
തിരുവനന്തപുരം : പിണറായി വിജയന്‍ അധാര്‍മ്മിക രാഷ്ട്രീയത്തിന്റെ തലപ്പത്ത് നില്‍ക്കുന്ന നേതാവാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആരെയും അദ്ദേഹം സ്വീകരിക്കും, എന്തും പറയും, തരാതരം പറഞ്ഞ വാക്കുകള്‍ മാറ്റിപ്പറയുന്ന കാര്യത്തില്‍ ഒരു മടിയുമില്ലാത്ത നേതാവാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജോസ് കെ. മാണി മുന്നണി വിട്ടതുകൊണ്ട് യുഡിഎഫിന് ഒന്നും സംഭവിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. മാണിസാറിനോട് ക്രൂരമായ പെരുമാറ്റമാണ് ഇടതു മുന്നണിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ മാണിയ്‌ക്കെതിരെ സ്വീകരിച്ച തെറ്റായ നടപടിയെക്കുറിച്ച് ചോദിച്ചപ്പോള്‍ വളരെ ലാഘവത്തോടെയാണ് അദ്ദേഹം മറുപടി പറഞ്ഞതെന്നും മുല്ലപ്പള്ളി വിമർശിച്ചു.
ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു മനുഷ്യനോട് ഇത്രയും ക്രൂരമായി പെരുമാറിയിട്ടുണ്ടോ? മാണിസാര്‍ അഴിമതിക്കാരനാണെന്നും ബജറ്റ് അവതരിപ്പിക്കാന്‍ അവകാശമില്ലെന്നും പറഞ്ഞവരാണ് എല്‍ഡിഎഫുകാര്‍.കെ.എം മാണി കൈക്കൂലിക്കാരനാണെന്ന് തങ്ങള്‍ക്ക് ഇതുവരെയും ബോധ്യപ്പെട്ടിട്ടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
Post Your Comments