Latest NewsKeralaNews

സംസ്ഥാനത്ത് സുനാമി ബാധിതര്‍ക്കായി നിര്‍മിച്ച് നല്‍കിയ വീടുകളുടെ വിവരങ്ങള്‍ തേടി സി.ബി.ഐ

കൊല്ലം : കൊല്ലം ജില്ലയില്‍ സുനാമി ബാധിതര്‍ക്ക് നിര്‍മിച്ച് നല്‍കിയ വീടുകളുടെ വിവരങ്ങള്‍ തേടി സി.ബി.ഐ. ഇതിനായി സി.ബി.ഐ ജില്ലാ ഭരണകൂടത്തെ സമീപിച്ചു. രണ്ട് സ്വകാര്യ ഏജന്‍സികള്‍ നിര്‍മിച്ച് നല്‍കിയ 30 വീടുകളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടാണ് സി.ബി.ഐ. ജില്ലാ ഭരണകൂടത്തിന് രേഖാമൂലം കത്ത് നല്‍കിയത്. വീടുകളുടെ നിര്‍മാണത്തിന് പണം മുടക്കിയവരെ കുറിച്ചുള്ള വിവരങ്ങളാണ് സി.ബി.ഐ ആരാഞ്ഞത്.

സര്‍ക്കാര്‍ രേഖകളിലുള്ള രണ്ട് ഏജന്‍സികള്‍ മാത്രമാണോ നിര്‍മാണത്തിനായുള്ള പണം മുടക്കിയത്, മറ്റേതെങ്കിലും വിദേശ ഏജന്‍സികളുടെ പണം നിര്‍മാണത്തിന് ലഭിച്ചിട്ടുണ്ടോ, വീടുകളുടെ ഗുണനിലവാരം ഉറപ്പാക്കാനുള്ള മാനദണ്ഡം സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നോ എന്നിവയാണ് കത്തിലെ പ്രധാന ചോദ്യങ്ങള്‍.

സുനാമി ബാധിതര്‍ക്കായി കൊല്ലത്ത് 2211 വീടുകളാണ് നിര്‍മിച്ചിരുന്നത്. ഇതില്‍ ഭൂരിപക്ഷം വീടുകളും നിര്‍മിച്ചത് സ്വകാര്യ ഏജന്‍സികളായിരുന്നു. ഇതില്‍ രണ്ട് ഏജന്‍സികള്‍ നിര്‍മിച്ച 30 വീടുകളുടെ നിര്‍മാണത്തിന്റെ രേഖകള്‍ അടങ്ങിയ ഫയലും സി.ബി.ഐ അവശ്യപ്പെട്ടിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് ആവശ്യപ്പെട്ട ഈ രേഖകള്‍ ജില്ലാ ഭരണകൂടം ഉടന്‍ സി.ബി.ഐക്ക് കൈമാറുമെന്നാണ് സൂചന.

ലൈഫ് മിഷന്‍ സംബന്ധിച്ച വിവാദങ്ങള്‍ നിലനില്‍ക്കുന്ന സമയത്ത് തന്നെയാണ് സുനാമി വീടുകളുടെ നിര്‍മാണത്തെ കുറിച്ചുള്ള വിവരങ്ങളും സിബിഐ തേടിയത്. അതേസമയം നിര്‍മാണം പൂര്‍ത്തിയാക്കി പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇത്തരത്തിലുള്ള വിവരങ്ങള്‍ സി.ബി.ഐ തേടാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button