Latest NewsKeralaNews

കെ.ടി.യു വി.സി നിയമനം: ഗവർണർക്ക് തിരിച്ചടി, സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

കൊച്ചി: സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ ചുമതല സിസാ തോമസിനു നൽകിയ ഗവർണറുടെ നടപടി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. വിഷയത്തിൽ പ്രഥമദൃഷ്ട്യാ നിയമപ്രശ്നമുണ്ടെന്നും സർക്കാർ വാദത്തിൽ കഴമ്പുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ഗവർണർ നടത്തിയ നിയമനം ചോദ്യംചെയ്യാൻ സർക്കാരിന് നിയമപരമായ അവകാശമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി സ്വീകരിച്ചത്.

സാങ്കേതിക സർവ്വകലാശാല വി.സിയുടെ താത്കാലിക നിയമനം നിയമപരമല്ലാത്തതിനാൽ റദ്ദാക്കണമെന്നാണ് സർക്കാർ ഹർജിയിലെ ആവശ്യം. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജി പരിഗണിച്ചത്. ഇതേ തുടർന്ന് മറുപടി നൽകാൻ ഗവർണർ സാവകാശം തേടി.

കേസുമായി ബന്ധപ്പെട്ട യു.ജി.സിയടക്കമുള്ള എല്ലാ കക്ഷികൾക്കും സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി ബുധനാഴ്ച വരെ സമയം അനുവദിച്ചിട്ടുണ്ട്. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും. സർവകലാശാലാ ഭരണ സംവിധാനങ്ങളിലെ തർക്കങ്ങൾ വിദ്യാർഥികളുടെ ഭാവിയെ ബാധിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു. വി.സി സ്ഥാനത്തേക്ക് സർക്കാർ നിർദേശിച്ചവരുടെ പേരുകളും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

വൈസ് ചാന്‍സലര്‍ സ്ഥാനം ഒഴിഞ്ഞ് കിടക്കുമെന്ന കാരണം ചുണ്ടിക്കാട്ടി നിയമനത്തിന് കോടതി താത്കാലിക സ്റ്റേ അനുവദിച്ചിരുന്നില്ല. സാങ്കേതിക സര്‍വ്വകലാശാല വി.സിയുടെ താത്കാലിക നിയമനം നിയമപരമല്ലാത്തതിനാല്‍ റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

വൈസ് ചാൻസലറെ ശുപാർശ ചെയ്യേണ്ടത് സർക്കാരാണ്. സിസ തോമസിനെ ഗവർണർ സ്വന്തം ഇഷ്ടപ്രകാരമാണ് നിയമിച്ചത് എന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

വി.സി നിയമനത്തിനായി സർക്കാർ മുന്നോട്ടുവച്ച ശുപാർശകൾ തള്ളിക്കൊണ്ടായിരുന്നു സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ജോയിന്റ് ഡയറക്ടറായ സിസ തോമസിനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കെ.ടി.യു വി.സിയുടെ ചുമതല നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button