തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ ബിടെക് പരീക്ഷയില്‍ നടന്ന കൂട്ടക്കോപ്പിയടിയില്‍ പിടിച്ചെടുത്തത് 28 മൊബൈല്‍ ഫോണുകള്‍. . ഒരു കോളജിൽ നിന്നും 16 ഉം മറ്റൊരു കോളജിൽനിന്നും 10 ഉം മറ്റ് രണ്ടു കോളജുകളിൽ നിന്നും ഓരോ മൊബൈൽഫോൺ വീതവുമാണ് ഇൻവിജിലേറ്റഴ്സിന്റെ പരിശോധനയിൽ ലഭിച്ചത്.
ഒക്ടോബർ 23ന് നടന്ന മൂന്നാം സെമസ്റ്റർ ബിടെക് പരീക്ഷയിലാണ് ക്രമക്കേട് പിടികൂടിയത്. പരീക്ഷാഹാളിൽ മൊബൈൽ ഫോണുകൾക്ക് നിരോധനമുണ്ട്. അതിനാൽ മൊബൈൽ കൊണ്ടുവരുന്നവർ അവ പുറത്തുവയ്ക്കണമെന്ന് ഇൻവിജിലേറ്റർമാർ നിർദേശിക്കാറുണ്ട്. എന്നാൽ ഇൻവിജിലേറ്റർമാരെ ബോധ്യപ്പെടുത്താൻ ഒരെണ്ണം പുറത്തുവയ്ക്കുകയും രഹസ്യമായി മറ്റൊരു ഫോണുമായാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷാഹാളിലേക്ക് പ്രവേശിക്കുകയുമായിരുന്നു. സര്‍വ്വകലാശാല ചട്ടം അനുസരിച്ച് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്താല്‍ കുറ്റം ചെയ്ത വിദ്യാര്‍ത്ഥിയെ ഡീബാര്‍ ചെയ്യാം. ചിലയിടത്ത് ഫോണ്‍ തിരികെ കിട്ടാന്‍ ബഹളമുണ്ടാക്കിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
കോപ്പിയടിക്ക് വേണ്ടി മാത്രം ഒട്ടേറെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളാണ് പ്രവര്‍ത്തിച്ചത്. ഏകദേശം 75 മാര്‍ക്കിന്റെ ഉത്തരങ്ങള്‍ ഈ ഗ്രൂപ്പുകളില്‍ വന്നിട്ടുണ്ട്. ചോദ്യപേപ്പറിന്റെ ചിത്രം ഫോട്ടോ എടുത്ത് വാട്‌സ്ആപ്പില്‍ ഇടുന്നതിന് പിന്നാലെ ഉത്തരങ്ങളും ഗ്രൂപ്പിലെത്തും. പല ഫോണുകളും ലോക്ക് ചെയ്തിരിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന് സൈബര്‍ പൊലീസിന്റെ സഹായം തേടുന്നതും ആലോചിക്കുന്നുണ്ട്.
അതേസമയം ഓരോ കോളജുകളിലെയും അച്ചടക്ക സമിതികൾ കൂടി വിശദമായ റിപ്പോർട്ടുകൾ അഞ്ച് ദിവസത്തിനകം നൽകണമെന്ന് പ്രിൻസിപ്പൾമാരോട് ആവശ്യപ്പെട്ടു. അനധികൃതമായി മൊബൈൽ ഫോണുമായി പരീക്ഷാ ഹാളിൽ കയറുന്നവർക്ക് തുടർന്നുള്ള മൂന്ന് തവണവരെ പ്രസ്തുത പരീക്ഷ എഴുതാനാവില്ല എന്നതാണ് നിയമം.
Post Your Comments