തിരുവനന്തപുരം : കൈവെച്ച മേഖലകളിലെല്ലാം അഴിമതിയുടെ പുതിയ കഥകള്‍ രചിച്ചു കൊണ്ടാണ് പിണറായി സര്‍ക്കാര്‍ നാലര വര്‍ഷം പൂര്‍ത്തിയാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അത്തരത്തിലൊരു അഴിമതിയുടെ പുതിയ ഗൂഢ പദ്ധതിയാണ് സ്വിസ്സ് കമ്പനിയായ എച്ച്അഎസ്എസില്‍ നിന്നും 3000 ഇലക്ട്രിക് ബസുകള്‍ വാങ്ങാനുള്ള നീക്കമെന്നും കേരളത്തിലെ എല്ലാ അഴിമതികള്‍ക്കും ചുക്കാന്‍ പിടിച്ച മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ശിവശങ്കരന്റെ ഐടി വകുപ്പ് തന്നെയാണ് ഈ അഴിമതിയും ആസൂത്രണം ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
ഈ പദ്ധതിയെ ഒരു നിക്ഷേപപദ്ധതി ആയിട്ടാണ് പിണറായി പൊതുസമൂഹത്തിനു മുന്നില്‍ അവതരിപ്പിച്ചത്. എന്നാല്‍ അത് തെറ്റാണ്. തേവര കേന്ദ്രീകരിച്ച് ഇലക്ട്രിക് ബസുകള്‍ അസംബ്ലിങ് ചെയ്യുന്ന (നിര്‍മ്മാണം അല്ല) ഒരു യൂണിറ്റ് സ്ഥാപിക്കാനാണ് സ്വിസ് കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടത്. എന്നാല്‍ എച്ച്അഎസ്എസ് കേരളത്തില്‍ ബസ് അസംബ്ലിങ് ആരംഭിച്ചാല്‍ ബസ് ഒന്നിന് ഒന്നരക്കോടി രൂപ നിരക്കില്‍ 3000 ബസുകള്‍ കേരള സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയെക്കൊണ്ട് വാങ്ങിപ്പിച്ചു കൊള്ളാം എന്ന് മുന്‍കൂര്‍ ഉറപ്പിന്മേല്‍ മാത്രമാണ് അവരിവിടെ യൂണിറ്റ് സ്ഥാപിക്കുന്നത് എന്ന കാര്യം സര്‍ക്കാര്‍ പൊതു ജനങ്ങളില്‍ നിന്നും മറച്ചു വെച്ചുവെന്നും ചെന്നിത്തല പറഞ്ഞു.
കമ്പനിയെ എങ്ങനെ തിരഞ്ഞെടുത്തു? ബസുകളുടെ വില ആര് തീരുമാനിച്ചു? എങ്ങനെ തീരുമാനിച്ചു? ആഗോള ടെന്‍ഡര്‍ ഇല്ലാതെ എങ്ങനെ ഇത്രയും ബസുകള്‍ സര്‍ക്കാര്‍ വാങ്ങിക്കും? പൊതുമേഖല സ്ഥാപനത്തിനു ന്യൂനപക്ഷ ഓഹരി മതിയെന്ന് ആരാണ് തീരുമാനിച്ചത്? ഈ ചോദ്യങ്ങള്‍ ചോദിച്ചത് ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി എന്നിവരാണ്. ഇതിനൊന്നും മറുപടി പറയാതെ ഇതിലെ അഴിമതിയെ ചോദ്യം ചെയ്ത പ്രതിപക്ഷം നിക്ഷേപകരെ തുരത്തുന്നു എന്ന പച്ചകള്ളം പറയുകയായിരുന്നു പിണറായി വിജയനെന്ന് അദ്ദേഹം പറഞ്ഞു.
സാങ്കേതികമായും സങ്കീര്‍ണ്ണമായും അഴിമതി നടത്തി ജനങ്ങളെ എങ്ങനെ പറ്റിക്കാം എന്നാണ് സര്‍ക്കാര്‍ നിരന്തരം ഗവേഷണം നടത്തുന്നത്. പിണറായി സര്‍ക്കാരിന്റെ ജനവഞ്ചന തുറന്നു കാട്ടാന്‍ നവംബര്‍ ഒന്ന് യുഡിഎഫ് വഞ്ചനാ ദിനം ആയി ആചരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
Post Your Comments