കോഴിക്കോട്: സ്വര്‍ണ കള്ളക്കടത്ത് കേസില്‍ തന്റെ പേര് മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായരുടെ ഭാര്യ നല്‍കിയ മൊഴി നിഷേധിച്ച് കാരാട്ട് റസാഖ് എംഎല്‍എ. കേസിലേക്ക് തന്റെ പേര് പരാമര്‍ശിക്കപ്പെട്ടത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്ന് അദ്ദേഹം പറഞ്ഞു.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമില്ലെന്നും റമീസിനേയോ മറ്റ് പ്രതികളേയോ അറിയില്ല അന്വേഷണ ഏജന്‍സികള്‍ തന്നെ ഇതുവരേയും ബന്ധപ്പെട്ടിട്ടില്ല. സന്ദീപിന്റെ ഭാര്യയുടെ മൊഴിക്ക് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമാകാം. മൊഴി വിശ്വസനീയമല്ല. പ്രത്യേജ അജണ്ടവെച്ചുള്ള അന്വേഷണം പാടില്ല എന്നും എംഎല്‍എ പ്രതികരിച്ചു.
സ്വര്‍ണക്കടത്ത് കേസില്‍ കാരാട്ട് റസാഖ് എം എല്‍ എയ്ക്കും കാരാട്ട് ഫൈസലിനും പങ്കുള്ളതായി പ്രതി സന്ദീപ് നായരുടെ ഭാര്യ സൗമ്യ നല്‍കിയി മൊഴി ഇന്നാണ് പുറത്തുവന്നത്. എന്നാല്‍ കാരാട്ട് എന്ന പേര് കാരണം പലതിലേക്കും വലിച്ചിഴക്കുകയാണെന്നും ലീഗ് എംഎല്‍എക്കെതിരായ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തന്റെ പേര് പറഞ്ഞത് പ്രതികളല്ല പ്രതിയുടെ ഭാര്യയാണ്. മൊഴി വിശ്വസനീയമല്ല. പുറത്ത് നില്‍ക്കുന്നവരെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നുവെന്നും എംഎല്‍എ പറഞ്ഞു.
റമീസ് സ്വര്‍ണം കടത്തിയത് റസാഖിനും ഫൈസലിനും വേണ്ടിയാണെന്നാണ് സൗമ്യ മൊഴി നല്‍കിയത്. ജൂലായ് എട്ടിനാണ് കസ്റ്റംസ് സൗമ്യയെ വിളിച്ച് മൊഴിയെടുത്തത്. സ്വര്‍ണക്കടത്ത് സ്വപ്നയുടെ ഒത്താശയോടുകൂടിയാണെന്നും മൊഴിയില്‍ പറയുന്നു. സ്വര്‍ണക്കടത്തിനെ താന്‍ എതിര്‍ത്തപ്പോള്‍ സന്ദീപ് ഉപദ്രവിച്ചെന്നും സൗമ്യ മൊഴി നല്‍കിയിട്ടുണ്ട്.
Post Your Comments