![](/wp-content/uploads/2020/10/murali.jpg)
കോഴിക്കോട്: യു.ഡി.എഫിൽ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കമ്യൂണിക്കേഷന്‍ ഗ്യാപ്പ് ഉണ്ടാവുന്നുവെന്ന് കെ.മുരളീധരന്‍ എം.പി. കേരള കോണ്‍ഗ്രസ് എം ജോസ് വിഭാഗം യു.ഡി.എഫ് വിട്ട സംഭവം നടക്കാന്‍ പാടില്ലാത്തതായിരുന്നെന്നും രണ്ട് പേരും ചില്ലറ വിട്ടുവീഴ്ചകള്‍ നടത്തേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരള കോണ്‍ഗ്രസ് എം ജോസ് വിഭാഗം കേവലം ജില്ലാ പഞ്ചായത്ത് സീറ്റിന്റെ പേരിലാണ് മുന്നണിക്ക് പുറത്തുപോയത്. കൂടുതല്‍ കക്ഷികള്‍ മുന്നണി വിട്ടുപോയാല്‍ പ്രവര്‍ത്തകരുടെ ആത്മവിശ്വാസത്തെ ബാധിക്കും. കെ.എം മാണിയും ആര്‍ ബാലകൃഷ്ണപ്പിള്ളയും വീരേന്ദ്രകുമാറും എല്ലാം ചേര്‍ന്നതായിരുന്നു പ്രബലമായ യു.ഡി.എഫ് മുന്നണി. അവരില്‍ ചിലര്‍ ഇന്നില്ലെങ്കിലും പിന്‍മുറക്കാര്‍ എല്‍.ഡി.എഫിനൊപ്പമാണ്. പലപ്പോഴും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കമ്യൂണിക്കേഷന്‍ ഗ്യാപ്പ് ഉണ്ടാവുന്നുവെന്നും ചര്‍ച്ചചെയ്താല്‍ തീരുന്ന പ്രശ്‌നമേ അവര്‍ക്കെല്ലാം ഉണ്ടായിരുന്നുള്ളൂവെന്നുമാണ് തനിക്ക് തോന്നുന്നതെന്ന് കെ.മുരളീധരന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
അധികാരം നിലനിര്‍ത്താന്‍ എന്ത് വൃത്തികെട്ട കളിയും കളിക്കുന്നവരാണ് എല്‍.ഡി.എഫ്. മാണിസാറിനെ ബഡ്ജറ്റ് അവതരിപ്പിക്കാന്‍ പോലും അനുവദിക്കാത്തവരായിരുന്നു അവരെന്ന് ഓര്‍ക്കണമെന്നും മുരളി പറഞ്ഞു.
ജോസ് കെ.മാണിയെ തിരികെ കൊണ്ടുവരാനൊന്നും താന്‍ ശ്രമം നടത്തിയിട്ടില്ല. അതിനുള്ള സവിശേഷ അധികാരമൊന്നും തനിക്ക് ആരും തന്നിട്ടില്ല. എങ്കിലും യു.ഡി.എഫിന് പുറത്ത് പോയവരെയെല്ലാം തിരികെ കൊണ്ടുവരണം. അതിനുളള ശ്രമം നടത്താന്‍ എല്ലാവരും തയ്യാറാവണം. എന്‍.സി.പിക്ക് യു.ഡി.എഫിലേക്ക് വരാന്‍ ഒരു തടസ്സവുമില്ല. അവരില്‍ പലരും ഇടതു മനസ്സുമായി ഒത്തുപോവാന്‍ ബുദ്ധിമുട്ടുന്നവരാണ്. എല്ലാവരേയും സ്വാഗതം ചെയ്യുകയാണെന്നും കെ.മുരളീധരന്‍ പറഞ്ഞു.
Post Your Comments