തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പാർട്ടിക്കാണോ അതോ ഭരണത്തിനാണോ കൂടുതൽ ദുർഗന്ധം എന്ന തർക്കം മാത്രമേ അവശേഷിക്കുന്നുളളൂവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
എല്ലാം ഒരു ഉദ്യോഗസ്ഥന്റെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലാവലിന്‍ അഴിമതി നടന്നപ്പോഴും പിണറായി വിജയൻ ചെയ്തത് ഇതുതന്നെയാണ്. അഴിമതിക്ക് നേതൃത്വം കൊടുക്കുകയും അഴിമതിയിൽ പങ്കാളികയാവുകയും ചെയ്തിട്ട് ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവെച്ച മുൻ വൈദ്യുതമന്ത്രിയെ കേരളം കണ്ടിട്ടുണ്ട്. ഇപ്പോൾ അതേ രീതിയിൽ ശിവശങ്കരന്റെ തലയിൽ മുഴുവൻ കെട്ടിവെച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്ന മുഖ്യമന്ത്രിയെ ആണ് കാണുന്നത്.
ശിവശങ്കരൻ വ്യക്തിപരമായി ചെയ്ത കാര്യങ്ങളാണെന്നും ഇതിൽ നിയമപരമായോ, ധാർമികപരമായോ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. 21 തവണ സ്വപ്ന കളളക്കടത്ത് നടത്തിയപ്പോഴും അതിന് മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ സഹായമുണ്ടായിരുന്നു. അതിനർഥം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായമുണ്ടായിരുന്നുവെന്നാണ്.
നിയമപരമായും ധാർമികമായും മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിലുളള പങ്ക് വ്യക്തമാണ്. സ്വർണക്കടത്തിലും അനുബന്ധമായി വന്ന എല്ലാ അഴിമതി ആരോപണങ്ങളിലും ഒന്നാംപ്രതിയായി നിൽക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നുളള കാര്യത്തിൽ സംശയമില്ലെന്നും ചെന്നിത്തല പറഞ്ഞു.
Post Your Comments