കൊല്ലം: കൈക്കൂലി വാങ്ങുന്നതിനിടെ ഗ്രേഡ് സബ് ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയില്‍. ശക്തികുളങ്ങര പൊലീസ് സ്‌റ്റേഷനിലെ ഗ്രേഡ് സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ സലിമാണ് പിടിയിലായത്. താന്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച സ്ത്രീധന പീഡന കേസില്‍ പ്രതിക്ക് അനുകൂലമായി കോടതിയില്‍ മൊഴി നല്‍കാനെന്ന പേരില്‍ 25000 രൂപ കൈക്കൂലി വാങ്ങവെയാണ് അബ്ദുല്‍ സലിം വിജിലന്‍സ് പിടിയിലായത്. കേസ് രജിസ്റ്റര്‍ ചെയ്ത സമയത്തും പരാതിക്കാരനില്‍നിന്ന് രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി പരാതിയുണ്ട്.
അഞ്ച് വര്‍ഷത്തിന് മുമ്പ് ചവറ പൊലീസ് സ്‌റ്റേഷനില്‍ അബ്ദുല്‍ സലിം ജോലി ചെയ്യവെ പരാതിക്കാരനായ ഫൈസല്‍ പ്രതിയായി സ്ത്രീധന പീഡന കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം കോടതി മുമ്പാകെ സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞയാഴ്ച അബ്ദുല്‍ സലിമിന് ഈ കേസില്‍ മൊഴി നല്‍കാന്‍ കോടതിയില്‍ നിന്നും സമന്‍സ് വന്നിരുന്നു. ഇതേതുടര്‍ന്നാണ് സലിം ഫോണില്‍ ഫൈസലിനെ വിളിച്ച് കോടതിയില്‍ അനുകൂല മൊഴി നല്‍കാന്‍ പണം ആവശ്യപ്പെട്ടത്. 25000 രൂപയായിരുന്നു സലിം ആവശ്യപ്പെട്ടത്.
എന്നാല്‍ ഫൈസല്‍ ഇക്കാര്യം ഉടനെ കൊല്ലം വിജിലന്‍സ് യൂനിറ്റ് ഡിവൈ.എസ്.പി കെ. അശോക് കുമാറിനെ അറിയിച്ചു. തുടര്‍ന്ന് ശനിയാഴ്ച വൈകുന്നേരം കരുനാഗപ്പള്ളിയിലെ അബ്ദുല്‍ സലിമിന്റെ ബന്ധുവിന്റെ ജ്വല്ലറിയില്‍ വെച്ചാണ് കൈക്കൂലി വാങ്ങുന്നതിനിടെ ഇന്‍സ്‌പെക്ടര്‍മാരായ എം. അജയനാഥ്, ജി.എസ്.ഐമാരായ ഹരിഹരന്‍, സുനില്‍, എ. ഫിലിപ്പോസ്, എസ്.ഐമാരായ അജയന്‍, ജയഘോഷ്, സുരേഷ് കുമാര്‍, എസ്.സി.പി.ഒമാരായ ദീപന്‍, ശരത് എന്നിവരുടെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്.
Post Your Comments