മുംബൈ: ടി.ആര്‍.പി തട്ടിപ്പ് കേസില്‍ അര്‍ണാബ് ഗോസ്വാമി മുംബൈ പോലീസ് കമ്മീഷണർക്കെതിരെ 200 കോടിയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തതിനു പിന്നാലെ അർണാബിനെതിരെ കോടതിയെ സമീപിച്ച് മുന്‍ പോലീസ് ഉദ്യോഗസ്ഥര്‍. ടി.ആര്‍.പി തട്ടിപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് റിപ്പബ്ലിക് ടി.വിയെ വിലക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഇക്ബാല്‍ ഷെയ്ഖ് സിറ്റി സിവില്‍ കോടതിയില്‍ ഹര്‍ജി നല്‍കി.
ടി.ആര്‍.പി തട്ടിപ്പ് കേസില്‍ മുംബൈ പോലീസിനെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ നിരന്തരം സംപ്രേക്ഷണം ചെയ്യുന്നത് ചൂണ്ടിക്കാട്ടിയാണ് പരാതി. അതേസമയം മഹാരാഷ്ട്ര സർക്കാർ കോടതിയിൽ കൊടുത്ത സ്റ്റേറ്റ്മെന്റിൽ റിപ്പബ്ലിക് ടിവി ടിആർപി തട്ടിപ്പ് നടത്തിയിട്ടില്ലെന്നാണ് കൊടുത്തിരിക്കുന്നത്. ഇതിനെ തുടർന്നാണ് അർണാബ് തങ്ങളുടെ പേര് പത്രസമ്മേളനത്തിൽ ആരോപിച്ച മുംബൈ പോലീസ് കമ്മീഷണർക്കെതിരെ മാനനഷ്ടക്കേസ് കൊടുത്തത്.
അതേസമയം മുന്‍ പോലീസ് ഉദ്യോഗസ്ഥന്റെ പരാതിയില്‍ കാണ്ഡിവാലി പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും. അര്‍ണാബ് ഗോസ്വാമിയും റിപ്പബ്ലിക് ചാനലും കുറ്റാരോപിതരായ കേസിലാണ് റിപ്പബ്ലിക് ചാനല്‍ ചര്‍ച്ച നടത്തി സ്വന്തം ഭാഗം ന്യായീകരിക്കുകയും മുംബൈ പോലീസിനെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇക്ബാല്‍ ഷെയ്ഖ് പരാതി നല്‍കിയത്.
ഗോസ്വാമിയുടെ ചര്‍ച്ചകള്‍ അന്വേഷണത്തെ സ്വാധീനിക്കാനിടയുണ്ടെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. അന്വേഷണം നടക്കുന്ന കേസുകളില്‍ ചര്‍ച്ചകള്‍ നടത്തുന്നത് സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പരാതിക്കാരന്‍ പറഞ്ഞു.
Post Your Comments