ചെന്നൈ : കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ടെക്സറ്റയില്‍സില്‍ വന്‍തിരക്ക് . ടെക്സറ്റയില്‍സിന് പൂട്ട് വീണു. തമിഴ്‌നാട്ടിലെ പ്രശസ്തമായ ടി നഗറിലുള്ള കുമരന്‍ സില്‍ക്‌സ് ആണ് കോര്‍പ്പറേഷന്‍ അധികൃതരെത്തി അടപ്പിച്ചു. വസ്ത്രാലയത്തിനുള്ളില്‍ സാമൂഹിക അകലം പാലിക്കാതെ സ്ത്രീകള്‍ കൂട്ടമായി വസ്ത്രം വാങ്ങാന്‍ തിക്കും തിരക്കും ഉണ്ടാക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിലടക്കം വൈറലായതിനെ തുടര്‍ന്നാണ് വസ്ത്രാലയം പൂട്ടാന്‍ അധികൃതര്‍ തീരുമാനിച്ചത്.
രാജ്യത്തെ കൊവിഡ് ബാധിതരില്‍ നല്ലൊരു പങ്കും റിപ്പോര്‍ട്ട് ചെയ്തത് തമിഴ്‌നാട്ടിലായിരുന്നു. കൊവിഡ് ഭീതി ഇനിയും വിട്ടകലാത്ത ചെന്നൈ നഗരത്തില്‍ ഇത്തരമൊരു തിരക്കുണ്ടായിട്ടും ഉടന്‍ തടയുന്നതില്‍ അധികൃതര്‍ക്ക് ഉണ്ടായ വീഴ്ചയും ചര്‍ച്ചാ വിഷയമാണ്. സമൂഹ മാദ്ധ്യമങ്ങളില്‍ തിരക്കിന്റെ വീഡിയോ പ്രചരിച്ച ശേഷം മാത്രമാണ് ഉദ്യോഗസ്ഥര്‍ നടപടിക്ക് മുതിര്‍ന്നത്. മാസ്‌ക് പോലും കൃത്യമായി ധരിക്കാതെയായിരുന്നു സ്ത്രീകളുടെ കൂട്ടം വസ്ത്രാലയത്തില്‍ തിക്കും തിരക്കുമുണ്ടാക്കുന്നതെന്ന് വീഡിയോയില്‍ കാണാം.
നവരാത്രി, ദീപാവലി ആഘോഷങ്ങളിലേക്ക് കടക്കുന്ന സമയമായതിനാലാണ് ജനം തിരക്കു കൂട്ടി പുതു വസ്ത്രങ്ങള്‍ വാങ്ങുവാനെത്തുന്നത്. ആഘോഷങ്ങള്‍ വീട്ടിലിരുന്ന് സംഘടിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയടക്കം മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും ജനം അതൊന്നും കേള്‍ക്കുന്നില്ലെന്നതിന്റെ തെളിവാണ് തമിഴ്‌നാട്ടിലെ വസ്ത്രാലയത്തിനുള്ളിലെ ഈ കാഴ്ച. രണ്ട് ദിവസം മുന്‍പ് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുന്‍കരുതല്‍ സ്വീകരിക്കേണ്ട ആവശ്യകതയെ കുറിച്ച് ജനങ്ങളെ ഓര്‍മിപ്പിച്ചിരുന്നു.
Post Your Comments