മഹാരാഷ്ട്രയിൽ ബിജെപിക്ക് കനത്ത രാഷ്ട്രിയ തിരിച്ചടി നൽകി മുതിർന്ന നേതാവ് ഏക്‌നാഥ് ഖഡ്‌സേ പാർട്ടി വിട്ടു. ഖഡ്‌സെ വെള്ളിയാഴ്ച എൻസിപിയിൽ ചേരുമന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് ജയന്ത് പാട്ടീൽ അറിയിച്ചു. വിജയത്തിന്റെ കൊടിമുടി കയറുമ്പോൾ അടിത്തറ ഇളകുന്നത് എന്തുകൊണ്ടാണെന്ന് സമയം കിട്ടുമ്പോൾ ആലോചിക്കാൻ ബിജെ.പിയോട് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടു. ഖഡ്‌സെയുടെ രാജിയുമായി ബന്ധപ്പെട്ട വാർത്തകളോടൊന്നും ഇപ്പോൾ പ്രതികരിക്കാൻ സമയമായില്ലെന്ന് ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതികരിച്ചു.
35 വർഷമായി ബിജെപിയിൽ പ്രവർത്തിക്കുന്ന, മഹാരാഷ്ട്രയിൽ ബിജെപി കെട്ടിപ്പടുക്കാൻ വലിയ പങ്ക് വഹിച്ച നേതാവാണ് ഏക്‌നാഥ് ഖഡ്‌സേ. ഒരു കാലഘട്ടത്തിൽ ബിജെപിയുടെ മഹാരാഷ്ട്രയിലെ മുഖങ്ങളിൽ ഒന്നായിരുന്നു അദ്ദേഹം. ഖഡ്‌സേ പാർട്ടിവിടുന്നത് അതുകൊണ്ട് തന്നെ ബിജെപിക്ക് വലിയ തിരിച്ചടിയാണ്. 2016 ൽ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള ബിജെപി മന്ത്രിസഭയിൽ മന്ത്രിയായിരിക്കെ അഴിമതി ആരോപണത്തെത്തുടർന്ന് ഖഡ്‌സെ രാജിവെച്ചു. പാർട്ടി കൂടി സ്‌പോൺസർ ചെയ്ത ആരോപണം എന്ന വിമർശനം ആ ഘട്ടം മുതൽ ഖഡ്‌സേയ്ക്ക് ഉണ്ടായിരുന്നു. ഖഡ്‌സേ പാർട്ടിയിൽ തുടർന്നെങ്കിലും നേത്യത്വവുമായി ശീതയുദ്ധമാണ് നടത്തി വന്നത്. ഇതിന്റെ തുടർച്ചയായാണ് ബിജെപി വിടാനുള്ള തീരുമാനം.
Post Your Comments