പാലക്കാട്: വാളയാര്‍ കേസില്‍ വീഴ്ച വരുത്തിയത് പ്രോസിക്യൂട്ടര്‍മാരാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ രൂക്ഷവിമര്‍ശനവുമായി വാളയാര്‍ കേസിലെ മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍. വാളയാര്‍ കേസില്‍ വെറും മൂന്ന് മാസം മാത്രമാണ് താന്‍ പ്രോസിക്യൂട്ടറായി പ്രവര്‍ത്തിച്ചതെന്നും അഭ്യന്തരവകുപ്പ് ഇടപെട്ടാണ് തന്നെ പെട്ടെന്ന് മാറ്റി ലത ജയരാജിനെ പകരം പ്രോസിക്യൂട്ടറായി നിയമച്ചിതെന്നും ജലജ മാധവന്‍ ആരോപിക്കുന്നു.
പാലക്കാട് ശിശുക്ഷേമസമിതിയുടെ അധ്യക്ഷനാണ് കേസില്‍ പ്രതിക്കായി കോടതിയില്‍ ഹാജരായത്. ഈ നടപടി താന്‍ ചോദ്യം ചെയ്തതോടെയാണ് തന്നെ പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്നും മാറ്റിയത്. എന്നാല്‍ തന്നെ എന്തിന് മാറ്റി എന്നത് ഒരു ഓര്‍ഡറിലും പറഞ്ഞിട്ടില്ലെന്നും ജലജ പറയുന്നു. തനിക്ക് പകരം പ്രോസിക്യൂട്ടറായി വന്നത് നേരത്തെ സര്‍ക്കാരിനെതിരെ കേസ് നടത്തി പ്രോസിക്യൂട്ടര്‍ സ്ഥാനത്തിരിക്കുകയും പിന്നീട് കേസ് തോറ്റപ്പോള്‍ സര്‍ക്കാര്‍ പുറത്താക്കുകയും ചെയ്ത ആളാണ്. തന്നെ മാറ്റി യുഡിഎഫ് സര്‍ക്കാര്‍ കാലത്തെ പ്രോസിക്യൂട്ടറെ കേസേല്‍പിച്ചതിന് പിന്നിലെ കാരണമെന്താണെന്നും ജലജ ചോദിക്കുന്നു.
ജലജ മാധവന്റെ ഫേസ്ബുക്ക് പോസ്റ്റ് :
ഞാനെന്തിന് വെറുതേ പഴി കേള്‍ക്കണം??
സിഎമ്മിന്റെ പത്ര സമ്മേളനം…. വാളയാര്‍ കേസില്‍ വീഴ്ച വരുത്തിയത് പ്രോസീക്യൂട്ടര്‍മാര്‍… അവരെ മാറ്റുകയും ചെയ്തു. എല്ലാം ശുഭം..വാളയാര്‍ കേസിന്റെ സമയത്ത് കഷ്ടിച്ച് മൂന്ന് മാസം മാത്രം prosecutor ആയിരുന്നു ഞാന്‍. തുടക്കവും ഞാനല്ല, അവസാനവും ഞാനല്ല.സത്യ വിരുദ്ധമായ കാര്യങ്ങള്‍ ചര്‍ച്ചകളിലും മറ്റും പ്രചരിക്കുന്നത് കൊണ്ട് ചില സത്യങ്ങള്‍ എഴുതേണ്ടത് ആവശ്യമായി വന്നിരിക്കുന്നു.
എല്‍ഡിഎഫ് ഭരണത്തില്‍ വന്നപ്പോള്‍ പാലക്കാട് അടക്കമുള്ള 6 ജില്ലകളിലെ യുഡിഎഫ് കാലത്തുള്ള സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാര്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ കേസ് കൊടുക്കുകയും സ്റ്റേയുടെ ബലത്തില്‍ തുടരുകയും ചെയ്തു. ഒടുവില്‍ കേസില്‍ സര്‍ക്കാര്‍ ജയിച്ചപ്പോള്‍ അവരെ മാറ്റുകയും 2019 മാര്‍ച്ച് മാസത്തില്‍ ഈ 6 പ്രോസിക്യൂട്ടര്‍മാരെ മാറ്റി പുതിയ പ്രോസിക്യൂട്ടേഴ്‌സ് വന്നു. അങ്ങിനെയാണ് എന്റെയും നിയമനം.
