ഇടതൂർന്ന സുന്ദരമായ താടി ഉണ്ടെങ്കിൽ നന്നായി പരിചരിക്കേണ്ടതും അനിവാര്യമാണ്. താടി പരിചണത്തിൽ ഏറ്റവും പ്രാധാന്യം നൽകേണ്ടത് വൃത്തിക്കാണ്. പൊടിയും വിയർപ്പും അടിഞ്ഞു കൂടി നിരവധി പ്രശ്നങ്ങൾ താടിക്കാർ അഭിമുഖീകരിക്കേണ്ടതായി വരും. ഇതൊന്നും ശ്രദ്ധിച്ചില്ലെങ്കിൽ അലർജിയും താടിക്കൊഴിച്ചിലുമായിരിക്കും കാത്തിരിക്കുന്നത്. ആരോഗ്യമുള്ള താടിക്ക് ഒരിക്കലെങ്കിലും സ്പാ ചെയ്യുന്നത് നല്ലതാണ്. ഒരു സ്റ്റൈലിസ്റ്റിന്റെ സഹായം ഇതിനായി തേടാം. 5 ഘട്ടങ്ങളാണ് ഒരു സ്പാ ട്രീറ്റ്മെന്റിലുള്ളത്.
ആദ്യ ഘട്ടം അനുയോജ്യമായ ക്രീം താടിയില്‍ തേച്ചു പിടിപ്പിക്കുക എന്നതാണ്. ക്രീമുകൾ, ഷാംപൂ, ഓയിലുകൾ എന്നിവയിൽ ഏതു വേണമെങ്കിലും ഉപയോഗിക്കാം. താടിയുടെ സ്വഭാവം അനുസരിച്ച് വേണം ഇതു തിരഞ്ഞെടുക്കാൻ. താരൻ അകറ്റാനുളളത്, വളർച്ചയെ ത്വരിതപ്പെടുത്തുന്നത്, ഇഴകൾക്ക് തിളക്കവും മിനുസവും, വേരിന് ബലം എന്നിങ്ങനെ പല സ്വഭാവത്തിലുള്ള ക്രീമുകളുണ്ട്. ബ്രഷ് ഉപയോഗിച്ച് ആവശ്യമുള്ള അളവിൽ ക്രീം താടിയിൽ തേയ്ക്കണം.
താടിക്ക് ആവി കൊടുക്കുകയാണ് രണ്ടാം ഘട്ടം. ചുളിഞ്ഞു കിടക്കുന്ന ചർമം കൂടുതൽ വികസിക്കാന്‍ ഇതു സഹായിക്കും. വേരുകൾ തുറക്കും. ക്രീമിന് കൂടുതൽ ഓയിലി സ്വഭാവം ലഭിക്കാൻ ഇത് സഹായിക്കും. ഇങ്ങനെ 15 മിനിറ്റോളം ആവി കൊടുക്കണം.
ഇതിനുശേഷം നന്നായി മസാജ് ചെയ്യണം. വട്ടത്തിൽ കറക്കിയാണ് മസാജ് ചെയ്യേണ്ടത്. താടിയിഴകഴിലും വേരുകളിലുമൊക്കെ നന്നായി ക്രീം പിടിക്കണം. 10 മിനിറ്റോളം മസാജ് ചെയ്യുക.
സാധാരണ വെള്ളത്തിൽ താടി നന്നായി കഴുകണം. ക്രീമിന്റെ അംശമൊന്നും താടിയിൽ അവശേഷിക്കരുത്. സമയമെടുത്ത് പതുക്കെ വേണം കഴുകാൻ.
വെള്ളം നന്നായി ഒപ്പിയെടുത്തശേഷം താടിയിഴകള്‍ക്കിടിയിൽ വിരലോടിക്കുക. അപ്പോൾ ഒന്നിച്ചിരിക്കുന്ന താടികൾ വേർപ്പെടും. താടി നല്ല മിനുസത്തിൽ ആയിരിക്കും എന്നതിനാൽ ഡ്രയർ ഉപയോഗിച്ച് ഉണക്കിയെടുക്കുക.
Post Your Comments