ശ്രീനഗർ : ലഡാക്ക് അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന സൈനികർക്കായി വിളക്ക് തെളിയിക്കാൻ രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെ സജ്ജമായിരിക്കാൻ സൈന്യത്തിന് നിർദേശം നൽകിയിരിക്കുകയാണ് ജനറൽ ബിപിൻ റാവത്ത്.
സമാധാന ശ്രമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി മൂന്ന് സൈനിക വിഭാഗങ്ങളോടും ഏത് സാഹചര്യവും നേരിടാൻ തയ്യാറെടുക്കണമെന്നാണ് സംയുക്ത സൈനിക മേധാവി നിർദേശം നൽകിയത്. നാവികസേനയുടെ മറൈൻ കമാൻഡോകളെ കിഴക്കൻ ലഡാക്കിൽ വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യൻ സൈന്യവും, പീപ്പിൾസ് ലിബറേഷൻ ആർമിയും ഗോഗ്ര-ഹോട്ട് സ്പ്രിംഗ്സിലും പാങ്കോംഗ് സോ തടാകത്തിന്റെ രണ്ട് കരകളിലുമായി നിലയുറപ്പിച്ചിരിക്കുകയാണ് .
ലഡാക്കിലെ 1597 കിലോമീറ്റർ യഥാർത്ഥ നിയന്ത്രണ രേഖയിൽ വിന്യസിച്ചിരിക്കുന്ന സൈനികർ, പീരങ്കികൾ, ടാങ്കുകൾ എന്നിവയിൽ പ്രാവീണ്യം നേടിയവരാണ്. കിഴക്കൻ ലഡാക്കിലെ സ്ഥിതി ഏത് സമയത്തും വഷളാകാൻ സാധ്യതയുള്ളതിനാൽ, ഏത് സാഹചര്യത്തിനും സായുധ സേന തയ്യാറായിരിക്കണമെന്നാണ് സൈനികർക്ക് നൽകിയിരിക്കുന്ന നിർദേശം.ഉത്സവ കാലം ആഘോഷിക്കുമ്പോൾ ലഡാക്കിലെ സാഹചര്യം മറക്കരുതെന്ന് സൗത്ത് ബ്ലോക്ക് ഉദ്യോഗസ്ഥൻ പറഞ്ഞതായും റിപ്പോർട്ടുണ്ട്.
Post Your Comments