എന്നാല്‍ കഷ്ടിച്ച് മൂന്നു മാസം കഴിയുമ്പോഴേക്കും അഭ്യന്തര ഡിപ്പാര്‍ട്‌മെന്റ്ല്‍ നിന്ന് വന്ന കാരണം ഒന്നും പറയാതെയുള്ള ഒരു എക്‌സ്ട്രാ ഓര്‍ഡിനറി ഓര്‍ഡര്‍ പ്രകാരം എന്നെ മാറ്റി വീണ്ടും യുഡിഎഫ് കാലത്തെ, എല്‍ഡിഎഫ് സര്‍ക്കാറിനോട് കേസ് നടത്തി തോറ്റ, പഴയ പ്രോസീക്യൂട്ടറിനെ വീണ്ടും നിയമിച്ചു. അതും അഭ്യന്തരവകുപ്പിന്റെ ഓര്‍ഡര്‍ പ്രകാരം.
ഇവിടെയാണ് ഒരു വിശദീകരണം ആവശ്യമുള്ളത്.എന്തിന് എന്നെ മാറ്റി എന്ന് ഒരു ഓര്‍ഡറിലും പറഞ്ഞിട്ടില്ല. അതെന്തായാലും വീണ്ടും യുഡിഎഫ് കാലത്തെ പ്രോസിക്യൂട്ടറെ തന്നെ തന്നെ അപ്പോയിന്റ് ചെയ്യാനുള്ള കാരണമെന്ത്? അതിന്റെ പിന്നിലെ കാരണം എന്ത്? ചാക്കോയും സോജനും എഫിഷ്യന്റായി കേസ് അന്വേഷിച്ചു കണ്ടെത്തി എന്നാണോ സിഎമ്മിന്റെ കണ്ടെത്തല്‍?
വാളയാര്‍ കേസില്‍ ശിശുക്ഷേമസമിതി ചെയര്‍മാന്‍ ഒരു പ്രതിക്ക് വേണ്ടി ഹാജരാവുകയും അതിന് അന്വേഷണം വന്നപ്പോള്‍ സത്യമായി മൊഴി കൊടുത്തതിനു പിറകെയാണ് എന്നെ മാറ്റിയത്. അപ്പോള്‍ മാറ്റുന്നതിനുള്ള കാരണം ഏതാണ്ട് വ്യക്തമാണ്. വാളയാര്‍ കേസില്‍ പ്രോസിക്യൂട്ടര്‍മാരുടെ വീഴ്ച എന്നു പറയാതെ, ആരുടെ വീഴ്ച, എവിടെ എന്നു കൃത്യമായി പറയണം. അല്ലാതെ ഇങ്ങിനെ പുകമറ സൃഷ്ടിക്കുന്നത് എന്തിനാണ്. ഞാനിത്രയും കാലം മിണ്ടാതിരുന്നത് തെറ്റായി എന്നു ഇപ്പോള്‍ തോന്നുന്നു. ഇക്കാര്യത്തില്‍ ആരുമായും ഒരു ചര്‍ച്ചക്ക് ഞാന്‍ തയ്യാറാണ്. മൊത്തമായി ഒരുമിച്ചു എഴുതിയാല്‍ വായിക്കാന്‍ ബുദ്ധിമുട്ടുണ്ടാവും. കമ്മീഷന്‍ തെളിവെടുപ്പിനെ കുറിച്ചും എനിക്ക് പറയാനുണ്ട്. അത് പിന്നെയാവട്ടെ
Post Your Comments