Latest NewsNewsIndia

ആരോഗ്യ സേതു ആപ് വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍

ദില്ലി: ആരോഗ്യസേതു ആപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്രം. പൊതു സ്വകാര്യ മേഖലകളെ കൂട്ടിയിണക്കി വ്യവസായ സംരംഭങ്ങളുടെയും വിദഗ്ധരുടെയും സഹകരണത്തോടെ കോവിഡ് മഹാമാരിക്കെതിരെ പോരാടാന്‍ ഏറ്റവും സുതാര്യമായ രീതിയില്‍ സര്‍ക്കാര്‍ തന്നെയാണ് ആപ് നിര്‍മിച്ചതെന്ന് കേന്ദ്രം വിശദീകരിച്ചു. സുതാര്യത ഉറപ്പാക്കിയായിരുന്നു ആപ്പ് നിര്‍മാണമെന്നും കേന്ദ്രം പറഞ്ഞു.

‘ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടയിലും മഹാമാരി സൃഷ്ടിച്ച ദുര്‍ഘടാവസ്ഥയെ നേരിടുന്നതിനായി ഏകദേശം 21 ദിവസമെടുത്താണ് ആരോഗ്യസേതു ആപ് നിര്‍മിച്ചതെന്നും വ്യാവസായിക ആക്കാദമിക സര്‍ക്കാര്‍ തലത്തിലെ മികച്ച വിദഗ്ധരെ ചേര്‍ത്തു നിര്‍ത്തി ഏറ്റവും സുതാര്യമായ ഒരു ഇന്ത്യന്‍ നിര്‍മിത കോണ്‍ടാക്ട് ട്രേസിങ് ആപ് നിര്‍മിക്കുകയായിരുന്നു ലക്ഷ്യമെന്നും കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ ആരോഗ്യസേതു ആപ്പിനെ കുറിച്ചോ അത് വഹിച്ച പങ്കിനെ കുറിച്ചോ യാതൊരു സംശയവുമില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ആപ്പ് ആരാണ് നിര്‍മിച്ചതെന്ന് വ്യക്തമായ ഉത്തരം നല്‍കാന്‍ സര്‍ക്കാരിനായിട്ടില്ല.

നാഷനല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററും ഐടി മന്ത്രാലയവും ചേര്‍ന്നാണ് ആപ് വികസിപ്പിച്ചതെന്നാണ് ആരോഗ്യ സേതു വെബ്‌സൈറ്റിലുള്ളത്. എന്നാല്‍ ഈ രണ്ട് വിഭാഗങ്ങളും തങ്ങളല്ല ആപ് നിര്‍മിച്ചതെന്ന് അറിയിച്ചിരുന്നു. ഇതോടെയാണ് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ വലിയ പ്രചാരം നല്‍കി ഉയര്‍ത്തിക്കാട്ടിയ, ദശലക്ഷകണക്കിന് ഇന്ത്യക്കാര്‍ ഡൗണ്‍ലോഡ് ചെയ്ത ആരോഗ്യസേതു ആപ്പ് നിര്‍മ്മിച്ചതാരാണെന്ന് വിവരാവകാശ നിയമപ്രകാരം സൗരവ് ദാസ് എന്ന വ്യക്തി നല്‍കിയ ചോദ്യത്തിന് നാഷനല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററും ഐടി മന്ത്രാലയവും മറുപടി നല്‍കാതിരുന്നതിനു പിന്നാലെ വിശദീകരണവുമായി സര്‍ക്കാര്‍ തന്നെ രംഗത്തുവന്നിരിക്കുന്നത്.

ആപ് നിര്‍മിച്ചതുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും പക്കലില്ലെന്ന് നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററും. ദേശീയ ഇഗവേണന്‍സ് ഡിവിഷനു ചോദ്യം കൈമാറിയെങ്കിലും വിവരം തങ്ങളുടെ വിഭാഗവുമായി ബന്ധപ്പെട്ടതല്ല എന്നുമായിരുന്നു ഐടി മന്ത്രാലയവും നല്‍കിയ മറുപടി. ഇതോടെ വിവരങ്ങള്‍ നല്‍കാന്‍ ഉത്തരവാദിത്തപ്പെട്ട അധികാരികള്‍ അത് നിരസിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാരിന്റേത് നിരുത്തരവാദപരമായ സമീപനമാണെന്നും വിവരാവകാശ കമ്മീഷന്‍ വിമര്‍ശിച്ചു. ആരോഗ്യ സേതുവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ നവംബര്‍ 24 ന് കമ്മീഷന് മുന്നില്‍ ഹാജരാകണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി ചീഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ക്കും ദേശീയ ഇ-ഗവേണന്‍സ് ഡിവിഷനും വിവരാവകാശ കമ്മിഷന്‍ നോട്ടിസ് അയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button