Latest NewsIndia

മഹാരാഷ്ട്ര ഭരിക്കുന്നത് ബിജെപി ഭരണത്തിൽ അടങ്ങിയിരുന്ന അധോലോകം, രാഷ്ട്രീയ അട്ടിമറികള്‍ക്ക് കാത്ത് മഹാരാഷ്ട്ര

അംബാനിയുടെ വസതിക്ക് മുമ്പില്‍ സ്‌കോര്‍പിയോ പാര്‍ക്ക് ചെയ്യുമ്പോള്‍ ഓടിച്ചിരുന്നത് സച്ചിന്‍ വാസെയായിരുന്നു. ഈ സ്‌കോര്‍പിയോയെ വാസെയുടെ സ്വന്തം ഡ്രൈവര്‍ ഓടിച്ച ഇന്നോവയും അനുഗമിച്ചിരുന്നു.

മുംബൈ: മുംബൈ പൊലീസിനെ മാത്രമല്ല, മഹാരാഷ്ട്ര സര്‍ക്കാരിനെ കൂടി പിടിച്ചുകുലുക്കുകയാണ് സച്ചിന്‍ വാസെ കേസ്. മുകേഷ് അംബാനിയുടെ വസതിക്ക് മുമ്പില്‍ ഫെബ്രുവരി 25 ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്ത സംഭവമാണ് സര്‍ക്കാരിനെ വരെ ഉലയ്ക്കുന്നത്. കേസില്‍ അറസ്റ്റിലായ അസിസ്റ്റന്റ് പൊലീസ് ഇന്‍സ്പക്ടര്‍ സച്ചിന്‍ വാസെയാണ് അംബാനിയുടെ വസതിക്ക് മുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കോര്‍പിയോയില്‍ കൊണ്ടുവച്ച ജലാറ്റിന്‍ സ്റ്റിക്കുകള്‍ സംഘടിപ്പിച്ചതെന്ന് വ്യക്തമായി.

ക്വാറി ഉടമകള്‍ ഏറെയുള്ള വസായില്‍ നിന്നാവാം ജെലാറ്റിന്‍ സ്റ്റിക്കുകള്‍ ശേഖരിച്ചതെന്നാണ് എന്‍ഐഎ നിഗമനം.അംബാനിയുടെ വസതിക്ക് മുമ്പില്‍ സ്‌കോര്‍പിയോ പാര്‍ക്ക് ചെയ്യുമ്പോള്‍ ഓടിച്ചിരുന്നത് സച്ചിന്‍ വാസെയായിരുന്നു. ഈ സ്‌കോര്‍പിയോയെ വാസെയുടെ സ്വന്തം ഡ്രൈവര്‍ ഓടിച്ച ഇന്നോവയും അനുഗമിച്ചിരുന്നു. വാസെയുടെ സാന്നിധ്യം തെളിയിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ ഉണ്ടെന്ന് എന്‍ഐഎ പറയുന്നു.

വാസെയും അറസ്റ്റിലായ കോണ്‍സ്റ്റബിള്‍ വിനായക് ഷിന്‍ഡേയും ഓഡി കാറില്‍ മാര്‍ച്ച്‌ മൂന്നിന് താനെയിലേക്ക് യാത്ര ചെയ്തതായി വിവരം കിട്ടി. മിതി നദിയില്‍ നിന്ന് കണ്ടെത്തിയ ലാപ് ടോപ്, പ്രിന്റര്‍, രണ്ടുഹാര്‍ഡ് ഡിസ്‌കുകള്‍, പണ്ട് സിപിയു. രണ്ട് ഡിവിആര്‍ എന്നിവ സൈബര്‍ വിദഗ്ധ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. മിതി നദിയിലേക്ക് എറിയും മുമ്പ് വാസെ ലാപ് ടോപ് നശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.

കേസില്‍ ഒരു തുമ്ബുമില്ലെന്ന് പറഞ്ഞെങ്കിലും മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉന്നയിച്ച ആരോപണങ്ങളാണ് വഴിത്തിരിവായത്.സ്‌ഫോടക വസ്തുക്കളുണ്ടായിരുന്ന വാഹനത്തിന്റെ ഉടമയും കാര്‍ അലങ്കാര ബിസിനസുകാരനുമായ താനെ സ്വദേശി മന്‍സുഖ് ഹിരനുമായി വാസെ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നായിരുന്നു ഫഡ്‌നാവിസിന്റെ ആരോപണം.

വാസെയും ഹിരനും തമ്മിലുള്ള ഫോണ്‍ കോളുകളുടെ കോള്‍ ഡാറ്റാ റെക്കോര്‍ഡ് വിശദാംശങ്ങള്‍ ഫഡ്‌നാവിസ് നിയമസഭയില്‍ വായിച്ചു. ഇതിനു പിന്നാലെ ഹിരന്റെ ശവശരീരം കണ്ടെത്തുകയും വാസെയ്‌ക്കെതിരെ ഭാര്യ ആരോപണം ഉന്നയിക്കുകയും ചെയ്തു. ഇത് കൂടാതെ മുംബൈ പൊലീസ് -രാഷ്ട്രീയ- അധോലോക ബന്ധം വെളിപ്പെടുത്തിയത് മുംബൈയുടെ മുന്‍ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിങ് ആണ്. മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും അയച്ച കത്താണ് രാഷ്ട്രീയ ഭൂകമ്പത്തിന് തിരികൊളുത്തിയത്.

ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് സച്ചിന്‍ വാസെയോട് മുംബൈയിലെ ബാറുകളില്‍ നിന്നും റസ്‌റ്റോറണ്ടുകളില്‍ നിന്നും മറ്റുസ്ഥാപനങ്ങളില്‍ നിന്നും 100 കോടി ശേഖരിക്കാന്‍ നിര്‍ദ്ദേശിച്ചു, എന്നാൽ ദേശ്മുഖിനെ പവാർ സംരക്ഷിച്ചു. ശേഷം അമിത് ഷായുമായി പവാർ കൂടിക്കാഴ്ച നടത്തി. ഇതോടെ ശിവസേന മുഖപത്രത്തിൽ ദേശ്മുഖിനെതിരെ ആരോപണങ്ങൾ ഉയർന്നു. എന്തായാലും മഹാവികാസ് അഘാടിയിൽ ആകെ ഇപ്പോൾ തമ്മിലടിയാണ് ഉള്ളത്.രാഷ്ട്രീയക്കാര്‍ ഏറ്റുമുട്ടല്‍ കൊലകളിലും, മറ്റും പരോക്ഷമായി പങ്കുവഹിക്കുന്ന അപകടകരമായ രാഷ്ട്രീയമാണ് മഹാരാഷ്ട്രയില്‍ പയറ്റുന്നത്.

അധോലോകം മേല്‍ക്കൈ നേടുന്ന നിരവധി ഘട്ടങ്ങളിലൂടെ മുംബൈ കടന്നുപോയിട്ടുണ്ട്. ഏറ്റുമുട്ടല്‍ പൊലീസ് കടന്നുവന്നത് 90 കളിലായിരുന്നു. പിന്നീട് അധോലോകത്തെ അടിച്ചമര്‍ത്തിയപ്പോഴേക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസുകളായി.ദുബായ് കേന്ദ്രമാക്കിയുള്ള അധോലോകമല്ല മുംബൈ ഭരിക്കുന്നത്. രാഷ്ട്രീയക്കാരും പൊലീസും ചേര്‍ന്ന ഒരുപിടിച്ചുപറി അധോലോക മാഫിയയാണ് മുംബൈ ഭരിക്കുന്നത്. സച്ചിന്‍ വാസെയെ പോലെ കൂടുതല്‍ അധികാരങ്ങളുള്ളവരാണ് അത് ദുരുപയോഗിക്കുന്നത്.

അത്തരക്കാരെ പുറത്താക്കിയാലും അവര്‍ മടങ്ങി വരുമെന്നതാണ് ദുരന്തം.നീണ്ടകാലം സസ്‌പെന്‍ഷനിലായിരുന്ന സച്ചിന്‍ വാസെ ഇക്കാലഘട്ടത്തില്‍ ശിവസേനയില്‍ അംഗത്വമെടുത്തിരുന്നു.ഘാട്കോപ്പര്‍ സ്ഫോടനക്കേസില്‍ പ്രതിയുടെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട കേസില്‍ 2004 മുതല്‍ സസ്പെന്‍ഷനിലായിരുന്ന സച്ചിന്‍ വാസെയെ 2020ല്‍ ഉദ്ധവ് സര്‍ക്കാര്‍ തിരിച്ചെടുക്കുകയായിരുന്നു. ശിവസേനയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് സസ്പെന്‍ഷന്‍ പിന്‍വലിച്ചതും തിരിച്ചെടുത്തതും.

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനുള്ള നടപടിയുടെ മറവിലാണ് അദ്ദേഹത്തെ തിരിച്ചുകൊണ്ടുവന്നത്. സേനയിലേക്ക് തിരിച്ചെത്തി ദിവസങ്ങള്‍ക്കുള്ളില്‍, വാസെയെ മുംബൈക്രൈംബ്രാഞ്ചിലേക്ക് മാറ്റി സിഐയുവിന്റെ ചുമതല നല്‍കി.ഉദ്യോഗസ്ഥ പദവി പ്രകാരം താരതമ്യേന ജൂനിയറായിട്ടും പ്രമാദമായ ടെലിവിഷന്‍ റേറ്റിങ് പോയിന്റ് (ടിആര്‍പി) അഴിമതി പോലെയുള്ള മുംബൈയിലെ സുപ്രധാന കേസുകള്‍ ഇയാളാണ് കൈകാര്യം ചെയ്തത്.

അന്‍വേ നായിക് ആത്മഹത്യക്കേസില്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍നബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്ത ടീമിനെ നയിച്ചതും സച്ചിന്‍ വാസെയാണ്. അർണാബിനെ വലിച്ചിഴച്ചു കൊണ്ടുപോയതും ഇയാൾ ആയിരുന്നു. അർണാബിനെ കൊലപ്പെടുത്താൻ ശ്രമമുണ്ടായി എന്ന് അർണാബ് ആരോപിച്ചിരുന്നു. ഇപ്പോൾ കൂട്ടിവായിക്കുമ്പോൾ ശിവസേനയുടെ വിശ്വസ്തൻ തങ്ങളുടെ നിരന്തര വിമർശകനായ അർണാബിനെതിരെ തിരിഞ്ഞതിൽ യാതൊരു അതിശയവുമില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button