മലയാള സിനിമയില്‍ വേറിട്ട അഭിനയ നിമിഷങ്ങള്‍ സമ്മാനിച്ചിട്ടുള്ള കലാകാരന്മാരാണ് നെടുമുടി വേണുവും, ഭരത് ഗോപിയും. മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടങ്ങളില്‍ ഇരുവരെയും ഒന്നിപ്പിച്ച് കൊണ്ട് മാറ്റമുള്ള ഒട്ടേറെ സിനിമകള്‍ പറഞ്ഞ പത്മരാജനും, ഭരതനും തങ്ങളെ ഒന്നിപ്പിച്ച് കൊണ്ട് ഇനിയും പറയാന്‍ കരുതിവച്ചിരുന്ന സിനിമകളെക്കുറിച്ച് തുറന്നു പറയുകയാണ് നടന്‍ നെടുമുടി വേണു. ഭരത് ഗോപി ഒരു നടനെന്നതിലുപരി തനിക്ക് ആരായിരുന്നുവെന്നും പൂര്‍വകാല ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് നെടുമുടി വേണു വ്യക്തമാക്കുന്നു.
‘അഗാധമായ സ്നേഹത്തിനൊപ്പം പരസ്പര ബഹുമാനവും ഞങ്ങള്‍ രണ്ടാളും മനസ്സില്‍ സൂക്ഷിച്ചു. ഒരുപാട് സിനിമകളില്‍ ഞങ്ങള്‍ക്ക് ഒന്നിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പുറമേ നിന്ന് നോക്കുന്നവര്‍ക്ക് അഭിനയത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ മത്സരിക്കുന്നതായി തോന്നിയിട്ടുണ്ടാവും. അത് തികച്ചും സ്വാഭാവികമായിരുന്നു. എത്ര നന്നായി അഭിനയിച്ചാലും മറുവശത്തുള്ള നടന്‍ അതിലും പത്തിരട്ടിയായി തിരിച്ചു തരുന്നത് പോലെയാണ് ഗോപിയേട്ടനൊപ്പം അഭിനയിക്കുമ്പോള്‍ തോന്നാറുള്ളത്. ഇതൊന്നും ബോധപൂര്‍വ്വം സംഭവിക്കുന്നതല്ല. അറിയാതെ വന്നു ചേരുന്നതാണ്. ഭരതേട്ടനും പത്മരാജനും മോഹനും ജോണ്‍പോളും ഗോപിച്ചേട്ടനെയും എന്നെയും വച്ച് കുറേ കഥകള്‍ പ്ലാന്‍ ചെയ്തിരുന്നു. ഗോപിച്ചേട്ടന്‍ തളര്‍ന്ന് വീണതിനെ തുടര്‍ന്ന് ആ ചലച്ചിത്ര സംരംഭങ്ങളെല്ലാം ഉപേക്ഷിക്കപ്പെട്ടു. വീണത് ഗോപി ചേട്ടനാണെങ്കിലും തളര്‍ന്നു പോയത് എന്നെ പോലെയുള്ളവരായിരുന്നു. അത്രയും പൊരുത്തമുള്ളവരുടെ കൂടെ അഭിനയിക്കാന്‍ കിട്ടുക പ്രയാസമാണ്. കാഴ്ചയില്‍ പരുക്കനാണെങ്കിലും ഒരു ചെറിയ തമാശ കേട്ടാല്‍ പോലും പൊട്ടിച്ചിരിക്കുന്ന ശുദ്ധ ഹൃദയനാണ് അദ്ദേഹം’. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയാണ് ഭരത് ഗോപിയെക്കുറിച്ച് നെടുമുടി വേണു പങ്കുവച്ചത്.
Post Your Comments