KeralaLatest NewsNews

‘വിമാനത്താവള വിഷയത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ പച്ചനുണകള്‍ പ്രചരിപ്പിക്കുന്നു’; കുമ്മനം രാജശേഖരന്‍

വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതിനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പച്ചനുണകൾ പ്രചരിപ്പിക്കുന്നത് സ്വർണക്കടത്തിന്റെ ജാള്യത മറച്ചുവച്ച് ജനശ്രദ്ധ മാറ്റാനാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. മന്ത്രി കടകംപള്ളി സുരേന്ദ്രൻ യാഥാർഥ്യം ജനങ്ങളിൽനിന്ന് ഒളിപ്പിച്ചുവച്ചു സ്വയം കയ്യടി നേടാൻ ശ്രമിക്കുകയാണെന്ന് കുമ്മനം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം………………………………………….

വികസനച്ചിറക് അരിയുന്നവർ !

സ്വർണ്ണക്കടത്തിന്റെ ജാള്യത മറച്ച് വെച്ച് ജനശ്രദ്ധ മാറ്റാനാണ് തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ കമ്പനിക്ക് തീറെഴുതിയെന്നും വിറ്റുവെന്നും മറ്റും പച്ചനുണകൾ പ്രചരിപ്പിക്കുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ യാഥാർഥ്യം ജനങ്ങളിൽ നിന്നും ഒളിപ്പിച്ചുവെച്ച് സ്വയം കയ്യടി നേടാൻ ശ്രമിക്കുകയാണ്.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല സ്വകാര്യ കമ്പനിക്ക് കൊടുത്തത് രഹസ്യമായല്ല. എല്ലാവിധ നടപടിക്രമങ്ങളും നിയമപരമായ കീഴ്‌വഴക്കങ്ങളും പാലിച്ചുകൊണ്ടാണ്. ഹൈക്കോടതിയും അംഗീകരിച്ചുകഴിഞ്ഞു. വിമാനത്താവളം പിടിച്ചെടുക്കാൻ കേരള സർക്കാർ ഏതറ്റം വരെയും പോകുമെന്നാണ് ഇപ്പോൾ മന്ത്രി കടകംപള്ളി പറയുന്നത്. ലേലത്തിൽ പങ്കുകൊണ്ട് എല്ലാ കൈമാറ്റ വ്യവസ്ഥകളും അംഗീകരിച്ച കേരള സർക്കാർ, തൊറ്റുകഴിഞ്ഞപ്പോൾ ലേലം ശരിയായില്ല എന്ന് പറയുന്നതിൽ എന്ത് അർത്ഥം ? കേരള സർക്കാർ നടത്തുന്ന എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും നഷ്ടത്തിലാണ്. പലതും പൂട്ടി. വിദേശ കൺസൾട്ടൻസി കമ്പനികൾക്ക് പല പ്രോജക്ടുകളും തീറെഴുതിക്കൊടുത്തു. നിക്ഷേപകരെ കേരളത്തിലേക്ക് ആകർഷിക്കാൻ കോടികൾ കേരള സർക്കാർ മുടക്കുന്നു.
വസ്തുതകൾ ഇതായിരിക്കെ, വിമാനത്താവളത്തെ ലാഭകരമാക്കാനും, യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനും, വികസിപ്പിക്കാനും ഒരു സ്വകാര്യ കമ്പനി തയ്യാറാകുമ്പോൾ കേരള സർക്കാർ ഇടംകോലിട്ട് മുടക്കാൻ നോക്കുന്നത് ഇവിടെ മാത്രം നാം കാണുന്ന പ്രതിഭാസമാണ്. മറ്റ് സംസ്ഥാനങ്ങളിൽ സ്വകാര്യ പങ്കാളിത്തത്തോടെ വൻകിട പ്രൊജക്റ്റുകൾക്ക് വാതിലുകൾ തുറന്നിടുന്നു.
തിരുവനന്തപുരം എയർപോർട്ട് വികസനത്തിന് ഇടങ്കോലിട്ട് ഏതറ്റം വരെയും പോകും എന്ന് പറഞ്ഞ കടകംപള്ളി സുരേന്ദ്രൻ ആദ്യം ചെയ്യേണ്ടത് സ്വന്തം മണ്ഡലത്തിലെ സൈനിക സ്കൂളിന് സംസ്ഥാനം കൊടുക്കാനുള്ള തുക നൽകി സാമ്പത്തിക ബാധ്യതയിൽ നിന്നും രക്ഷിക്കുക എന്നുള്ളതാണ്
ഉത്തർ പ്രദേശിൽ 78 പ്രോജക്റ്റുകൾ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. മറ്റ് വിമാനത്താവളങ്ങൾ സ്വകാര്യ കമ്പനികൾ ഏറ്റെടുത്തതോടെ ലാഭകരമായി.വിമാനത്താവളം വിപുലമായ സൗകര്യങ്ങളോടെ വികസിപ്പിച്ചാൽ അത് തലസ്ഥാന നഗരിയുടെ വികസന സ്വപ്നങ്ങളാണ്
സാക്ഷാത്കരിക്കുന്നത്.
അടുത്ത കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഇരുളടഞ്ഞ നഗരത്തിന് വേണ്ടിയാണോ സിപിഎം നിലനിൽക്കുന്നതെന്ന് വോട്ടർമാരോട് വ്യക്തമാക്കേണ്ടി വരും. തിരുവനന്തപുരത്തിന്റെ വികസനച്ചിറകുകൾ വിരിയണോ അതോ അരിയണോ ? അതാകട്ടെ അടുത്ത കോർപറേഷൻ തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ മുന്നിലെ ചോദ്യം!

https://www.facebook.com/kummanam.rajasekharan/posts/3231776773598754

 

shortlink

Related Articles

Post Your Comments

Related Articles


Back to top button