
ഐ.പി.എൽ 2023 ലെ വമ്പൻ ട്വിസ്റ്റ്! ചെന്നൈ-മുംബൈ ഫൈനൽ പ്രതീക്ഷിച്ചിരുന്ന ആരാധകരെ ഞെട്ടിച്ച് ഗുജറാത്ത് v/s മുംബൈ മത്സരഫലം. മുംബൈ ഇന്ത്യൻസിനെതിരായ രണ്ടാം ക്വാളിഫയർ പോരാട്ടത്തിൽ തകർപ്പൻ വിജയം കുറിച്ച് ഫൈനലിൽ പ്രവേശിച്ച് ഗുജറാത്ത് ടൈറ്റൻസ്. നിലവിലെ ചാമ്പ്യന്മാർ കൂടിയാണ് ഗുജറാത്ത്. 62 റൺസിൻ്റെ വമ്പൻ വിജയം കുറിച്ചുകൊണ്ടാണ് ടൈറ്റൻസ് ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുന്നത്.
മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയ 234 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിൻതുടർന്ന മുംബൈ ഇന്ത്യൻസിന് 18.2 ഓവറിൽ 171 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 38 പന്തിൽ 61 റൺസ് നേടിയ സൂര്യകുമാർ യാദവ്, 14 പന്തിൽ 43 റൺസ് നേടിയ തിലക് വർമ്മ എന്നിവർ മാത്രമാണ് മുംബൈ ഇന്ത്യൻസിന് വേണ്ടി തിളങ്ങിയത്. ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി മോഹിത് ശർമ്മ അഞ്ച് വിക്കറ്റ് നേടി.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് സീസണിലെ മൂന്നാം സെഞ്ച്വറി നേടിയ ഗില്ലിൻ്റെ മികവിലാണ് കൂറ്റൻ സ്കോർ കുറിച്ചത്. 60 പന്തിൽ 7 ഫോറും 10 സിക്സും ഉൾപ്പടെ 129 റൺസ് ഗിൽ അടിച്ചുകൂട്ടി. ഗില്ലിൻ്റെ മികവിൽ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 233 റൺസ് ഗുജറാത്ത് നേടി. ഫൈനൽ പോലും ആകുന്നതിന് മുൻപ് ഗിൽ പല റെക്കോർഡുകളും സ്വന്തം പേരിൽ എഴുതി ചേർത്തു. ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിന്‍റെ തലയില്‍ ഇത്തവണത്തെ ഓറഞ്ച് ക്യാപ്പ് സുരക്ഷിതം. സീസണിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ 14 മത്സരങ്ങളില്‍ 730 റണ്‍സുമായി മുന്നിലുണ്ടായിരുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം ഫാഫ് ഡുപ്ലസിസിന്‍റെ റെക്കോര്‍ഡാണ് ഗില്‍ മറികടന്നത്. ഇതിനകം ഗില്ലിന്‍റെ റണ്‍വേട്ട 851 പിന്നിട്ടുകഴിഞ്ഞു. ഈ സീസണില്‍ മൂന്ന് സെഞ്ചുറികള്‍ ഗില്‍ നേടിക്കഴിഞ്ഞു. സീസണില്‍ ടൈറ്റന്‍സ് ബാറ്റിംഗ് നിരയുടെ കരുത്ത് നിശ്ചയിച്ചത് തന്നെ ഗില്ലിന്‍റെ മാരക ഫോമാണ്. മുംബൈ ഇന്ത്യന്‍സിനെതിരെ രണ്ടാം ക്വാളിഫയറില്‍ 49 പന്തിലായിരുന്നു ഗില്ലിന്‍റെ മൂന്നക്കം.
Post Your Comments