തിരുവനന്തപുരം: സ്വന്തം സമുദായത്തെ മാത്രം സ്നേഹിക്കുന്നയാളാണ് മന്ത്രി കെ.ടി ജലീലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇടതുപക്ഷത്ത് എത്തിയിട്ടും ജലീൽ പഴയ തീവ്രവാദ നിലപാട് മാറ്റിയിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വെള്ളാപ്പള്ളി ജലീലിനെതിരെ ആഞ്ഞടിച്ചത്.
കെ.ടി ജലീലിന് സാമൂഹിക ക്ഷേമമല്ല, സ്വന്തം സമുദായ സ്നേഹമാണ് ഉള്ളത്. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ വൈസ് ചാൻസലർ സ്ഥാനത്തേക്കു ജലീൽ സ്വന്തം സുഹൃത്തിനെയാണ് നിയമിച്ചത്. ശ്രീനാരായണ ദർശനങ്ങൾ അറിയുന്ന ഒരാളെയാണ് ഈ സ്ഥാനത്ത് ഇരുത്തേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഇടതുപക്ഷത്ത് എത്തിയിട്ടും ജലീൽ പഴയ തീവ്രവാദ നിലപാട് മാറ്റിയിട്ടില്ല. ഖുറാൻ വിതരണം ചെയ്ത ജലീൽ ബൈബിളോ മഹാഭാരതമോ ആർക്കും കൊടുത്തിട്ടുമില്ല. ജലീൽ മന്ത്രിയായശേഷം നടത്തിയ നിയമനങ്ങളെല്ലാം ഒരു സമുദായത്തിൽനിന്ന് മാത്രമാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
ഇപ്പോഴുണ്ടായ വിവാദങ്ങളിലൊക്കെ ജലീലിന്‍റെ കർമ്മം എന്തായിരുന്നുവെന്ന് അറിയാൻ പാഴൂർ പടിവരെ പോകണമെന്നില്ലെന്നും ഭരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് സൂക്ഷ്മത കുറവുണ്ടായെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പിണറായിക്കൊപ്പം നിന്നവർ അഴിമതിയും അനാശാസ്യവും നടത്തി. അതിന്‍റെ ഫലമായാണ് ലൈഫ് മിഷൻ വിവാദമൊക്കെ ഉണ്ടായത്. പെണ്ണുങ്ങൾ കയറിയിറങ്ങി കാര്യം സാധിക്കുന്ന നിലയുണ്ടായതായും വെള്ളാപ്പള്ളി പറഞ്ഞു.
Post Your Comments