ന്യൂഡൽഹി : മറ്റു രാജ്യങ്ങളെ കുറിച്ച് പ്രസംഗങ്ങളിൽ എപ്പോഴും പരാമർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ പ്രശ്നങ്ങളെക്കുറിച്ച് ഒരിക്കലും സംസാരിക്കാറില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിഹാറിലെ വെസ്റ്റ് ചംപാരൻ ജില്ലയിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് കോടി ആളുകൾക്ക് ജോലികൾ നൽകുമെന്ന് പ്രധാനമന്ത്രി ഇപ്പോൾ തന്റെ പ്രസംഗത്തിൽ പറയുന്നില്ല. കാരണം, അദ്ദേഹം കള്ളം പറഞ്ഞതാണെന്ന് ബിഹാറിലെ ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. ഇന്നു പ്രധാനമന്ത്രി വന്നു രണ്ടു കോടി തൊഴിലവസരങ്ങൾ യുവാക്കൾക്ക് വാഗ്ദാനം ചെയ്താൽ, അദ്ദേഹം കള്ളം പറയുകയാണെന്ന് ജനങ്ങൾ പറയുമെന്ന് എനിക്ക് ഉറപ്പാണ് രാഹുൽ പറഞ്ഞു.
കോൺഗ്രസ് രാജ്യത്തിന് പുതിയ ദിശ നൽകി. തൊഴിലുറപ്പ് പദ്ധതി കൊണ്ടുവന്നു, കർഷകരുടെ വായ്പ എഴുതിത്തള്ളി. രാജ്യം എങ്ങനെ പ്രവർത്തിപ്പിക്കാമെന്നും കർഷകർക്കൊപ്പം നിൽക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കോൺഗ്രസിനറിയാം. എന്നാൽ ഒരു കാര്യത്തിൽ പിന്നിലാണ്. നുണ പറയാൻ ഞങ്ങൾക്ക് അറിയില്ല. നുണ പറഞ്ഞ് നമുക്ക് മോദിയെ തോൽപ്പിക്കാനാവില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും രാഹുൽ രൂക്ഷമായി വിമർശിച്ചു. ബിഹാറിൽ മതിയായ ജോലികളും സൗകര്യങ്ങളും ഇല്ല. അത് ജനങ്ങളുടെ തെറ്റല്ല, മറിച്ച് മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും തെറ്റാണെന്ന് രാഹുൽ കുറ്റപ്പെടുത്തി. ആർജെഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയുമായ തേജസ്വി യാദവ് തൊഴിൽ മേഖലയിൽ പുതിയ കാഴ്ചപ്പാടും ശ്രദ്ധയും കൊണ്ടുവരുമെന്നും രാഹുൽ വ്യക്തമാക്കി.
Post Your Comments