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന മിടുക്കരായ ചെറുപ്പക്കാരായിരുന്നു. ദുഃഖകരമായ ഈ സമയത്ത് എന്റെ ചിന്തകള്‍ അവരുടെ കുടുംബത്തോടൊപ്പമുണ്ട്. അവരുടെ ആത്മാവ് സമാധാനത്തോടെ വിശ്രമിക്കട്ടെ . ‘ മോദി ട്വീറ്റ് ചെയ്തു.
കാശ്മീരിലെ കുല്‍ഗാം ജില്ലയിലെ കാസിഗണ്ട് പ്രദേശത്ത് വ്യാഴാഴ്ച വൈകിട്ട് മൂന്ന് പ്രാദേശിക ബിജെപി നേതാക്കളെ അജ്ഞാത തീവ്രവാദികള്‍ വെടിവച്ചു കൊല്ലുകയായിരുന്നു. വൈ കെ പോറയിലെ ഒരു ഗ്രാമത്തില്‍ രാത്രി 8.20 ഓടെ തീവ്രവാദ കുറ്റകൃത്യത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചതായി ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു.
ബിജെപി പ്രവര്‍ത്തകര്‍ വൈകെ പോറ സ്വദേശിയായ ഗുലാം അഹ്മദ് യാതൂവിന്റെ മകന്‍ ഫിദ ഹുസൈന്‍ യാതൂ (ബിജെപി ജില്ലാ യൂത്ത് ജനറല്‍ സെക്രട്ടറി), സൊഫത് ദെവ്‌സര്‍ സ്വദേശി അബ്ദുല്‍ റഷീദ് ബെയ്ഗിന്റെ മകന്‍ ഉമര്‍ റാഷിദ് ബെയ്ഗ് (ബിജെപി പ്രവര്‍ത്തകന്‍), വൈകെ പോറ സ്വദേശിയായ മുഹമ്മദ് റംസാന്റെ മകന്‍ ഉമര്‍ റംസാന്‍ ഹജം (ബിജെപി പ്രവര്‍ത്തകന്‍) എന്നിവരാണ് മരിച്ചത്.
കാറില്‍ സഞ്ചരിച്ച ഇവര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇവരെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സയ്ക്കായി ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി, അവിടെ വച്ച് മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കൊലപാതകങ്ങളില്‍ ദുഃഖം പ്രകടിപ്പിച്ച് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ പറഞ്ഞു. അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍ മനുഷ്യരാശിയുടെ ശത്രുക്കളാണെന്നും ഇത്തരം ഭീരുത്വ പ്രവര്‍ത്തികളെ ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ദുഃഖിതരായ കുടുംബങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് സാധ്യമായ എല്ലാ സഹായങ്ങളും അദ്ദേഹം ഉറപ്പ് നല്‍കി. ദുഃഖിതരായ കുടുംബാംഗങ്ങള്‍ക്ക് അദ്ദേഹം ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും വിട്ടുപോയ ആത്മാക്കള്‍ക്ക് ശാശ്വത സമാധാനത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായി അദ്ദേഹം അറിയിച്ചു.
Post Your Comments