തിരുവനന്തപുരം : നാല് വര്‍ഷത്തിലേറെക്കാലം പിണറായി വിജയന്റെ ഭരണത്തില്‍ ഏറ്റവും സ്വാധീനമുള്ള അധികാരകേന്ദ്രമായിരുന്ന എം.ശിവശങ്കറിന്റെ അറസ്റ്റോടെ മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തിന് വേണ്ടിയുള്ള പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷവും ബിജെപിയും. മുഖ്യമന്ത്രിയുടെ വിശ്വസ്തന്റെ അറസ്റ്റ് മുഖ്യമന്ത്രിയുടേയും അദ്ദേഹത്തിന്റെ ഓഫീസിന്റേയും പങ്ക് വ്യക്തമാക്കുന്നതായി പ്രതിപക്ഷം ആരോപിച്ചു.
നാലു വര്‍ഷം മുഖ്യമന്ത്രിയുടെ ഓഫിസിനെ ഭരിച്ച പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരന്‍ ഒടുവില്‍ അറസ്റ്റിലായി. ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും, മടിയില്‍ കനമുള്ളവനേ വഴിയില്‍ പേടിക്കേണ്ടതുള്ളൂ തുടങ്ങിയ മുഖ്യമന്ത്രിയുടെ വാചകങ്ങള്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെ തിരിഞ്ഞുകൊത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
മാഫിയകളാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ഭരിച്ചിരുന്നത്. മറ്റുവകുപ്പുകളിലേക്ക് വരെ കൈകടത്തി മുഖ്യമന്ത്രിയുടെ ഓഫിസ് നടത്തിയത് തീവെട്ടിക്കൊള്ളയാണ്. ശിവശങ്കരന്‍ ഇതിലെ ഒരു കണ്ണി മാത്രമാണ്. കോവിഡ് കാലം പോലും മോഷണത്തിന്റെ സുവര്‍ണാവസരമാക്കി മാറ്റിയ ഈ സംഘത്തില്‍ പ്രതികള്‍ ഇനിയുമുണ്ടാകും. ശിവശങ്കരന്‍ രോഗലക്ഷണം മാത്രമാണ്, രോഗം പിണറായി വിജയനാണ്. ഈ കൊള്ളകളിലെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്ര ഏജന്‍സികള്‍ കസ്റ്റഡിയിലെടുക്കുന്ന കേരളത്തിലെ ആദ്യത്തെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് ശിവശങ്കരന്‍. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുക്കുന്നതും ഇതാദ്യം. കേരളത്തെ നാണംകെടുത്തുന്ന മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം ഗുരുതരമായ കുറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തതെന്നും മുഖ്യമന്ത്രിക്ക് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചു.
Post Your Comments