അബുദാബി: ഐപിഎല്ലില്‍ ദല്‍ഹിയെ തകര്‍ത്ത് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി മുംബൈ ഇന്ത്യന്‍സ്. ഡല്‍ഹിയെ 5 വിക്കറ്റിന് തകര്‍ത്താണ് മുംബൈ ഇന്ത്യന്‍സ് ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചത്. ഡല്‍ഹി ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം ക്വിന്റണ്‍ ഡീകോക്കിന്റെയും സൂര്യകുമാര്‍ യാദവിന്റെയും അര്‍ധസെഞ്ചുറികളുടെ പിന്‍ബലത്തിലാണ് മുംബൈ മറികടന്നത്. സ്കോര്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 162/4, മുംബൈ ഇന്ത്യന്‍സ് 19.4 ഓവറില്‍ 166/5.
162 റണ്‍സ് എന്ന ഭേദപ്പെട്ട വിജയലക്ഷ്യം നേരിടാനിറങ്ങിയ മുംബൈയ്ക്ക് തുടക്കത്തില്‍ തന്നെ 12 പന്തില്‍ 5 റണ്‍സ് മാത്രം എടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടമായി. റബാദയുടെ പന്തില്‍ അക്സര്‍ പട്ടേലിന് ക്യാച്ച് നല്‍കിയാണ് നായകന് മടങ്ങിയത്. എന്നാല്‍ പിന്നീട് എത്തിയ സൂര്യകുമാര്‍ യാദവും ഡികോക്കും ചേര്‍ന്ന് മുംബൈയെ കരകയറ്റി. ഇരുവരും തകര്‍ത്തടിച്ചതോടെ ഡല്‍ഹി പരാജയം ഉറപ്പിച്ചിരുന്നു. എന്നാല്‍ പത്താം ഓവറില്‍ ഡികോക്കിനെ പവലിയനിലേക്ക് പറഞ്ഞയച്ച് ഡല്‍ഹി ആശ്വസിച്ചു. 36 പന്തില്‍ 53 റണ്‍സുമായാണ് ഡികോക്ക് മടങ്ങിയത്.
എന്നാല്‍ ഡീകോക്ക് പുറത്തായശേഷം ആക്രമണച്ചുമതല ഏറ്റെടുത്ത സൂര്യകുമാര്‍ യാദവ് സ്കോര്‍ ബോര്‍ഡ് അധിവേഗം ചലിപ്പിച്ചു. 32 പന്തില്‍ 52 റണ്‍സെടുത്ത സൂര്യകുമാറിനെ റബാദ പുറത്താക്കുമ്പോള്‍ മുംബൈയുടെ വിജയ ലക്ഷ്യം അഞ്ചോവറില്‍ 33 റണ്‍സ് മാത്രമായിരുന്നു. പിന്നീട് ക്രീസിലെത്തിയ ഹര്‍ദ്ദിക് പാണ്ഡ്യയെ വന്നതിലും വേഗത്തില്‍ സ്റ്റോയിനിസ് പറഞ്ഞയച്ചു. പിന്നീട് എത്തിയ ഇഷാന് കിഷനും സമ്മര്‍ദമില്ലാതെ ബാറ്റ് ചെയ്തതോടെ ഡല്‍ഹി കൂടുതല്‍ സമ്മര്‍ദത്തിലായി 15 പന്തില്‍ 28 റണ്‍സെടുത്ത കിഷനെ റബാദ മടക്കിയെങ്കിലും പൊള്ളാര്‍ഡും(14 പന്തില്‍ 11 നോട്ടൗട്ട്) ക്രുനാല്‍ പാണ്ഡ്യയും(7 പന്തില്‍ 12 നോട്ടൗട്ട്) ചേര്‍ന്ന് മുംബൈയുടെ ജയം പൂര്‍ത്തിയാക്കി.
ഡല്‍ഹിക്കായി റബാദ 28 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ അക്സര്‍ പട്ടേലും അശ്വിനും സ്റ്റോയിനസും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ശിഖര്‍ ധവാന്റെയും (52 പന്തില്‍ 69) ശ്രേയസ് അയ്യരുടെയും (33 പന്തില്‍ 42) ഭേദപ്പെട്ട പ്രകടനമാണ് ഡല്‍ഹിക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. മുംബൈയ്ക്ക് വേണ്ടി ക്രുനാല്‍ പാണ്ഡ്യ 4 ഓവറില്‍ 26 റണ്‍സ് വഴങ്ങി 2 വിക്കറ്റും ട്രെന്‍ഡ് ബോള്‍ട്ട് ഒരു വിക്കറ്റും നേടി.
Post Your Comments