കോട്ടയം : വിവാദങ്ങള്‍ക്കിടെ വീണ്ടും ആര്‍.എസ്.എസ്. കേന്ദ്രം സന്ദര്‍ശിച്ച് മുൻമന്ത്രിയും എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ. പനച്ചിക്കാട് ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് സേവാഭാരതി നടത്തുന്ന അന്നദാന മണ്ഡപത്തിലാണ് തിരുവഞ്ചൂര്‍ എത്തിയത്. ക്ഷേത്ര ഭാരവാഹികൾക്കൊപ്പമായിരുന്ന തിരുവഞ്ചൂരിന്റെ സന്ദർശനം.
ഇതോടെ തിരുവഞ്ചൂര്‍-ആര്‍.എസ്.എസ്. രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് കോട്ടയം മണ്ഡലത്തില്‍ നാളെ സി.പി.എം. പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. എന്നാൽ സിപിഎമ്മിന് മറുപടിയുമായി തിരുവഞ്ചൂർ തന്നെ രംഗത്തെത്തിയിട്ടുണ്ട്.
അന്നദാനമണ്ഡലത്തിലെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് വേണ്ടിയാണ് പോയത്. അവിടെ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമായിരുന്നു. സിപിഎമ്മിന്ക്ഷേത്രം എന്തെന്ന് അറിയാത്തതു കൊണ്ടാണ് വിവാദം ഉണ്ടാക്കിയത്. അവര്‍ ഒരിക്കലെങ്കിലും നേരെ ചൊവ്വേ ക്ഷേത്രത്തില്‍ പോവണ്ടേ. അവര് ആരാധന നടത്തണ്ടേ. ദൈവവിശ്വാസം അവര്‍ക്കുണ്ടെങ്കില്‍ അവര്‍ ദൈവവിശ്വാസികളുടെ വിശ്വാസത്തെ മാനിക്കുകയല്ലേ ചെയ്യേണ്ടത്- മാധ്യമങ്ങളോട് തിരുവഞ്ചൂര്‍ പ്രതികരിച്ചു.
ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞിട്ടാണ് അന്നദാന മണ്ഡപത്തിലെത്തിയത് എന്ന തിരുവഞ്ചൂരിന്റെ വാദം ക്ഷേത്രം ട്രസ്റ്റികളും ശരിവെച്ചു. തങ്ങളുടെ ആവശ്യപ്രകാരമാണ് തിരുവഞ്ചൂര്‍ ഇപ്പോള്‍ വന്നതും ഇതിനു മുന്‍പ് വന്നതും. കൊടുക്കുന്ന ഭക്ഷണത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ, അറേഞ്ച്‌മെന്റുകള്‍ എല്ലാം ശരിയാണോ എന്നൊക്കെ നോക്കണ്ട ബാധ്യത തിരുവഞ്ചൂരിനുണ്ട്. അദ്ദേഹത്തെ ഇക്കാര്യം ബോധ്യപ്പെടുത്തേണ്ട ബാധ്യത തങ്ങള്‍ക്കുണ്ടെന്നും ക്ഷേത്രം ട്രസ്റ്റികളില്‍ ഒരാള്‍ പറഞ്ഞു.
Post Your Comments