തിരുവനന്തപുരം: സ്വര്‍ണ-ഡോളര്‍ കടത്ത് കേസിൽ വന്‍ വഴിത്തിരിവ്. 2018ല്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ പ്രതിയായ കസ്റ്റംസ് ഉദ്യോഗസ്ഥ ആന്‍സി ഫിലിപ്പ് സ്വപ്‌ന സുരേഷിനെ ജയിലില്‍ സന്ദര്‍ശിച്ചതിനേക്കുറിച്ച് അന്വേഷണം ആരംഭിച്ചു. സ്വപ്നയെ സന്ദര്‍ശിച്ചത് ആന്‍സി ഫിലിപ്പ് തന്നെയാണെന്ന് കസ്റ്റംസ് സൂപ്രണ്ട് സ്ഥിരീകരിച്ചു. വിവാദ ഉദ്യോഗസ്ഥ രണ്ടു തവണയാണ് സ്വപ്നയെ കണ്ടത്. നവംബര്‍ 15ന് അഞ്ചു മണിക്കൂറോളം സ്വപ്നയുടെ സമീപം ചെലവഴിച്ചു. കൊഫേപോസ കേസിന്റെ ഉത്തരവ് നല്‍കാന്‍ എന്ന പേരിലായിരുന്നു നീണ്ടുനിന്ന സന്ദര്‍ശനം. ഇതിനു ശേഷമായിരുന്നു ഡോളര്‍ കടത്ത് കേസിലെ വിവാദമായ രഹസ്യമൊഴി സ്വപ്‌ന നല്‍കുന്നത്. അന്ന് അഞ്ചു മണിക്കൂര്‍ ചെലവഴിച്ചതില്‍ ദുരൂഹതയുണ്ടെന്നാണ് സംസ്ഥാന ഏജന്‍സികളുടെ വിലയിരുത്തല്‍.
നവംബര്‍ 18ന് കസ്റ്റംസ് സ്വപ്നയെ ചോദ്യം ചെയ്തു. 19ന് അറസ്റ്റു ചെയ്തു. നവംബര്‍ 19ലെ അറസ്റ്റ് രേഖപ്പെടുത്താനും ആന്‍സി ഫിലിപ്പ് എത്തി. നവംബര്‍ 25ന് കസ്റ്റഡിയില്‍ വാങ്ങി. ഡിസംബര്‍ മൂന്നിനാണ് സ്വപ്‌നയുടെ വിവാദമായ രഹസ്യമൊഴി രേഖപ്പെടുത്തിയത്. ചെന്നൈയില്‍ നിന്നും ഡെപ്യൂട്ടേഷനിലാണ് ആന്‍സി ഫിലിപ്പ് തിരുവനന്തപുരത്ത് വന്നത്. കേസില്‍ പ്രതിയായാല്‍ ഡെപ്യൂട്ടേഷന്‍ അവസാനിക്കണമെന്നിരിക്കെയാണിത്.
Read Also: പ്രതിരോധ ബന്ധം ശക്തമാക്കും; ഇന്ത്യക്ക് ഉറപ്പ് നൽകി ബൈഡൻ ഭരണകൂടം
2018 മാര്‍ച്ചില്‍ മുപ്പത് ലക്ഷം രൂപ വിലയുള്ള ഒരു കിലോ സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച കേസില്‍ കസ്റ്റംസ് സൂപ്രണ്ട് ആയിരുന്ന ആന്‍സി ഫിലിപ്പ്, കസ്റ്റംസ് ഹവില്‍ദാര്‍ റാണിമോള്‍, ട്രാവല്‍ ഏജന്‍സി ഉടമ ഷബീര്‍ അക്ബര്‍ ഖാന്‍ എന്നിവര്‍ പ്രതികളാണ്. മെറ്റല്‍ ഡിറ്റക്ടറിന്റെ സമീപത്ത് വെച്ച് റാണിമോള്‍ക്ക് ഷബീര്‍ സ്വര്‍ണം കൈമാറി. കസ്റ്റംസ് സൂപ്രണ്ട് ആന്‍സി ഫിലിപ്പിന്റെ അറിവോടെയായിരുന്നു ഇത്. ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പ്രതികളെ കൈയ്യോടെ പിടികൂടി.
Post Your Comments