കൊച്ചി: സ്വർണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ഹൈക്കോടതിയിൽ ജാമ്യ ഹർജി നൽകി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യ ഹർജി നൽകിയത്.
കഴിഞ്ഞ ദിവസം ശിവശങ്കർ കൊച്ചിയിൽ ഹൈക്കോടതി അഭിഭാഷകനെ സന്ദർശിച്ച് നിയമോപദേശം തേടിയിരുന്നു. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് തടയുന്നത് അടക്കമുള്ള കാര്യങ്ങളിൽ നിയമോപദേശം തേടുന്നതിനാണ് അഭിഭാഷകനെ കാണാൻ ശിവശങ്കർ എത്തിയത്.
അതേസമയം ശിവശങ്കർ നൽകിയ മൊഴി വിശദമായി പരിശോധിക്കാന്‍ കസ്റ്റംസ് തീരുമാനം. മൊഴികളിൽ വൈരുധ്യങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് കസ്റ്റംസ് നടപടി. അന്വേഷണ സംഘത്തിന് മുമ്പാകെ നൽകിയ മൊഴിയില്‍ വിശദമായ പരിശോധനയ്ക്ക് ശേഷം ശിവശങ്കറില്‍ നിന്നും വീണ്ടും മൊഴിയെടുക്കാനാണ് കസ്റ്റംസ് തീരുമാനം. സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന മറ്റ് ഏജന്‍സികള്‍ക്ക് നൽകിയ മൊഴി കൂടി കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.
Post Your Comments