തിരുവനന്തപുരം: മലയാള സിനിമയില്‍ ഇനി പാടില്ലെന്ന് പ്രഖ്യാപിച്ച് മലയാളികളെ ഞെട്ടിച്ച വിജയ് യേശുദാസ് ചിലകാര്യങ്ങള്‍ കൂടി വെളിപ്പെടുത്തുന്നു… പ്രാര്‍ത്ഥനയും മന്ത്രവുമല്ല വേണ്ടത്… വീണ്ടും വിവാദ വെളിപ്പെടുത്തലുകള്‍ നടത്തി വിജയ് യേശുദാസ്. ‘വനിത’യ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് വിജയ് ഇക്കാര്യം പറഞ്ഞത്. സര്‍വമത വിശ്വസിയാണ് തന്റെ അപ്പ യേശുദാസ്. എന്നാല്‍ താന്‍ വിശ്വാസം ഉപേക്ഷിച്ചുവെന്ന് വിജയ് വെളിപ്പെടുത്തുന്നു.
‘ദൈവവിശ്വാസത്തിന്റേയും ഭക്തിയുടേയും കാര്യങ്ങളില്‍ ഞാനും അപ്പയും തമ്മില്‍ ചേരില്ല. എല്ലാ ജന്മനാളിലും അപ്പ മൂകാംബികയിലാകും. ശബരിമല അയ്യപ്പനെ പാടി ഉറക്കുന്നതും ഉണര്‍ത്തുന്നതും അപ്പയാണ്. കച്ചേരിക്ക് മുന്‍പ് പ്രത്യേക വ്രതചിട്ടയുമുണ്ട്. എല്ലാ ദൈവങ്ങളേയും ബഹുമാനിക്കണമെന്നാണ് അപ്പയും അമ്മയും പഠിപ്പിച്ചത്.പണ്ടൊക്കെ വീട്ടിലെ പൂജാമുറിയിലായിരുന്നു എന്റേയും ദിവസം ആരംഭിച്ചിരുന്നത്. ഒരു ഘട്ടത്തില്‍ തോന്നി ഇതൊക്കെ വെറും മിഥ്യയാണെന്ന്. ഇപ്പോള്‍ അഞ്ച് വര്‍ഷമായി ക്ഷേത്രത്തിലോ പള്ളിയിലോ പോയിട്ട്. പ്രാര്‍ത്ഥന കൊണ്ടും മന്ത്രം കൊണ്ടും ഒരു കാര്യവുമില്ലെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു.’- വിജയ് പറയുന്നു.
എന്റെ തീരുമാനങ്ങളെല്ലാം എന്റേതുമാത്രമാണ്. പാട്ടും അഭിനയവും ബിസിനസുമെല്ലാം ഞാന്‍ ഇഷ്ടപ്പെട്ടു ചെയ്യുന്നതാണ്. ഈ പ്രായത്തിലും അച്ഛന്റെ സമ്മതങ്ങള്‍ ചോദിച്ച് തീരുമാനമെടുക്കാന്‍ പറ്റുമോ. യേശുദാസ് ലെജന്‍ഡ്് ആണ്. വര്‍ഷങ്ങളായി അദ്ദേഹം ആര്‍ജ്ജിച്ചെടുത്തതാണ് ആ സ്ഥാനം. ഞാന്‍ എന്തുചെയ്താലും അതിന് ഒരു പോറല്‍പോലും ഏല്‍ക്കില്ല. അപ്പയുടെ രീതിയില്‍ ഞാനും ജീവിക്കണമെന്ന് ആരും നിര്‍ബന്ധം പറയാറില്ല. അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ ഉള്‍ക്കൊള്ളാറുണ്ട്. പക്ഷേ എല്ലാത്തിനും അപ്പയുടെ അനുവാദം ചോദിക്കുന്ന മകനല്ല ഞാന്‍.
അതേസമയം, മലയാള സിനിമയില്‍ ഇനി പാടില്ലെന്ന് വിജയ് യേശുദാസ് ഈ അഭിമുഖത്തില്‍ പറഞ്ഞത് വിവാദമായിരുന്നു. അവഗണന സഹിക്കാനാകുന്നില്ലെന്നും മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും ഗായകര്‍ക്കും അര്‍ഹിക്കുന്ന വില കിട്ടുന്നില്ലെന്നും മടുത്തിട്ടാണ് ഇനി പാടില്ലെന്ന തീരുമാനമെടുത്തതെന്നുമായിരുന്നു വിജയ് യേശുദാസ് പറഞ്ഞത്.
Post Your Comments